ദുബായ്: രാജ്യത്തെ ഭാവി മുന്നില്‍ കണ്ടുകൊണ്ട് നൂതന പദ്ധതികൾ അസാധാരണമായി നടപ്പിലാക്കിയതിന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന് (ജിഡിആർഎഫ്എ) ഫ്യൂച്ചർ ഫിറ്റ് സീൽ അംഗീകാരം. വകുപ്പിന്‍റെ കീഴിൽ ദുബായ് വിമാനത്താവളത്തില്‍ പ്രവർത്തിക്കുന്ന സ്മാർട്ട് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിനാണ് അംഗീകാരം ലഭിച്ചത്. ഈ നേട്ടം കരസ്ഥമാക്കുന്ന യുഎഇ യിലെ ആദ്യത്തെ ലോക്കൽ ഗവണ്‍മെന്‍റ് സ്ഥാപനമാണ് ജിഡിആർഎഫ്എ.
ഭാവിയെ ലക്ഷ്യമാക്കി കൊണ്ട് അതിനൂതന പദ്ധതികൾ നടപ്പിലാക്കുന്ന ഫെഡറൽ പ്രാദേശിക സർക്കാർ സ്ഥാപനങ്ങൾക്ക് നൽകുന്ന ശ്രദ്ധേയമായ അംഗീകാരമാണ് ഫ്യൂച്ചർ ഫിറ്റ് സീൽ. മാനുഷികമായ രൂപകൽപ്പന, സാമൂഹിക സ്വാധീനം, ദേശീയ സാമ്പത്തിക മൂല്യം, സുസ്ഥിരത, നവീകരണം, ഡിജിറ്റൽ സന്നദ്ധത എന്നിവയുൾപ്പെടെ നിരവധി മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഫ്യൂച്ചർ ഫിറ്റ് സീൽ നൽകുന്നത്.
ബയോമെട്രിക് ഫിംഗർപ്രിന്‍റ് സംവിധാനം, സ്മാർട്ട് ഇടനാഴി, മറ്റ് ഡിജിറ്റൽ കണ്ടുപിടുത്തങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബോർഡർ മാനേജ്‌മെന്‍റിന്‍റെ പ്രാഥമിക കേന്ദ്രമാണ് സ്മാർട്ട് കമാൻഡ് ആൻഡ് കൺട്രോൾ സെൻട്രർ. യുഎഇ ഗവൺമെന്‍റ് ഡെവലപ്മെന്‍റ് ആൻഡ് ഫ്യൂച്ചർ മന്ത്രി ഒഹൂദ് ബിൻത് ഖൽഫാൻ അൽ റൗമി ദുബായ് വിമാനത്താവളസന്ദർശന വേളയിലാണ് പുരസ്കാരം സമ്മാനിച്ചത്.
ജിഡിആർഎഫ്‌എ ദുബായ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയും മറ്റു ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. സ്മാർട്ട് കമാൻഡ് ആൻഡ് കൺട്രോൾ സെൻട്രറിന് പുറമേ ദുബായ് വിമാനത്താവളത്തിലെ കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടർ, സ്മാർട്ട് ഗേറ്റ് പാത തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ സംഘം സന്ദർശനം നടത്തി. സജീവവും നൂതനവുമായ പദ്ധതികള്‍ സൃഷ്ടിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ജിഡിആർഎഫ്എയുടെ നിരന്തരമായ ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു.
സ്‌മാർട്ട് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍റർ സർക്കാർ പ്രവർത്തനങ്ങളിലെ ഒരു വലിയ കുതിച്ചുചാട്ടത്തെ പ്രതിനിധീകരിക്കുന്നു. ഡേറ്റയും നൂതന സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി ഗുണമേന്മയുള്ളതും സജീവവുമായ തീരുമാനങ്ങൾ ഈ കേന്ദ്രം വഴി സാധ്യമാക്കുന്നുവെന്ന് മേധാവി ലെഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. ഭാവി ദീർഘവീക്ഷണത്തിൽ രാജ്യത്തെ ഭരണാധികാരികളുടെ നേതൃത്വം പിന്തുടരുന്ന ജിഡിആർഎഫ്എയ്ക്ക് ഫ്യൂച്ചർ ഫിറ്റ് സീൽ വലിയ പ്രോത്സാഹനമാണെന്നും അദ്ദേഹം പറഞ്ഞു.
ഡേറ്റാ വിശകലനത്തെ അടിസ്ഥാനമാക്കി മുൻകൂർ സൗകര്യമൊരുക്കി സ്മാർട്ട് കൺട്രോൾ സെന്‍റർ യാത്രകളില്‍ വലിയ മാറ്റങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. പരമ്പരാഗത കൗണ്ടറുകൾക്ക് പകരം സ്‌മാർട്ട് ഗേറ്റുകൾ ഉപയോഗിച്ചത് വഴി 121 മില്യൺ ദിർഹത്തിൽ കൂടുതലുള്ള സാമ്പത്തിക നേട്ടം സാധ്യമായി. ഇ സ്‌മാർട്ട് ഇടനാഴിയും സ്‌മാർട്ട് ഗേറ്റുകളും നടപ്പിലാക്കി. രേഖകളുടെ ആവശ്യമില്ലാതെ യാത്രക്കാരുടെ സഞ്ചാരം വേഗത്തിലാക്കാൻ നിർമ്മിത ബുദ്ധി ഉപയോഗിക്കുന്ന ഗ്ലോബൽ ഫസ്റ്റ്, സജീവമായ യാത്രാ സേവനങ്ങളുടെയും ഓട്ടോമേറ്റഡ് ഇടപാടുകളുടേയും കാര്യക്ഷമത വർദ്ധിപ്പിക്കുന്നു.
ഭാവിയെ കേന്ദ്രീകരിച്ച് , ജിഡിആർഎഫ്എ, മനുഷ്യസ്പർശമില്ലാതെ ഇന്‍റർനെറ്റ് ഓഫ് തിംഗ്‌സ് വഴി വിദൂര സഞ്ചാരികളുടെ ആശയവിനിമയം ഉൾപ്പെടെ മികച്ച പുതിയ ആശയങ്ങൾ നിരന്തരമായി പരീക്ഷിക്കുന്നു. ഭാവിയില്‍ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി നിർമ്മിത ബുദ്ധി ഉപയോഗിച്ച് നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കായി ഭാവിയില്‍ നിരവധി തൊഴിലവസരങ്ങളുമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.