ലിസ്ബണ്‍: ലോക യുവജന സംഗമത്തിന്റെ മുഖ്യസമ്മേളന വേദിയായ എഡ്വേര്‍ഡ് ഏഴാമന്‍ പാര്‍ക്കില്‍ ഇന്നലെ നടന്ന കുരിശിന്റെ വഴിയില്‍ മാര്‍പ്പാപ്പയ്‌ക്കൊപ്പം പങ്കെടുത്തത് എട്ടു ലക്ഷത്തിലേറെ യുവജനങ്ങള്‍. സായാഹ്നം ഒരുക്കിയ അതിമനോഹരമായ അന്തരീക്ഷത്തില്‍ വേദിയിലേക്ക് വീല്‍ചെയറില്‍ വന്ന മാര്‍പ്പാപ്പ 'നിങ്ങള്‍ ഇന്ന് യേശുവിനൊപ്പം നടക്കാന്‍ പോകുന്നു' എന്നു പറഞ്ഞുകൊണ്ടാണ് യുവജനങ്ങളെ അഭിസംബോധന ചെയ്യാന്‍ ആരംഭിച്ചത്.
'നമ്മുടെയുള്ളില്‍ ഒളിഞ്ഞിരിക്കുന്ന കണ്ണുനീര്‍ തുടയ്ക്കാന്‍ യേശുവിന് കഴിയുമെന്ന് ആമുഖമായി പറഞ്ഞ ഫ്രാന്‍സിസ് പാപ്പ ജീവിതത്തില്‍ നമ്മെ കരയിപ്പിക്കുന്നതെന്താണെന്ന് യേശുവിനോട് പറയാന്‍ ഒരു നിമിഷം നിശബ്ദത പാലിക്കാന്‍ യുവജനങ്ങളോട് ആവശ്യപ്പെട്ടു.
'യേശു നമ്മോടൊപ്പമുണ്ട്. അവിടുത്തേയ്ക്ക് ആത്മാവിന്റെ ജാലകങ്ങള്‍ തുറക്കാനും നമ്മുടെയുള്ളില്‍ ഒളിഞ്ഞിരിക്കുന്ന കണ്ണുനീര്‍ തുടയ്ക്കാനും കഴിയും. യേശു നമുക്കൊപ്പം കരയുന്നു. നമ്മെ കണ്ണീരിലേക്ക് നയിക്കുന്ന ഇരുട്ടില്‍ അവിടുന്ന് നമ്മെ അനുഗമിക്കുന്നു. യേശു തന്റെ ആര്‍ദ്രതയുള്ള സാമീപ്യത്താല്‍ നമ്മുടെ ഏകാന്തതയെ നിറവുള്ളതാക്കി മാറ്റുന്നു.
പ്രധാന വേദിയോടു ചേര്‍ന്ന് വളരെ ഉയരത്തില്‍ തട്ടുതട്ടുകളായി നിര്‍മിച്ച സ്‌റ്റേജില്‍ കുരിശിന്റെ വഴിയിലെ 14 ഇടങ്ങള്‍ ക്രമീകരിച്ചിരുന്നു. ഇവിടെ യുവജനങ്ങള്‍ അവതരിപ്പിച്ച കലാപരിപാടി ഏറെ ശ്രദ്ധേയമായി. യേശുവിന്റെ കുരിശുമരണത്തിന്റെയും പീഡാനുഭവങ്ങളുടെയും തീവ്രമായ സന്ദര്‍ഭങ്ങള്‍ ഇന്നത്തെ കാലത്ത് യുവജനങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളുമായി ചേര്‍ത്തുവച്ചുള്ള അവതരണമായിരുന്നു അത്.
'നമ്മുടെയെല്ലാം ഹൃദയത്തില്‍ ഏറ്റവും കൂടുതല്‍ കൊത്തിവച്ചിരിക്കുന്ന പാത കുരിശിന്റെ പാതയാണ്, ഇന്ന് ഈ കുരിശിന്റെ പാത പുനരുജ്ജീവിപ്പിക്കാന്‍ നമുക്ക് പ്രാര്‍ത്ഥനയോടെ പോകാം. യേശു കടന്നുപോകുന്നത് നോക്കി അവനോടൊപ്പം നടക്കാം' - മാര്‍പ്പാപ്പ പറഞ്ഞു.
പോര്‍ച്ചുഗല്‍, സ്‌പെയിന്‍, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ തങ്ങളുടെ ജീവിതത്തിലുണ്ടായ ആന്തരിക മുറിവുകളെക്കുറിച്ചും അതിനെ വിശ്വാസവഴിലൂടെ നേരിട്ടതിനെക്കുറിച്ചും പങ്കുവച്ച അനുഭവങ്ങള്‍ വേദിയില്‍ സജ്ജീകരിച്ച കൂറ്റന്‍ ടെലിവിഷന്‍ സ്‌ക്രീനില്‍ കാണിച്ചു.
സാക്ഷ്യം പങ്കുവച്ച് യുവജനങ്ങള്‍
മാതാപിതാക്കളുടെ വിവാഹമോചനം തന്റെ ഹൃദയത്തിലുണ്ടാക്കിയ ആന്തരിക മുറിവുകളെക്കുറിച്ച് അമേരിക്കക്കാരനായ കാലേബ് തുറന്നു പറഞ്ഞു.
'ഹൈസ്‌കൂള്‍ പഠനം അവസാനിക്കുമ്പോഴാണ് മാതാപിതാക്കള്‍ വിവാഹമോചനം നേടുന്നത്. തന്റെ ലോകം നിയന്ത്രണാതീതമായതായി. ഞാന്‍ വിഷാദത്തിലേക്ക് ആഴ്ന്നിറങ്ങി, ഞാന്‍ സ്വയം ഉപദ്രവിച്ചു, മയക്കുമരുന്നിന് അടിമയായി, എന്റെ ജീവിതം അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എനിക്ക് ദിശാബോധം ഇല്ലായിരുന്നു. എല്ലാ വേദനകളില്‍ നിന്നും ഓടിയൊളിക്കാന്‍ ശ്രമിച്ചു. ജീവിക്കാനുള്ള കാരണം ഞാന്‍ അന്വേഷിച്ചുകൊണ്ടിരുന്നു - കാലേബ് പറഞ്ഞു.
വിശുദ്ധ ഗ്രന്ഥത്തിലെ യോഹന്നാന്റെ സുവിശേഷത്തിലെ ആറാം അധ്യായമാണ് തന്നെ കത്തോലിക്കാ സഭയിലേക്കു വീണ്ടും ചേര്‍ത്തുനിര്‍ത്തിയത്. വിശുദ്ധ കുര്‍ബാനയില്‍ സന്നിഹിതനാകുന്ന യേശു തന്നെ ചേര്‍ത്തുനിര്‍ത്തിയതും അതിലൂടെ ആന്തരിക മുറിവുകള്‍ സുഖപ്പെട്ടതിനെക്കുറിച്ചും കാലേബ് അനുഭവം പങ്കുവെച്ചു.
സ്വര്‍ഗീയ പിതാവ് എന്റെ വ്യക്തിത്വത്തെ ആശ്ലേഷിച്ച ശേഷം, എനിക്കുണ്ടായ മുറിവുകള്‍ ഉണങ്ങാന്‍ തുടങ്ങി. വിശുദ്ധ കുര്‍ബാനയില്‍ യേശുവിനോട് പൂര്‍ണ്ണമായി ഐക്യപ്പെട്ടതാണ് എന്റെ ആത്മാവിന് രോഗശാന്തി നല്‍കിയത്. ഈ ലോകം നല്‍കുന്നതെല്ലാം ആസ്വദിച്ച ശേഷം, അവിടുന്ന മാത്രമാണ് എന്നെ യഥാര്‍ത്ഥത്തില്‍ തൃപ്തിപ്പെടുത്തിയത് - കാലേബ് പറഞ്ഞു.
കുരിശിന്റെ വഴിയില്‍ പങ്കെടുത്ത എല്ലാവരെയും ഫ്രാന്‍സിസ് പാപ്പ അനുഗ്രഹിക്കുകയും ചെയ്തു.
യുവജനങ്ങളെ കുമ്പസാരിപ്പിച്ച് മാര്‍പ്പാപ്പ
കുമ്പസാരദിനമായിരുന്ന ഇന്നലെ മൂന്ന് യുവതീയുവാക്കള്‍ക്ക് മാര്‍പ്പാപ്പയ്ക്കു മുന്നിലിരുന്ന് കുമ്പസാരിക്കാനുള്ള ഭാഗ്യം ലഭിച്ചു. ലിസ്ബണിലെ വാസ്‌കോഡ ഗാമ ഗാര്‍ഡനില്‍ ഒരുക്കിയ കുമ്പസാര വേദിയിലെ തടി കൊണ്ട് നിര്‍മിച്ച 150 മനോഹരമായ കുമ്പസാരക്കൂടുകളില്‍ ഒന്നിലിരുന്നാണ് പാപ്പ കുമ്പസാരിപ്പിച്ചത്. പോര്‍ച്ചുഗലിലെ തടവുകാരാണ് കുമ്പസാരക്കൂടുകള്‍ നിര്‍മിച്ചത്.
കുമ്പസാരിപ്പിക്കുവാന്‍ പര്‍പ്പിള്‍ നിറത്തിലുള്ള ഊറാറയാണ് പാപ്പ ഉപയോഗിച്ചത്. സ്പാനിഷ് സ്വദേശിയായ യുവാവിനും യുവതിക്കും കുമ്പസാരിക്കാന്‍ അവസരം ലഭിച്ചു. ആരോഗ്യ പ്രശ്‌നമുള്ളതിനാല്‍ അര മണിക്കൂര്‍ സമയമാണ് പാപ്പ കുമ്പസാരിപ്പിക്കാനായി നീക്കിവെച്ചത്. ഒരാള്‍ക്ക് പത്തു മിനിറ്റാണ് അനുവദിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26