ആശുപത്രിയില്‍ യുവതിയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ വന്‍ ആസൂത്രണം; പദ്ധതിയിട്ടത് എയര്‍ എംബോളിസത്തിലൂടെ കൊല നടത്താന്‍

ആശുപത്രിയില്‍ യുവതിയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ വന്‍ ആസൂത്രണം; പദ്ധതിയിട്ടത് എയര്‍ എംബോളിസത്തിലൂടെ കൊല നടത്താന്‍

പത്തനംതിട്ട: നഴ്‌സ് വേഷത്തില്‍ ആശുപത്രിയില്‍ എത്തി യുവതിയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ വന്‍ ആസൂത്രണം നടന്നതായി പൊലീസ്. എയര്‍ എംപോളിസം എന്ന മാര്‍ഗത്തിലൂടെ കൊലപാതകം നടത്താനാണ് പ്രതിയായ അനുഷ ആസൂത്രണം ചെയ്തത്. യുവതിയുടെ ഭര്‍ത്താവിനെ സ്വന്തമാക്കുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം.

കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്‌നേഹയാണ് (24) ആക്രമിക്കപ്പെട്ടത്. സ്‌നേഹയുടെ ഭര്‍ത്താവ് അരുണിന്റെ സുഹൃത്താണ് അനുഷ. അരുണും അനുഷയും കോളജ് കാലഘട്ടം മുതല്‍ അടുപ്പത്തിലായിരുന്നുവെന്ന് വിവരമുണ്ട്. പ്രസവ ശേഷം റൂമില്‍ വിശ്രമിക്കുകയായിരുന്നു സ്‌നേഹ. അനുഷ കുത്തിവെപ്പെടുക്കാനെന്ന വ്യാജേനെയെത്തി അപായപ്പെടുത്താനാണ് ശ്രമിച്ചത്. ആശുപത്രി ജീവനക്കാരുടെ സമയോചിത ഇടപെടലാണ് കൊലപാതക ശ്രമം പൊളിച്ചത്.

സംശയം തോന്നിയ ആശുപത്രി ജീവനക്കാര്‍ അനുഷയെ തടഞ്ഞുവച്ച് ചോദ്യം ചെയ്യുകയായിരുന്നു. യുവതിക്ക് ഹൃദയാഘാതമുണ്ടായെങ്കിലും അപകട നില തരണം ചെയ്തു. 120 മില്ലി ലിറ്ററിന്റെ സിറിഞ്ച് പ്രതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഇന്ന് തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കും.
എന്താണ് എയര്‍ എംബോളിസം

രക്തധമനികളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്നതാണ് എയര്‍ എംബോളിസം. രക്ത ചംക്രമണത്തിലേക്ക് വായു പ്രവേശിക്കുന്നതോടെ മരണം വരെ സംഭവിക്കാം. ശ്വാസകോശം അമിതമായി വികാസിക്കുകയും ഹൃദയാഘാതം സംഭവിക്കാനും സാധ്യതയുണ്ട്. സിരയിലൂടെയോ ധമനിയിലൂടെയോ വായു കടത്തിവിടുമ്പോഴുണ്ടാകുന്ന അപൂര്‍വ സങ്കീര്‍ണതയാണ് വെനസ് എയര്‍ എംബോളിസം. എംബോളിസം കാര്യമായ സംഭവിക്കുകയാണെങ്കില്‍ ഹൃദയം, ശ്വാസകോശം അല്ലെങ്കില്‍ കേന്ദ്ര നാഡീവ്യൂഹം എന്നിവയെ ബാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.