തീവിലയിൽ തളർന്ന് കേരളം; നിഷ്ക്രിയമായി സർക്കാർ

തീവിലയിൽ തളർന്ന് കേരളം; നിഷ്ക്രിയമായി സർക്കാർ

കേരളത്തിൽ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സംസ്ഥാന സർക്കാർ പൂർണ്ണമായും പരാജയം. ഇപ്പോൾ പച്ചക്കറിക്ക് തീവിലയാണ്. പച്ചമുളകിനും മുരിങ്ങയ്‌ക്കയ്‌ക്കും വില ഇരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്. ബീൻസിനും പയറിനും വില കൂടി. ഇഞ്ചി വില ഡബിൾ സെഞ്ചുറി അടിച്ചിരിക്കുകയാണ്. തക്കാളിക്കും വെളുത്തുള്ളിക്കും, ക്യാരറ്റിനും ഉൾപ്പെടെ എല്ലാത്തിനും റെക്കോർഡ് വില വർധനവാണുണ്ടായിരിക്കുന്നത്.

നികുതി വർധന നടപ്പാക്കിയും പിഴകൾ ഈടാക്കിയും ജനങ്ങളെ പിടിച്ചുപറിക്കലാണ് കേരളത്തിൽ നടക്കുന്നത്. അരി, പച്ചക്കറി, വെളിച്ചെണ്ണ, മത്സ്യം, മാംസം, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ ക്രമാതീത വിലക്കയറ്റത്തിലൂടെ ജനജീവിതം ദുഃസഹമായിട്ടും കേവല പ്രഖ്യാപനങ്ങൾക്കപ്പുറം ജനങ്ങൾക്ക് ആശ്വാസകരമാകുന്ന ഫലപ്രദമായ ഒരു നടപടിയും സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, തക്കാളി തുടങ്ങിയവക്കാണ് വലിയ തോതില്‍ വില ഉയര്‍ന്നത്.

പച്ചക്കറി വിപണിയിലാണ് വിലക്കയറ്റം രൂക്ഷം. അവശ്യ പച്ചക്കറികള്‍പോലും കിട്ടാത്ത അവസ്ഥയാണെന്ന് ചില്ലറ വ്യാപാരികള്‍ പറയുന്നു. നാടന്‍ വിഭവങ്ങളുടെ വരവും വിപണിയിലെ സര്‍ക്കാര്‍ ഇടപെടലും നാമമാത്രമായതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികള്‍ വന്‍ വിലയ്ക്ക് വില്‍ക്കേണ്ടെ ഗതികേടിലാണ് വ്യാപാരികള്‍. ഇത് വില്‍പനയെ ഗണ്യമായി തളര്‍ത്തുകയാണ്.

സംസ്ഥാനത്തെ മൊത്ത വിതരണ കേന്ദ്രങ്ങളില്‍ കൂടുതൽ പച്ചക്കറികള്‍ എത്തുന്നത് തമിഴ്നാട്ടില്‍നിന്നും കർണാടകയില്‍നിന്നുമാണ്. എന്നാല്‍, നിലവിൽ ആവശ്യത്തിന് ആനുപാതികമായ വിഭവങ്ങള്‍ വിപണിയില്‍ എത്തുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി. വേനല്‍ മഴയില്‍ പ്രാദേശിക കൃഷി വ്യാപകമായി നശിച്ചിരുന്നു. ഇതും വിപണിയെ തളര്‍ത്താനും വിലവര്‍ധനവിനും കാരണമായി.

ഇടത്തട്ടുകാരുടെയും മൊത്തവിതരണക്കാരുടെയും ലാഭവിഹിതം കഴിഞ്ഞാല്‍ തുച്ഛ ലാഭത്തിനാണ് ചില്ലറ വ്യാപാരികള്‍ വില്‍പന നടത്തുന്നത്. ഇതിനിടയില്‍ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ക്ഷാമം രൂക്ഷമായതോടെ നിലനില്‍പ്പില്ലാത്ത അവസ്ഥയിലാണ് പച്ചക്കറി വിപണി.അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതില്‍ കേരള സര്‍ക്കാര്‍ തികഞ്ഞ പരാജയം തന്നെയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.