വയോജന കേന്ദ്രത്തിലെ ദുരൂഹ മരണം; സ്റ്റെഫൈലോകോസ് ഒറിയസ് ബാക്ടീരിയകളുടെ സാന്നിധ്യമെന്ന് കണ്ടെത്തല്‍

വയോജന കേന്ദ്രത്തിലെ ദുരൂഹ മരണം; സ്റ്റെഫൈലോകോസ് ഒറിയസ് ബാക്ടീരിയകളുടെ സാന്നിധ്യമെന്ന് കണ്ടെത്തല്‍

കൊച്ചി: മൂവാറ്റുപുഴ വയോജന കേന്ദ്രത്തിലെ ദുരൂഹ മരണങ്ങളുടെ കാരണം സ്റ്റെഫൈലോകോസ് ഒറിയസ് ബാക്ടീരിയകളുടെ സാന്നിധ്യമാണെന്ന് കണ്ടെത്തല്‍. നഗരസഭയും വയോജന കേന്ദ്രവും സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. പ്രത്യേക മെഡിക്കല്‍ സംഘം നടത്തിയ പരിശോധനാ ഫലം കൂടി ഇനി ലഭ്യമാകാനുണ്ട്.

മരിച്ച വയോജനങ്ങളുടെ കാലില്‍ നിന്നെടുത്ത സ്രവസാമ്പിളുകള്‍ നഗരസഭയും വയോജന കേന്ദ്രവും പരിശോധന നടത്തിയപ്പോഴാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. സാധാരണ ഗതിയില്‍ ഈ ബാക്ടീരിയകള്‍ മനുഷ്യ ശരീരത്തില്‍ കണ്ടെത്തിയാല്‍ അത് അത്ര ഗുരുതരമല്ലെന്നാണ് പറയുന്നത്. എന്നാല്‍ വളരെ പ്രായം ചെന്നവരുടെ ശരീരത്തിന് പ്രതിരോധ ശേഷി കുറവായതിനാല്‍ ബാക്ടീരിയ മറ്റ് രോഗങ്ങളിലേക്കും മരണത്തിലേക്കും വഴിവയ്ക്കാമെന്ന പ്രാഥമിക നിഗമനത്തിലാണ് ഇപ്പോള്‍ നഗരസഭ. പ്രത്യേക മെഡിക്കല്‍ സംഘം നടത്തിയ പരിശോധനാ ഫലം കൂടി പുറത്ത് വന്നാല്‍ മാത്രമേ ഇക്കാര്യം മുഴുവനായും സ്ഥിരീകരിക്കാന്‍ സാധിക്കൂ.

അതേസമയം വയോജനങ്ങളുടെ ദുരൂഹ മരണത്തില്‍ ആര്‍ക്കാണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്തണമെന്ന് ചൂണ്ടിക്കാട്ടി മാത്യു കുഴല്‍ നാടന്‍ എംഎല്‍എ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപെട്ടാണ് കത്ത്. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. അന്തേവാസികളെ ഗാന്ധിഭവനിലേക്ക് മാറ്റുന്ന കാര്യം പരിഗണനയിലാണെന്നും മാത്യു കുഴല്‍ നാടന്‍ എംഎല്‍എ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.