അതിഥിത്തൊഴിലാളി ക്യാമ്പുകളില്‍ വ്യാപക പരിശോധന: നൂറ് കിലോ പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു; 149 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

അതിഥിത്തൊഴിലാളി ക്യാമ്പുകളില്‍ വ്യാപക പരിശോധന: നൂറ് കിലോ പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു; 149 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: എറണാകുളം ജില്ലയിലെ ആലുവയിലേയും പെരുമ്പാവൂരിലേയും അതിഥിത്തൊഴിലാളി ക്യാമ്പുകളില്‍ എക്സൈസിന്റെ വ്യാപക പരിശോധന. ആലുവയിലും പെരുമ്പാവൂരിലുമായി 53 ക്യാമ്പുകളിലാണ് പരിശോധന നടന്നത്. കഞ്ചാവ് ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ലഹരി വസ്തുക്കളും പിടിച്ചെടുത്തു. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ മാത്രം നൂറു കിലോയിലേറെയാണ്. ഇതുമായി ബന്ധപ്പെട്ട് 149 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിവിധ യൂണിറ്റുകളായി തിരിഞ്ഞാണ് തിങ്കള്‍ രാവിലെ മുതല്‍ പരിശോധന ആരംഭിച്ചത്. ആലുവ താലൂക്കില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന മാര്‍ക്കറ്റ്, കെഎസ്ആര്‍ടിസി പരിസരം, റെയില്‍വേ സ്റ്റേഷന്‍, തായിക്കാട്ടുകാര ഭാഗങ്ങളിലായിരുന്നു പരിശോധന. രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികളെ കഞ്ചാവുമായി അറസ്റ്റ് ചെയ്തു.

പെരുമ്പാവൂരില്‍ നടന്ന പരിശോധനയില്‍ ബസ് സ്റ്റാന്റിന് പിന്നിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക കെട്ടിടത്തില്‍ നിന്ന് 60 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. പ്ലാസ്റ്റിക് ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഉത്തര്‍പ്രദേശ് സ്വദേശി രഘുനാഥനെ (45) എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.

തുടര്‍ ദിവസങ്ങളില്‍ പരിശോധന വ്യാപിപ്പിക്കാനാണ് എക്സൈസ് തീരുമാനം. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ ബി. ടെനിമോന്റെ നിര്‍ദേശ പ്രകാരം സ്‌ക്വാഡ് സിഐ സജീവ് കുമാര്‍, പെരുമ്പാവൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ബിനീഷ് സുകുമാര്‍, ആലുവ ഇന്‍സ്പെക്ടര്‍ സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നുപരിശോധന.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.