അബുദാബി: അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് പത്തു മാസം തികയും മുന്‍പ് ഓഹരി ഉടമകള്‍ക്ക് ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ച് ബുര്‍ജീല്‍ ഹോള്‍ഡിങ്സ്. ഡോ. ഷംഷീര്‍ വയലില്‍ സ്ഥാപകനും ചെയര്‍മാനുമായ കമ്പനി മികച്ച വളര്‍ച്ചയുടെ ഭാഗമായാണ് 2023 ആദ്യ പകുതിയിലെ സാമ്പത്തിക ഫലത്തോടൊപ്പം ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചത്.
ഓഹരി ഉടമകള്‍ക്ക് ലാഭ വിഹിതം തിരികെ നല്‍കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും പ്രവര്‍ത്തന മികവും നല്ല സമീപനവുമാണ് വളര്‍ച്ച ത്വരിതപ്പെടുത്തുന്നതെന്നും ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സിഇഒ ജോണ്‍ സുനില്‍ പറഞ്ഞു. സൗദി അറേബ്യയടക്കം മേഖലയിലെ കൂടുതല്‍ രാജ്യങ്ങളിലേക്കുള്ള വിപുലീകരണ പദ്ധതികള്‍ ഭാവി വളര്‍ച്ചയുടെ ചാലകങ്ങളാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓഹരി ഒന്നിന് രണ്ട് ഫില്‍സ് എന്ന നിരക്കില്‍ 95 മില്യണ്‍ ദിര്‍ഹം (214 കോടി രൂപ) ഇടക്കാല ലാഭവിഹിതം അനുവദിക്കാനാണ് ബോര്‍ഡ് തീരുമാനം. അര്‍ദ്ധവാര്‍ഷിക ലാഭത്തിന്റെ 42% ആണ് ലാഭവിഹിതമായി നല്‍കുക. ഓഗസ്റ്റ് 13 നും സെപ്റ്റംബര്‍ ഒന്നിനും ഇടയില്‍ ലാഭവിഹിത വിതരണം പൂര്‍ത്തിയാക്കും.
അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ചിലെ ഏറ്റവും വലിയ ഹെല്‍ത്ത്‌കെയര്‍ കമ്പനിയായ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ഈ വര്‍ഷം ആദ്യ പകുതിയില്‍ 2.2 ബില്യണ്‍ ദിര്‍ഹത്തിന്റെ വരുമാനമാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13% വരുമാന വര്‍ദ്ധനവ്.
47% വളര്‍ച്ചയോടെ അറ്റാദായം 225 മില്യണായി. ഉയര്‍ന്ന വരുമാനം, വര്‍ദ്ധിച്ച പ്രവര്‍ത്തനക്ഷമത, കുറഞ്ഞ സാമ്പത്തിക ചെലവുകള്‍ എന്നിവയിലൂടെ ആശുപത്രികളിലും മെഡിക്കല്‍ സെന്ററുകളിലും അറ്റാദായത്തിലുണ്ടായ വര്‍ദ്ധനവാണ് ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് കരുത്തേകുന്നത്.
പുതിയ സ്‌പെഷ്യാലിറ്റികളിലും സേവനങ്ങളിലുമുള്ള നിക്ഷേപത്തെ തുടര്‍ന്ന് ഔട്ട്‌പേഷ്യന്റ്, ഇന്‍പേഷ്യന്റ് എണ്ണത്തില്‍ യഥാക്രമം 11.1%, 20.2% അഭിവൃദ്ധിയുണ്ടായി. ആദ്യ ആറു മാസങ്ങളില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സിന് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ ആകെ 29 ലക്ഷം രോഗികള്‍ ചികിത്സയ്ക്കെത്തി. ഏറ്റവും വലിയ ആശുപത്രിയായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധനവിലൂടെ 34.5% വരുമാന വളര്‍ച്ച നേടി.
അഡ്നോക് ഉടമസ്ഥതയിലുള്ള അല്‍ ദഫ്ര മേഖലയിലെ ഏറ്റവും വലിയ ആരോഗ്യ കേന്ദ്രമായ അല്‍ദന്ന ആശുപത്രിയുടെ പ്രവര്‍ത്തന, നടത്തിപ്പ് ചുമതല അടുത്തിടെ ബുര്‍ജീല്‍ ഹോള്‍ഡിങ്സിന് ലഭിച്ചിരുന്നു. 122 കിടക്കകളുള്ള ആശുപത്രി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള കരാര്‍, ബുര്‍ജീലിന്റെ വിശാലമായ ശൃംഖലയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും.
സൗദിയിലെ പ്രമുഖ ഫിറ്റ്‌നസ് ഗ്രൂപ്പായ ലീജാം സ്‌പോര്‍ട്‌സ് കമ്പനിയുമായുള്ള സംയുക്ത സംരംഭ സംരംഭത്തിലൂടെ ഫിസിയോ തെറാപ്പി, റീഹാബിലിറ്റേഷന്‍, വെല്‍നസ് ശൃംഖലയായ ഫിസിയോതെറാബിയയുടെ പ്രവര്‍ത്തനം തുടങ്ങാനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്. അടുത്ത 24 മാസത്തിനുള്ളില്‍ 60തിലധികം ഫിസിയോതെറാബിയ സെന്ററുകള്‍ സൗദിയിലുടനീളം തുറക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.