കേസുകള്‍ പിന്‍വലിക്കണം;ഗോവിന്ദന്‍ സ്പീക്കറെ തിരുത്തണം: കെ.സുധാകരന്‍

കേസുകള്‍ പിന്‍വലിക്കണം;ഗോവിന്ദന്‍ സ്പീക്കറെ തിരുത്തണം: കെ.സുധാകരന്‍

കണ്ണൂര്‍: മതങ്ങളെ നിന്ദിക്കുകയും വിശ്വാസങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തശേഷം മലക്കം മറിഞ്ഞ സിപിഎം സെക്രട്ടറി എം.വി ഗോവിന്ദന്‍ സ്പീക്കറെ തിരുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

ഭരണഘടനാ സ്ഥാനത്തിരുന്ന് വിവാദങ്ങളുടെ കെട്ടഴിച്ചുവിട്ട സ്പീക്കര്‍ സിപിഎം സെക്രട്ടറി ചെയ്തതിനേക്കാള്‍ വലിയ തെറ്റാണ് ചെയ്തത്. നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ സ്പീക്കര്‍ തെറ്റു തിരുത്തി സഭാ സമ്മേളനം സഭയ്ക്കകത്തും പുറത്തും പ്രക്ഷുബ്ധമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ശബരിമലയില്‍ തിരുത്തിയതിനേക്കാള്‍ ശരവേഗത്തില്‍ മിത്ത് വിവാദത്തില്‍ ഗോവിന്ദന്‍ തിരുത്തിയത് സ്വാഗതാര്‍ഹമാണ്. ഇത് ആത്മാര്‍ത്ഥമാണെങ്കില്‍ നാമജപയാത്രയില്‍ പങ്കെടുത്ത ആയിരത്തോളം പേര്‍ക്കെതിരെ എടുത്ത കേസും ശബരിമലയില്‍ രണ്ടായിരത്തോളം പേര്‍ക്കെതിരെ എടുത്ത കേസും പിന്‍വലിക്കണം. അതോടൊപ്പം സ്പീക്കര്‍ തെറ്റ് തിരുത്തുകയും ചെയ്താല്‍ സിപിഎമ്മിന്റെ ആത്മാര്‍ത്ഥത ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നാണ് സുധാകരന്‍ പറയുന്നത്.

മണിപ്പൂരിനെയും ഹരിയാനയെയും പ്രക്ഷുബ്ധമാക്കിയ ബിജെപിയുടെ തനിപ്പകര്‍പ്പാണ് കേരളത്തിലുമുള്ളതെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിപിഎം- ബിജെപി ഡീലിന് മധ്യസ്ഥത വഹിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നാലേക്കര്‍ ഭൂമി പതിച്ചു നല്കിയത് ഉള്‍പ്പെടെയുള്ള നിരവധി സംഭവങ്ങള്‍ എടുത്തുകാട്ടാനുണ്ട്.

കുഴല്‍പ്പണക്കേസ് ഒത്തുതീര്‍പ്പാക്കിയപ്പോള്‍ പകരം സ്വര്‍ണക്കടത്തുകേസ് ഒത്തതീര്‍പ്പാക്കിയെന്നും ആരോപണം ഉയര്‍ത്തി. ഡീലുകള്‍ അതിന്റെ വഴിക്കു നടക്കട്ടെയെന്നും കേരളത്തെ വര്‍ഗീയമായി വിഭജിക്കുന്ന ഡീലുകള്‍ ഇനിയെങ്കിലും ഇരുകൂട്ടരും ഉപേക്ഷിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.