പോക്‌സോ കേസ്: ഇരയാവുന്ന കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

പോക്‌സോ കേസ്: ഇരയാവുന്ന കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. ഇതിനായി സമഗ്ര പദ്ധതിക്ക് രൂപ നല്‍കുകയോ അല്ലെങ്കില്‍ നിലവിലുള്ള നഷ്ടപരിഹാര പദ്ധതിയില്‍ ഭേദഗതി വരുത്തുകയോ ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു.
പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഇരകളായ കുട്ടികള്‍ക്ക് നഷ്ടപരിഹാരത്തിനുള്ള പദ്ധതി കേരളത്തില്‍ ഇല്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്.

ലൈംഗിക അതിക്രമത്തിന് ഇരയായ രണ്ട് കുട്ടികള്‍ക്ക് അരലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ആലപ്പുഴ പോക്‌സോ കോടതി ഉത്തരവിട്ടതിനെതിരെ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി ഹര്‍ജി നല്‍കിയിരുന്നു. അത് പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. ആലപ്പുഴ പോക്‌സോ കോടതിയുടെ ഉത്തരവില്‍ തെറ്റില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ 2017 ല്‍ രൂപം നല്‍കിയിരുന്നു. പിന്നീട് 2021 ല്‍ ഭേദഗതി വരുത്തി. ഇതുപ്രകാരം അക്രമത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. എന്നാല്‍ പോക്‌സോ കേസിലെ ഇരകള്‍ക്ക് നഷ്ടപരിഹാരത്തിനു വ്യവസ്ഥ ഇല്ലായിരുന്നു. ഭേദഗതി വരുത്തിയിട്ടും ഇരകളായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നഷ്ടപരിഹാരം ബാധകമാക്കിയിട്ടില്ലെന്നു വിലയിരുത്തിയാണ് കോടതി നിര്‍ദേശം.

എത്രയും വേഗം പദ്ധതി രൂപീകരിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യണം. അതുവരെ പോക്‌സോ കേസിലെ ഇരകള്‍ക്ക് നാഷനല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പദ്ധതി പ്രകാരം നഷ്ടപരിഹാരം അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.