'സ്പീക്കര്‍ സ്ഥാനത്തിന് അര്‍ഹനല്ല'; എ.എന്‍ ഷംസീറിനെതിരെ രാഷ്ട്രപതിയ്ക്ക് പരാതി

'സ്പീക്കര്‍ സ്ഥാനത്തിന് അര്‍ഹനല്ല'; എ.എന്‍ ഷംസീറിനെതിരെ രാഷ്ട്രപതിയ്ക്ക് പരാതി

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തിനെതിരെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് പരാതി. അഭിഭാഷകനായ കോശി ജേക്കബ് ആണ് പരാതി നല്‍കിയത്. സ്പീക്കറെ ഉടനെ മാറ്റണമെന്നും ഷംസീര്‍ ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും സ്പീക്കര്‍ പദവി ദുരുപയോഗം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ മുറിവുണ്ടാക്കുന്ന പ്രസ്താവനയാണ് സ്പീക്കര്‍ നടത്തിയത്. അത് വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണെന്ന് അഭിഭാഷകന്‍ പരാതിയില്‍ വ്യക്തമാക്കി. അതേസമയം, ശാസ്ത്രത്തെ പ്രമോട്ട് ചെയ്യുകയെന്നാല്‍ വിശ്വാസത്തെ തള്ളിപ്പറയലല്ലെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. കേരളം മത നിരപേക്ഷതയുടെ മണ്ണാണ്. ഭിന്നിപ്പുണ്ടാക്കാന്‍ ഒരു ശക്തിയേയും അനുവദിക്കരുതെന്നും ഷംസീര്‍ പറഞ്ഞു. മലപ്പുറത്തെ സ്‌കൂള്‍ കെട്ടിട ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

എല്ലാ മതവിശ്വാസികളെയും ബഹുമാനിക്കുന്നതാണ് കേരള സംസ്‌കാരം. ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും കാവിവത്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ എതിര്‍ക്കാം, എന്നാല്‍ വസ്തുതകളല്ലാത്തത് പ്രചരിപ്പിക്കരുതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. എല്ലാ ജാതിയിലും മതത്തിലും പെട്ടവര്‍ക്ക് ഒരുപോലെ ഒന്നിച്ചിരിക്കാന്‍ സാധിക്കണം. അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സാധിക്കണം. അതാണ് കേരളം. നോമ്പുതുറക്കാന്‍ മുസ്ലീം സഹോദരങ്ങളല്ലാത്തവരെ ക്ഷണിക്കുന്നു. ഓണം കേരളീയരുടെ ദേശീയ ആഘോഷമാണെങ്കിലും അത് മുഖ്യമായും ആഘോഷിക്കുന്നത് ഹിന്ദുമത വിശ്വാസികളാണ്. അവര്‍ മുസ്ലീം സഹോദരങ്ങളെ ക്ഷണിക്കുന്നു. ഇതാണ് കേരളം.

വൈകുന്നേരത്തെ ബാങ്കുവിളി കേള്‍ക്കുമ്പോഴാണ് സന്ധ്യാനാമം ജപിക്കേണ്ട കാര്യം ഹിന്ദുമതവിശ്വാസികള്‍ക്ക് ഓര്‍മ്മ വരുന്നത്. അതാണ് കേരളം. നമുക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് ഉണ്ടാകേണ്ടതെന്നും ഷംസീര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.