ഹൈദരാബാദ്: തെലുങ്ക് വിപ്ലവ കവിയും ഗായകനും നക്‌സലൈറ്റുമായ ഗദ്ദര്‍ അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 74 വയസായിരുന്നു.
ഗുമ്മാഡി വിറ്റല്‍ റാവു എന്നാണ് യഥാര്‍ത്ഥ പേര്. 1948 ല്‍ ഹൈദരാബാദിലെ തൂപ്രാനിലാണ് ഗദ്ദറിന്റെ ജനനം. നാടോടി ഗായകനായിരുന്ന ഗദ്ദര്‍ തെലുങ്കാന രൂപീകരണ പ്രസ്ഥാനത്തിന്റെ മുന്നണിയില്‍ നിന്നു പ്രവര്‍ത്തിച്ചു.
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ( മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ്) യില്‍ അംഗമായ ഗദ്ദര്‍, 1980 കളില്‍ ഒളിവു ജീവിതം നയിച്ചു. പാര്‍ട്ടിയുടെ സാംസ്‌കാരിക സംഘടനയായ ജനനാട്യ മണ്ഡലിയുടെ സ്ഥാപകനാണ്. 2010 വരെ പ്രസ്ഥാനത്തില്‍ സജീവമായിരുന്നു.
2010 ല്‍ ഗദ്ദര്‍ മാവോയിസ്റ്റ് ബന്ധം പൂര്‍ണമായി വിച്ഛേദിച്ചു. പിന്നീട് തെലങ്കാന പ്രത്യേക സംസ്ഥാനമെന്ന മൂവ്മെന്റില്‍ മുന്നണിയില്‍ നിന്ന് പ്രവര്‍ത്തിച്ചു. അടുത്തിടെ ഗദ്ദര്‍ പ്രജാ പാര്‍ട്ടിയെന്ന പാര്‍ട്ടി രൂപീകരിക്കുമെന്ന് അദേഹം പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിനെ പ്രതികൂലിച്ചിരുന്ന ഗദ്ദര്‍ 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി വോട്ട് ചെയ്തത്.
1997 ല്‍ ഗദ്ദര്‍ക്ക് നേരെ വധശ്രമമുണ്ടായി. ആറ് ബുള്ളറ്റുകളാണ് ശരീരത്തില്‍ തുളച്ചുകയറിയത്. ഇതില്‍ അഞ്ചെണ്ണം പുറത്തെടുത്തു. നട്ടെല്ലില്‍ തറച്ച ഒരു ബുള്ളറ്റുമായിട്ടായിരുന്നു ഗദ്ദറിന്റെ തുടര്‍ ജീവിതം.
പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടേയും ദളിതന്റെയും നൊമ്പരവും പ്രതിഷേധവും ജ്വലിക്കുന്ന വരികള്‍ ആലപിക്കുന്ന ഗായകനെന്ന നിലയില്‍ ഗദ്ദര്‍ ജനകീയ കവിയായി.
ഗദ്ദറിന്റെ വിപ്ലവ കവിതകള്‍ക്കും ഗാനങ്ങള്‍ക്കും നിരവധി ആരാധകരാണ് തെലങ്കാനയിലുള്ളത്. 2011ല്‍ ജയ് ഭോലോ തെലങ്കാന എന്ന ചിത്രത്തിലെ ഗാനത്തിന് ഗദ്ദറിന് സര്‍ക്കാരിന്റെ നന്ദി അവാര്‍ഡ് ലഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.