ഐഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കരുതിയ ഓസ്ട്രേലിയന്‍ കൗമാരക്കാരന്‍ സിറിയന്‍ ജയിലില്‍ ജീവനോടെയുണ്ടെന്ന് റിപ്പോര്‍ട്ട്

ഐഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കരുതിയ ഓസ്ട്രേലിയന്‍ കൗമാരക്കാരന്‍ സിറിയന്‍ ജയിലില്‍ ജീവനോടെയുണ്ടെന്ന് റിപ്പോര്‍ട്ട്

സിഡ്നി: ഒരു വര്‍ഷം മുന്‍പ് നടന്ന ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഓസ്ട്രേലിയന്‍ കൗമാരക്കാരന്‍ സിറിയന്‍ ജയിലില്‍ ജീവനോടെയുള്ളതായി പുതിയ വിവരം. 17-ാം വയസില്‍ കൊല്ലപ്പെട്ടതായി കരുതിയിരുന്ന യൂസഫ് സഹാബ് ആണ് വീഡിയോയില്‍ 'ജീവനോടെ' പ്രത്യക്ഷപ്പെട്ടത്. ആരോഗ്യവാനായാണ് കൗമാരക്കാരന്‍ വീഡിയോയില്‍ കാണപ്പെട്ടത്. യൂസഫ് ജീവനോടെയുണ്ടെന്ന വാര്‍ത്തകളില്‍ ഓസ്‌ട്രേലിയയിലുള്ള കുടുംബാംഗങ്ങള്‍ ആഹ്‌ളാദം പ്രകടിപ്പിച്ചതായി 'ദ ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തു.

ഒരു പതിറ്റാണ്ട് മുമ്പ് കുടുംബത്തിനൊപ്പം സിറിയയിലേക്ക് കൊണ്ടുപോകുമ്പോള്‍ യൂസഫ് സഹാബിന് വെറും 11 വയസായിരുന്നു പ്രായം. യൂസഫിന്റെ മൂത്ത സഹോദരന്മാര്‍ ഐഎസ് പോരാളികളും റിക്രൂട്ടര്‍മാരുമായിരുന്നു. സിറിയയിലെ ഐഎസിന്റെ അധീനതയിലുള്ള സ്ഥലത്തേക്കാണു കുടുംബം പോയത്. എന്നാല്‍ 2019-ല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനത്തിനുശേഷം 14 വയസുള്ള യൂസഫിനെ കുര്‍ദ് സൈന്യം അമ്മയില്‍നിന്നും വേര്‍പെടുത്തുകയും തീവ്രവാദികള്‍ക്കൊപ്പം ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു.

സ്വന്തം പേരില്‍ കുറ്റമൊന്നും ഇല്ലായിരുന്നെങ്കിലും 14 വയസ് മുതല്‍ യൂസഫ് തടവിലായിരുന്നു. തങ്ങളുടെ പോരാളികളെ മോചിപ്പിക്കാന്‍ ഐഎസ് പോരാളികള്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ജയിലില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് യൂസഫ് കൊല്ലപ്പെട്ടതെന്നാണ് അന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന വീഡിയോയില്‍ 19 വയസുള്ള യൂസഫ് സംസാരിക്കുന്നതായി കാണാം. സിറിയയുടെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ഹസാഖ നഗരത്തിലെ ജയിലിനുള്ളില്‍ ചിത്രീകരിച്ചതാണ് വീഡിയോയെന്ന് കരുതപ്പെടുന്നു.

വീഡിയോയില്‍, ടി-ഷര്‍ട്ട് ധരിച്ച യൂസഫ് സ്വന്തം പേരും മാതാപിതാക്കളുടെ പേരും പറയുന്നുണ്ട്. തീയതി 2022 സെപ്റ്റംബര്‍ 15 എന്നാണ് പറയുന്നത്. അതായത് വീഡിയോയ്ക്ക് ഏകദേശം ഒരു വര്‍ഷത്തോളം പഴക്കമുണ്ടെങ്കിലും, ജയിലിന് നേരെയുള്ള ഐഎസ് ആക്രമണത്തില്‍ നിന്ന് യൂസഫ് രക്ഷപ്പെട്ടുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

വീഡിയോ ഓസ്ട്രേലിയന്‍ അധികൃതര്‍ക്ക് കൈമാറുകയും ഓസ്ട്രേലിയയിലുള്ള യൂസഫിന്റെ കുടുംബാംഗങ്ങളെ കാണിക്കുകയും ചെയ്തു. ഐഎസിനെതിരെ പോരാടുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സും യൂസഫിനെ തിരിച്ചറിഞ്ഞു. അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ ഇക്കാര്യം സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ്.

യൂസഫ് ജീവിച്ചിരിപ്പുണ്ടെന്ന് പല സ്രോതസുകളില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു. യൂസഫ് സിറിയയിലേക്ക് പോകുമ്പോള്‍ തീരെ ചെറിയ കുട്ടിയായിരുന്നു. അന്നുമുതല്‍ അവന്‍ അനുഭവിച്ച യാതനകള്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഇപ്പോഴും കൗമാരക്കാരന്‍ കുടുംബത്തില്‍ നിന്ന് മാറി വടക്ക്-കിഴക്കന്‍ സിറിയയില്‍ ഒറ്റപ്പെട്ട് കഴിയുന്നതില്‍ ആശങ്കയുണ്ടെന്ന് കുടുംബം വ്യക്തമാക്കി.

യൂസഫിന്റെ അമ്മയും സഹോദരിയും സഹോദരിയുടെ കൊച്ചുകുട്ടികളും ഇപ്പോള്‍ വടക്കുകിഴക്കന്‍ സിറിയയിലെ തടങ്കല്‍പ്പാളയത്തിലാണ്. യൂസഫിന്റെ സഹോദരങ്ങളായ ഖാലിദും ഐഎസ് റിക്രൂട്ടറായ മുഹമ്മദും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.

യൂസഫിനെപ്പോലെ നാല്‍പതോളം ഓസ്‌ട്രേലിയന്‍ കുട്ടികളെങ്കിലും വടക്കുകിഴക്കന്‍ സിറിയയിലെ ക്യാമ്പുകളില്‍ നരക യാതന അനുഭവിച്ച് കഴിയുന്നുണ്ടെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ കുട്ടികളെ രക്ഷിക്കാനുള്ള മാര്‍ഗം അവരെയും അവരുടെ അമ്മമാരെയും ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരികയാണെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു.

സിറിയയില്‍ കുടുങ്ങിക്കിടക്കുന്ന ഓസ്ട്രേലിയക്കാരെ നാട്ടിലെത്തിക്കുന്നതിനായി ഓസ്ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാര്‍ രണ്ട് ദൗത്യങ്ങള്‍ ആരംഭിച്ചിരുന്നു. 2019 ല്‍, ഗര്‍ഭിണിയായ കൗമാരക്കാരി ഉള്‍പ്പെടെ എട്ട് അനാഥരായ കുട്ടികളെ ക്യാമ്പുകളില്‍ നിന്ന് ന്യൂ സൗത്ത് വെയില്‍സിലേക്ക് തിരിച്ചെത്തിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ നാല് സ്ത്രീകളെയും 13 കുട്ടികളെയും തിരികെ കൊണ്ടുവന്നു.

അതേസമയം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യം വിട്ടുപോയവര്‍ തിരിച്ചുവരുന്നത് സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

കൂടുതല്‍ വായനയ്ക്ക്:

ഓസ്‌ട്രേലിയന്‍ കൗമാരക്കാരന്‍ ഐ.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു; സിറിയയിലെത്തിയത് 11-ാം വയസില്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.