നിയമസഭാ സമ്മേളനം ഓഗസ്റ്റ് ഏഴ് മുതല്‍ 24 വരെ; സുപ്രധാന ബില്ലുകള്‍ പരിഗണനയ്ക്ക്

 നിയമസഭാ സമ്മേളനം ഓഗസ്റ്റ് ഏഴ് മുതല്‍ 24 വരെ; സുപ്രധാന ബില്ലുകള്‍ പരിഗണനയ്ക്ക്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തിന് ഓഗസ്റ്റ് ഏഴിന് തുടക്കമാകും. 24ന് സമാപിക്കും. പ്രധാനമായും നിയമ നിര്‍മ്മാണത്തിനായുള്ള സമ്മേളനം 12 ദിവസം ചേരുമെന്നും സുപ്രധാന ബില്ലുകള്‍ പരിഗണിക്കുമെന്നും സ്പീക്കര്‍ എ.എന്‍ ഷംസീര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സമ്മേളനത്തിന്റെ ആദ്യദിനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതിനു ശേഷം മറ്റു നടപടികളിലേക്ക് കടക്കാതെ സഭ പിരിയും. ഓഗസ്റ്റ് 11, 18 തിയതികള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായിട്ടാണ് വിനിയോഗിക്കുന്നത്.

മറ്റ് ദിവസങ്ങളിലെ നിയമ നിര്‍മ്മാണത്തിനായി മാറ്റിവയ്ക്കപ്പെട്ട സമയങ്ങളില്‍ സഭ പരിഗണിക്കേണ്ട ബില്ലുകള്‍ ഏതൊക്കെയാണെന്നത് ഏഴിന് ചേരുന്ന കാര്യോപദേശക സമിതി നിര്‍ദേശ പ്രകാരം ക്രമീകരിക്കും. ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംരക്ഷണം ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍ തുടങ്ങിയവ ഈ സമ്മേളനത്തില്‍ വരും. ഓഗസ്റ്റ് 14 നും 15 നും സഭ ചേരില്ല.

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ നിയമസഭാ അങ്കണത്തില്‍ നടത്തും. മുന്‍വര്‍ഷത്തേ പോലെ കൂടുതല്‍ അന്താരാഷ്ട്ര പ്രസാധകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സാഹിത്യ, സാമൂഹിക, കലാ, സാംസ്‌കാരിക രംഗങ്ങളില്‍ ലോക പ്രശസ്തരായ വ്യക്തിത്വങ്ങളെ പങ്കെടുപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടന്നും ഷംസീര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.