കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങൾ നഷ്ടത്തിൽ; കോഴിക്കോട് ലാഭത്തിൽ മൂന്നാമത്

കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങൾ നഷ്ടത്തിൽ; കോഴിക്കോട് ലാഭത്തിൽ മൂന്നാമത്

കോഴിക്കോട്: എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളിൽ ലാഭത്തിൽ കോഴിക്കോട് വിമാനത്താവളം മൂന്നാം സ്ഥാനത്ത്. 95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം കരിപ്പൂർ വിമാനത്താവളത്തിന്റെ ലാഭം. 

കൊൽക്കത്ത 482.30 കോടി, ചെന്നൈ169.56 കോടി എന്നിവയാണ് കോഴിക്കോടിന് മുന്നിലുള്ളത്. ലോക്‌സഭയിൽ എസ്.ആർ. പാർഥിപൻ എംപിയുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി വി.കെ. സിങ് നൽകിയ മറുപടിയിലാണ് വിമാനത്താവളങ്ങളുടെ ലാഭ നഷ്ടക്കണക്ക് വിശദമാക്കിയത്.

കഴിഞ്ഞ സാമ്പത്തികവർഷം 17 വിമാനത്താവളങ്ങൾ മാത്രമാണ് ലാഭം രേഖപ്പെടുത്തിയത്. 15 എണ്ണത്തിൽ ലാഭവും നഷ്ടവുമില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോവിഡ് പ്രതിസന്ധിമൂലം രണ്ടു വർഷം മാത്രമാണ് കോഴിക്കോട് വിമാനത്താവളം നഷ്ടത്തിലായത്.

പുനൈ 74.94 കോടി, ഗോവ 48.39 കോടി, തിരുച്ചിറപ്പള്ളി 31.51 കോടി, കൊച്ചി 26.17 കോടി എന്നിവയാണ് ലാഭത്തിലുള്ള മറ്റു വിമാനത്താവളങ്ങൾ. 115.61 കോടി നഷ്ടം രേഖപ്പെടുത്തിയ അഗർത്തലയാണ് നഷ്ടക്കണക്കിൽ മുന്നിലുള്ളത്.

തിരുവനന്തപുരം വിമാനത്താവളം 110.15 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. കണ്ണൂർ 131.98 കോടി രൂപ നഷ്ടത്തിലാണ്. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ (എൻഎംപി) പ്രകാരം കോഴിക്കോട് അടക്കം 25 വിമാനത്താവളങ്ങൾ 2025 വരെ പാട്ടത്തിനു വച്ചിരിക്കുകയാണെന്നും മന്ത്രി ലോക്‌സഭയിൽ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.