'പൊതു സുരക്ഷക്ക് ഭീഷണിയാകും വിധം' ജീപ്പിൽ മുട്ടി; ഫുട്ബോൾ കസ്റ്റഡിയിലെടുത്ത​ പൊലീസ് പുലിവാല് പിടിച്ചു

'പൊതു സുരക്ഷക്ക് ഭീഷണിയാകും വിധം' ജീപ്പിൽ മുട്ടി; ഫുട്ബോൾ കസ്റ്റഡിയിലെടുത്ത​ പൊലീസ് പുലിവാല് പിടിച്ചു

കൊച്ചി: തിരുവനന്തപുരത്തെ മൈക്ക് സംഭവത്തിന്‌ പിന്നാലെ എറണാകുളത്ത് ഫുട്ബോൾ കസ്റ്റഡിയിലെടുത്ത​ പൊലീസ് പുലിവാല് പിടിച്ചു. നാല് ദിവസം മുമ്പ് നെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഗ്രൗണ്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഫുട്ബോളാണ് പൊലീസിന് ഇപ്പോൾ തലവേദനയായിരിക്കുന്നത്. ഉടമകൾ വന്ന് തിരികെ വാങ്ങാത്തതോടെ വെട്ടിലായ അവസ്ഥയിലാണ് പൊലീസ്.

പ്രദേശത്ത് ഒരു കൂട്ടം കുട്ടികൾ പന്ത് കളിക്കുന്നതിനിടെ വാഹന പരിശോധനയ്ക്കെത്തിയ പൊലീസിന്റെ ജീപ്പിൽ ഫുട്ബാൾ വന്നുകൊണ്ടു. ഇതേ തുടർന്ന് പൊലീസ് പന്ത് കസ്റ്റഡിയിലെടുത്തു. 

പന്ത് പിടിച്ചെടുത്തതോടെ കുട്ടികൾ പൊലീസിനെതിരെ തിരിഞ്ഞു. വീഡിയോയും പകർത്തി. ഇത് പുറത്തുവന്നതോടെയാണ് ഫുട്ബോൾ 'കസ്റ്റഡി' പാട്ടായതും പൊലീസ് പൊല്ലാപ്പിലായതും.

കുട്ടികളെത്തിയാൽ പന്ത് തിരികെ നൽകാമെന്ന് പൊലീസ് സന്നദ്ധത അറിയിച്ചെങ്കിലും ഇതുവരെ ആരും എത്തിയില്ല. കളത്തിൽ ആവേശത്തോടെ കുതിച്ചുപാഞ്ഞ പന്തിപ്പോൾ പനങ്ങാട് സ്റ്റേഷനിലെ മൂലയ്ക്കിരിപ്പാണ്.

വഴിയാത്രക്കാർക്ക് അപകടകരമാവുന്ന വിധത്തിൽ കളിച്ചിരുന്നതിനാലാണ് ഫുട്‌ബോൾ എടുത്തുകൊണ്ട് പോയതെന്നാണ് പോലീസിന്റെ ഭാഷ്യം. പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും മോശം പെരുമാറ്റമാണ് കുട്ടികളുടെ ഭാഗത്ത്‌ നിന്നും ഉണ്ടായത്. 

ഇതിനിടെ പൊലീസ് ജീപ്പിലേക്ക് പന്ത് അടിച്ചതിനെ തുടർന്നാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സ്റ്റേഷനിൽ നിന്ന് പന്ത് കൈപ്പറ്റാമെന്ന് അറിയിച്ചെങ്കിലും മൂന്ന് ദിവസമായിട്ടും ആരും വന്നില്ല. പന്ത് തട്ടി വാഹനയാത്രികർക്കുൾപ്പടെ ആർക്കെങ്കിലും അപകടമുണ്ടായാൽ എന്തുചെയ്യുമെന്നും പൊലീസ് ചോദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.