ഇന്ത്യയില്‍ നിന്നുളള കയറ്റുമതി നിരോധനം, യുഎഇയില്‍ അരി ക്ഷാമമുണ്ടാകില്ലെന്ന് വിപണി വിദഗ്ധർ

ഇന്ത്യയില്‍ നിന്നുളള കയറ്റുമതി നിരോധനം, യുഎഇയില്‍ അരി ക്ഷാമമുണ്ടാകില്ലെന്ന് വിപണി വിദഗ്ധർ

ദുബായ്: അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചതില്‍ ആശങ്കവേണ്ടെന്ന്. യുഎഇയിലെ വിപണി വിദഗ്ധർ. ജനങ്ങള്‍ക്ക് ആറുമാസത്തിലധികം ഉപയോഗിക്കാനുളള കരുതല്‍ ശേഖരം രാജ്യത്തുണ്ടെന്നും അരിക്ഷാമമുണ്ടാകില്ലെന്നും മേഖലയിലെ പ്രമുഖ വ്യാപാരികള്‍ വിലയിരുത്തുന്നു. ആവശ്യത്തിന് കരുതല്‍ ശേഖമുളളതിനാല്‍ നിരോധനം ബാധിക്കില്ലെന്നും വിപണി വിദഗ്ധർ പറയുന്നു.

കനത്ത മഴയും വെളളപ്പൊക്കവും നാശം വിതച്ചതോടെയാണ് വെളള അരിയുടെ കയറ്റുമതി ഇന്ത്യ താല്‍ക്കാലികമായി നിരോധിച്ചത്. പ്രാദേശിക വിപണിയില്‍ വിലക്കയറ്റമുണ്ടാകാതിരിക്കാനുളള മുന്‍കരുതല്‍ നടപടിയാണ് കയറ്റുമതി നിരോധനം. ഇന്ത്യ കയറ്റുമതി നിരോധിച്ചതിന്‍റെ ചുവടുപിടിച്ച് ഇന്ത്യയില്‍ നിന്നും കൊണ്ടു വരുന്ന അരി ഉല്‍പന്നങ്ങള്‍ക്ക് യുഎഇയും അടുത്ത നാല് മാസത്തേക്ക് കയറ്റുമതി നിരോധനം പ്രഖ്യാപിച്ചിരുന്നു.

ആറുമാസത്തേക്കുളള അരി കരുതിവച്ചതിനാല്‍ വിപണിയിലെ അരി വിതരണം നിലവില്‍ പര്യാപ്തമാണെന്ന് വില്‍പനക്കാർ വ്യക്തമാക്കുന്നു. എന്നിരുന്നാല്‍ തന്നെയും ദുബായിലെയും ഷാർജയിലേയും ചില വ്യാപാര സ്ഥാപനങ്ങള്‍ അരി വില്‍പനയില്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ബസുമതി അരിയ്ക്ക് നിരോധനം ബാധകമല്ല.ഇന്ത്യക്കാരുള്‍പ്പടെ വിവിധ രാജ്യക്കാരുടെ ഇഷ്ട അരികളില്‍ ഒന്നാണ് ബസുമതി അരി. അതോടൊപ്പം തന്നെ അരി ക്ഷാമമുണ്ടാകുന്നതായി സൂചന ലഭിച്ചാല്‍ തായ് ലന്‍റ്, പാകിസ്ഥാന്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള വിതരണക്കാരില്‍ നിന്ന് അരിവാങ്ങുന്നതും കച്ചവടസ്ഥാപനങ്ങള്‍ ആലോചിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ആഗോള കയറ്റുമതിയുടെ 40 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. കനത്ത മഴയില്‍ നെല്‍പാടങ്ങളില്‍ വെളളം കയറി കൃഷി നശിച്ചിരുന്നു. ഇതോടനുബന്ധിച്ച് പ്രാദേശികവിപണിയില്‍ അരി ലഭ്യത ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് കയറ്റുമതിയില്‍ നിയന്ത്രണം കൊണ്ടുവന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.