'മാപ്പുമില്ല, തിരുത്തുമില്ല, ഗണപതി മിത്തല്ലാതെ പിന്നെന്താ?'; ഷംസീര്‍ പറഞ്ഞതെല്ലാം ശരിയെന്ന് എം.വി ഗോവിന്ദന്‍

 'മാപ്പുമില്ല, തിരുത്തുമില്ല, ഗണപതി മിത്തല്ലാതെ പിന്നെന്താ?'; ഷംസീര്‍ പറഞ്ഞതെല്ലാം ശരിയെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: സ്പീക്കറുടെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്ത് ധ്രൂവികരണത്തിനായുള്ള ശ്രമത്തിനെതിരെ ജാഗ്രത വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തിരുത്തേണ്ടതൊന്നും ഷംസീറിന്റെ പ്രസ്താവനയില്‍ ഇല്ലെന്നും പറഞ്ഞതെല്ലാം ശരിയാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ഷംസീര്‍ മാപ്പുപറയാനും തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

ചരിത്രം ചരിത്രമായും സയന്‍സിനെ സയന്‍സായും മിത്തുകളെ മിത്തുകളായിട്ടും കാണണം. അതിനെ വര്‍ത്തമാന കാലവുമായി കൂട്ടിയിണക്കി അത് ശാസ്ത്രമാണെന്ന് പറയാന്‍ ആര്‍ക്കും പറ്റില്ല. അത്തരം തെറ്റായ പ്രവണതകളെ വച്ച് പൊറുപ്പിക്കാനാവില്ലെന്നും ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മതവിശ്വാസികള്‍ക്ക് എതിരെ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. വിശ്വാസികള്‍ അല്ലാത്തവര്‍ക്കും പ്രവര്‍ത്തിക്കാന്‍ ജനാധിപത്യ അവകാശമുണ്ട്. എന്നാല്‍ വിശ്വാസികള്‍ ഉയര്‍ത്തുന്ന നിലപാടിനോട് വിയോജിപ്പുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഗണപതിയെ ഇന്നത്തെ രീതിയില്‍ നമ്മള്‍ കാണുന്നത് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രൂപപ്പെടുത്തിയതാണെന്ന് പറഞ്ഞത് നരേന്ദ്ര മോഡിയാണ്. പിന്നീട് സയന്‍സ് കോണ്‍ഗ്രസില്‍ ആര്‍എസ്എസിനായി ശാസ്ത്രജ്ഞന്റെ വേഷം കെട്ടിയ ആള്‍ പറഞ്ഞത് പ്ലാസ്റ്റിക് സര്‍ജറി പണ്ടേയുണ്ടായിരുന്നെന്നാണ്. പുഷ്പകവിമാനം പണ്ടേ കണ്ടുപിടിച്ചതാണെന്നുമാണ്. ഇത്തരം കാര്യങ്ങളെ ഇങ്ങനെ ചരിത്രത്തിന്റെ ഭാഗമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തില്‍ തന്നെ ദശാവതാരങ്ങളില്‍ ഏറ്റവും പ്രധാനം പരശുരാമനാണ്. ഗോകര്‍ണ്ണത്ത് പോയി മഴു ചുഴറ്റി എറിഞ്ഞപ്പോള്‍ അത് കന്യാകുമാരിയില്‍ വീണു. അങ്ങനെ കടല്‍മാറി കരയായി. പിന്നീട് ആ കര ബ്രാഹ്മണന് നല്‍കി എന്നാണ് മിത്ത്. എന്നാല്‍ പരശുരാമന്റെ കേരളോത്പത്തിക്കും ആയിരക്കണക്കിന് കൊല്ലം മുന്‍പ് കേരളം രൂപപ്പെട്ടിരുന്നു. എന്നാല്‍ അതിന് അങ്ങനെയൊരു ഐതിഹ്യം കൊടുത്ത് ഫ്യൂഡല്‍ ജീര്‍ണതയുടെ ആശയതലം സ്വരൂപിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഇതിനെ നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ എതിര്‍ത്തത് ദാര്‍ശനികനായ ചട്ടമ്പി സ്വാമികളാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് എല്ലായിടത്തം ശാസ്ത്രം വികസിപ്പിച്ചത് അങ്ങനെയാണ്. ഭൂമി പരന്നതാണെന്ന് എല്ലാവരും പഠിപ്പിച്ചില്ലേ. അത് മാറിയില്ലേ. എന്നാല്‍ നമ്മള്‍ നേടിയിട്ടുള്ള ശാസ്ത്ര സാങ്കേതിക വളര്‍ച്ച പണ്ട് മുതലേ ഉള്ളതാണെന്നാണ് ആര്‍എസ്എസ് പറയുന്നതെന്ന് ഗോവിന്ദന്‍ പറഞ്ഞു.

വിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിന്റെ മുകളില്‍ കുതിര കയറരുത്. അതിനെ വിമര്‍ശിച്ചാല്‍ ഹിന്ദുക്കള്‍ക്കെതിരെയുള്ള പ്രചാര വേലയെന്ന് പറയുന്നത് ശരിയല്ല. ഷംസീറിനെതിരെ ആദ്യമായി രംഗത്തുവന്നത് സുരേന്ദ്രനാണ്. ബിജെപി പറയുന്നതിന് പിന്നാലെ കോണ്‍ഗ്രസ് പോകുകയാണ്. വിചാരധാരകള്‍ കയറി ഇറങ്ങട്ടെയെന്നാണ് സതീശന്‍ പറഞ്ഞത്. ഉള്ളിന്റെ ഉള്ളിലുള്ള വിചാരധാര ഗോള്‍വാള്‍ക്കറുടെതാണെന്നും ഗോവിന്ദന്‍ പരിഹസിച്ചു.

വിശ്വാസികള്‍ക്ക് വിശ്വാസികളുടേതായ രീതിയില്‍ പ്രവര്‍ത്തിക്കാം. അവിശ്വാസികള്‍ക്ക് അവരുടേതായ രീതിയില്‍ പ്രവര്‍ത്തിക്കാം. അതിനുള്ള ജനാധിപത്യ അവകാശം ഇന്ത്യയില്‍ ഉണ്ട്. ഇതിന്റെ പേരില്‍ ഒരാളുടെ മേലും കുതിര കയറാനുള്ള പോക്ക് ഒന്നുവേണ്ടതില്ല. ഇത്തരം കാര്യങ്ങളെല്ലാം സഹിഷ്ണുതയോടെ കേള്‍ക്കുകയും മനസിലാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരന്തരീക്ഷം നിലനിര്‍ത്തുന്നതാണ് നല്ലതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.