കെ.സി.ബി. സി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ പാലാരിവട്ടം പിഒസിയില്‍ നടന്ന പ്രോലൈഫ് നേതൃത്വ പരിശീലന പഠനശിബിരം ''ഹുമാനെ വിത്തെ -2023' ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. റവ. ഫാ. ജോക്കബ് ജി. പാലയക്കാപ്പിള്ളി, റവ. ഡോ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പ്പറമ്പില്‍, റവ. ഡോ. സ്‌കറിയ കന്യാകോണില്‍, ജോണ്‍സണ്‍ ചൂരേപ്പറമ്പില്‍, ജെയിംസ് ആഴ്ചങ്ങാടന്‍, ടോമി പ്ലാത്തോട്ടം, സാബുജോസ്, സിസ്റ്റര്‍ മേരി ജോര്‍ജ്, മോന്‍സി ജോര്‍ജ്ജ്, ഡോ. ഫിന്റോ ഫ്രാന്‍സിസ്, ഡോ. ഫെലിക്‌സ് ജെയിംസ്, ഡോ. ഫ്രാന്‍സീസ് ജെ ആരാടന്‍, ജെസ്ലിന്‍ ജോ, സെമിലി സുനില്‍ തുടങ്ങിയവര്‍ സമീപം.
കൊച്ചി: ഉദരത്തില്‍ രൂപപ്പെട്ട മനുഷ്യ ജീവന്റെ ആരംഭം മുതല്‍ സ്വാഭാവിക മരണംവരെ ജീവന്റെ സംരക്ഷണത്തിനു വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നവരാണ് പ്രോലൈഫ് പ്രവര്‍ത്തകരെന്ന് ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍. കെ.സി.ബി.സി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ പാലാരിവട്ടം പി.ഒ.സിയില്‍ നടന്ന പ്രോലൈഫ് നേതൃത്വ പരിശീലന പഠന ശിബിരം ''ഹുമാനെ വിത്തെ 2023' ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകം, ക്രൂരമായ പീഡനം, ഗര്‍ഭഛിദ്രം, ആത്മഹത്യ, ലഹരിയുടെ അതിപ്രസരം എന്നിവ ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ ജീവ സമൃദ്ധിയുടെ സന്ദേശം സഭയിലും സമൂഹത്തിലും വിവിധ കര്‍മ പദ്ധതികളിലൂടെ പ്രചരിപ്പിക്കുവാന്‍ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുമെന്ന് വിശുദ്ധ കുര്‍ബ്ബാന മധ്യേയുള്ള സുവിശേഷ സന്ദേശത്തിലൂടെ കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ റൈറ്റ് റവ. ഡോ. പോള്‍ ആന്റണി മുല്ലശേരി പറഞ്ഞു.
കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോണ്‍സണ്‍ ചൂരേപ്പറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെസിബിസി ഡപ്യൂട്ടി സ്രെകട്ടറി ജനറല്‍ റവ. ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ റവ. ഡോ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, ആനിമേറ്റര്‍മാരായ സാബു ജോസ്, സിസ്റ്റര്‍ മേരി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന വിവിധ പഠന പരിശീലന ക്ലാസുകളില്‍ മേജര്‍ സെമിനാരി റെക്ടറും തിയോളജിയനുമായ റവ. ഡോ. സ്‌കറിയ കന്യാകോണില്‍, ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റോ ഫ്രാന്‍സിസ്, സാമ്പത്തിക ശാസ്ത്ര വിദഗ്ധന്‍ ഡോ. കെ. എം ഫ്രാന്‍സിസ്, ഡോ. ഫെലിക്‌സ് ജെയിംസ്, ഡോ. ഫ്രാന്‍സീസ് ജെ. ആരാടന്‍. ജെസ്ലിന്‍ ജോ, യുഗേഷ് പുളിക്കന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.
സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരെ കേരളത്തില്‍ വര്‍ധിച്ചു വരുന്ന പീഡനങ്ങള്‍, കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും വര്‍ധിക്കുന്നത്, നിസാര കാരണങ്ങളുടെ പേരില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത്, എട്ട് മാസം പിന്നിട്ട് ഉദരത്തില്‍ പൂര്‍ണവളര്‍ച്ചയെത്തിയ കുഞ്ഞുങ്ങളുടെ ജീവന്‍ നശിപ്പിക്കുന്നത് കൊലപാതകമാണെന്ന് തിരിച്ചറിയാത്തവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നത് തുടങ്ങിയവ ഈ കാലഘട്ടത്തിന്റെ വേദനകളാണെന്ന് സമ്മേളനം വിലയിരുത്തി.
മണിപ്പൂരിലടക്കം മനുഷ്യജീവന്‍ വംശഹത്യക്ക് വിധേയമാക്കുമ്പോള്‍ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്ന് സമ്മേളനം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. മനുഷ്യജീവനെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രോലൈഫ് കൂട്ടായ്മകള്‍ ഗ്രാമങ്ങള്‍ തോറും രൂപപ്പെടുത്തുവാന്‍ സമ്മേളനം തീരുമാനിച്ചു. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളില്‍ നിന്നുള്ള പ്രതിനിധികളും വൈദികരും സന്യസ്തരും പഠന ശിബിരത്തില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.