'പപ്പയെ താമസിച്ച സ്ഥലത്ത് തന്നെ അടക്കണം'... മുഖ്യമന്ത്രിയോട് രഞ്ജിത്തിന്റേയും രാഹുലിന്റേയും കണ്ണീരപേക്ഷ; ഹൃദയം നുറുങ്ങി ഒരു നാട്

'പപ്പയെ താമസിച്ച സ്ഥലത്ത് തന്നെ അടക്കണം'... മുഖ്യമന്ത്രിയോട്  രഞ്ജിത്തിന്റേയും രാഹുലിന്റേയും കണ്ണീരപേക്ഷ;  ഹൃദയം നുറുങ്ങി ഒരു നാട്

തിരുവനന്തപുരം: തങ്ങളുടെ പപ്പയെ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് കോടതിയുത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത നെയ്യാറ്റിന്‍കര വെണ്‍പകല്‍ സ്വദേശി രാജന്റെ മക്കളായ രഞ്ജിത്തും രാഹുലും മുഖ്യമന്ത്രിയോട് അപേക്ഷിച്ചു. മരിക്കും മുമ്പ് പപ്പ അപേക്ഷിച്ചത് നമ്മളെവിടെയാണോ താമസിച്ചത് അവിടെ അടക്കണമെന്നാണ്. എന്നാലേ പപ്പയ്ക്ക് മനശാന്തി കിട്ടൂവെന്നും മക്കള്‍ പറഞ്ഞു.

പൊള്ളലേറ്റ അമ്മ അമ്പിളിയുടെ സ്ഥിതിയും അതീവ ഗുരുതരമായി തുടരുകയാണ്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് രാജന്‍ മരിച്ചത്. 22നാണ് ഒഴിപ്പിക്കല്‍ സംഭവം അരങ്ങേറിയത്. ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിക്കുന്നത്.

കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജന്‍ ഭാര്യയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ലൈറ്റര്‍ കത്തിച്ചത്. ഇത് പോലീസ് തട്ടിമാറ്റുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു. 70ശതമാനത്തോളം പൊള്ളലേറ്റ രാജന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

സംഭവത്തില്‍ പോലീസിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. നെയ്യാറ്റിന്‍കര കോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കാന്‍ ജനുവരി നാലാം തീയതി വരെ സമയം ഉണ്ടായിട്ടും പോലീസ് ഉള്‍പ്പെടെ തിടുക്കം കാട്ടിയെന്നും ഭക്ഷണം കഴിക്കുന്നത് പൂര്‍ത്തിയാക്കാന്‍ പോലും സമ്മതിക്കാതെയാണ് രാജനെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചതെന്നും നാട്ടുകാര്‍ ആരോപിച്ചു. പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.