ലോക്‌സഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ നിന്നുള്ള നേതാക്കളുടെ യോഗം ഇന്ന് ഡൽഹിയിൽ

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ നിന്നുള്ള നേതാക്കളുടെ യോഗം ഇന്ന് ഡൽഹിയിൽ


തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് നേതാക്കളുടെ യോഗം ഡൽഹിയിൽ ചേരും. എഐസിസി ആസ്ഥാനത്ത് വൈകീട്ട് മൂന്ന് മണിക്കാണ് യോഗം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ രാഹുൽ ഗാന്ധി, സംഘടനാകാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തുടങ്ങിയവർ പങ്കെടുക്കും.

കെപിസിസി ഭാരവാഹികളും എംപിമാരും അടക്കം 25 ഓളം പേർ യോഗത്തിൽ പങ്കെടുക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും യോഗത്തിൽ ചർച്ചയാകും. ബ്ലോക്ക് പുനഃസംഘടനയുമായി ബന്ധപ്പെട്ട് എ-ഐ ഗ്രൂപ്പ് നേതാക്കൾ യോഗത്തിൽ അതൃപ്തി അറിയിച്ചേക്കും. കെപിസിസി പുനഃസംഘടന വൈകുന്നതടക്കുള്ള അതൃപ്തിയും യോഗത്തിൽ ഉയർന്നേക്കും.

കർണാടകയിൽ നിന്നുള്ള പാർട്ടി നേതാക്കളുമായി കോൺഗ്രസ് കേന്ദ്രനേതൃത്വം കഴിഞ്ഞദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് വെച്ചു ചേർന്ന യോഗത്തിൽ, തിരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെയാവണമെന്നത് ചർച്ചയായി. പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള ദേശീയ നേതാക്കളും കർണാടകയിൽ നിന്നുള്ള മന്ത്രിമാരും നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പ് നേരിടുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും തിരഞ്ഞെടുപ്പ് ഉത്തരവാദിത്തങ്ങൾ എന്തെന്ന് ചർച്ചചെയ്യുന്നതിനും മന്ത്രിമാരും എംഎൽഎമാരും ഡൽഹി സന്ദർശിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ചൊവ്വാഴ്ച പറഞ്ഞിരുന്നു. ചില മന്ത്രിമാരുമായി തങ്ങൾക്ക് ആശയവിനിമയം സാധ്യമാവുന്നില്ലെന്നും വികസനപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് ലഭിക്കുന്നില്ലെന്നുമുള്ള എംഎൽഎമാരുടെ പരാതിയും യോഗത്തിൽ ചർച്ച ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.