'ഓരോ മതത്തിനും ഒരു വിശ്വാസ പ്രമാണമുണ്ട്, അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയില്ല; ഷംസീറിന്റെ പ്രസ്താവനയ്‌ക്കെതിരെ എന്‍എസ്എസ് സര്‍ക്കുലര്‍

'ഓരോ മതത്തിനും ഒരു വിശ്വാസ പ്രമാണമുണ്ട്, അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയില്ല; ഷംസീറിന്റെ പ്രസ്താവനയ്‌ക്കെതിരെ എന്‍എസ്എസ് സര്‍ക്കുലര്‍

കോട്ടയം: ഹൈന്ദവ വിശ്വാസത്തെ വിമര്‍ശിച്ചുകൊണ്ട് പരാമര്‍ശം നടത്തിയ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ എന്‍എസ്എസ് പ്രതിഷേധത്തിലേക്ക്. ഓഗസ്റ്റ് രണ്ടിന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്നതിന് എല്ലാ താലൂക്ക് യൂണിനുകള്‍ക്കും എന്‍എസ്എസ് നിര്‍ദേശം നല്‍കി.
ഷംസീറിനു തല്‍സ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ലെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

സുകുമാരന്‍ നായരുടെ പ്രസ്താവന സര്‍ക്കാര്‍ അവഗണിച്ചതിനു പിന്നാലെയാണു പരസ്യ പ്രതിഷേധം. ഹൈന്ദവരുടെ ആരാധാനാമൂര്‍ത്തിയായ ഗണപതിയെ വിമര്‍ശിച്ചുള്ള ഷംസീറിന്റെ നിരൂപണം ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയെ നിയന്ത്രിക്കുന്ന വ്യക്തിക്കു യോജിച്ചതല്ലെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. പ്രസ്താവന അതിരുകടന്നു പോയെന്നും അദ്ദേഹം പറഞ്ഞു. ഓരോ മതത്തിനും വിശ്വാസ പ്രമാണങ്ങളുണ്ട്. അതിനെ ചോദ്യംചെയ്യാന്‍ ആര്‍ക്കും അര്‍ഹതയോ അവകാശമോ ഇല്ല. മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം അംഗീകരിക്കാനാവുന്നതല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍ക്ക് ജി. സുകുമാരന്‍ നായര്‍ അയച്ച സര്‍ക്കുലര്‍:

''നമ്മുടെ ആരാധനാമൂര്‍ത്തിയായ ഗണപതി ഭഗവാനെ സംബന്ധിച്ച് സംസ്ഥാന നിയമസഭാ സ്പീക്കര്‍ നടത്തിയ പരാമര്‍ശം നമ്മെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഗണപതി എന്നത് 'മിത്ത്' (കെട്ടുകഥ) ആണെന്നും ശാസ്ത്രീയമായ ഒന്നല്ല എന്നുമുള്ള അദ്ദേഹത്തിന്റെ പരാമര്‍ശമാണ് അതിനിടയാക്കിയത്. ഈ നടപടി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന, സ്പീക്കര്‍ തന്നെ ആയാലും ഒരുത്തര്‍ക്കും യോജിച്ചതല്ലെന്നും പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം അതിന്മേല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടി ഉണ്ടാകണം.

അതിനെ നിസാരവല്‍ക്കരിക്കുന്ന നിലപാടില്‍ ശക്തമായ പ്രതിഷേധമാണ് നമുക്കുള്ളത്. വിശ്വാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് രണ്ടിന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. എന്‍എസ്എസ് പ്രവര്‍ത്തകരും വിശ്വാസികളുമായിട്ടുള്ളവര്‍ രാവിലെ തന്നെ അവരവരുടെ വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തില്‍ എത്തി വഴിപാടുകള്‍ നടത്തുകയും വിശ്വാസ സംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാര്‍ഥിക്കുകയും ചെയ്യണം. ഇതിന്റെ പേരില്‍ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകാന്‍ പാടില്ലെന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു.''


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.