ലിസ്ബണ്‍: ലോക യുവജന സംഗമത്തിന് ലിസ്ബണില്‍ ഇന്നലെ പ്രാര്‍ത്ഥനാപൂര്‍വം കൊടിയിറങ്ങിയതോടെ 2027-ല്‍ നടക്കുന്ന യുവജന സമ്മേളനത്തിന്റെ വേദി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ. ഏഷ്യന്‍ രാജ്യമായ ദക്ഷിണ കൊറിയയിലെ സിയൂള്‍ നഗരമാണ് അടുത്ത ലോക യുവജന ദിനാഘോഷത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്നലെ യുവജന സംഗമത്തിന്റെ സമാപന ദിവ്യബലിക്കു ശേഷമുള്ള ത്രികാല പ്രാര്‍ത്ഥനാ മധ്യേയാണ് ഫ്രാന്‍സിസ് പാപ്പ അടുത്ത ലോക യുവജന സംഗമത്തിന്റെ വര്‍ഷവും വേദിയും പ്രഖ്യാപിച്ചത്.
കൈയടികളോടെയും ആര്‍പ്പുവിളികളോടെയുമാണ് മാര്‍പ്പാപ്പയുടെ പ്രഖ്യാപനത്തെ ലോക യുവത്വം വരവേറ്റത്. തുടര്‍ന്ന് ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള വൈദികരുടെ അകമ്പടിയോടെ ദക്ഷിണ കൊറിയന്‍ യുവതയുടെ പ്രതിനിധി സംഘം ദേശീയ പതാകയുമായി വേദിയിലെത്തി. 2025ല്‍ റോമില്‍ നടക്കുന്ന ജൂബിലിയിലേക്ക് യുവജനങ്ങളെ പാപ്പ പ്രത്യേകം ക്ഷണിക്കുകയും ചെയ്തു.
1995ല്‍ ഫിലിപ്പീന്‍സില്‍ നടന്ന ലോക യുവജന ദിനാഘോഷത്തിന് ശേഷം ഇതാദ്യമായാണ് ഏഷ്യയില്‍ കത്തോലിക്കാ യുവജനങ്ങള്‍ ഒത്തുകൂടാന്‍ പോകുന്നത്.
ലിസ്ബണിലെ യുവജന സംഗമം വലിയ വിജയമാക്കിത്തീര്‍ത്തതിന് ആതിഥേയര്‍ക്കും പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സെലോ റെബെലോ ഡി സൂസയ്ക്കും സംഘാടകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് നന്ദി എന്നര്‍ത്ഥം വരുന്ന 'ഒബ്രിഗഡോ' എന്ന പോര്‍ച്ചുഗീസ് വാക്ക് പാപ്പ പലതവണ ആവര്‍ത്തിച്ചു. ഈ മഹത്തായ ഒത്തുചേരലിന് ആതിഥേയത്വം വഹിച്ചതിന് ലിസ്ബണിനോടും പങ്കെടുക്കാനെത്തിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരോടുമുള്ള സ്നേഹവും പാപ്പ പ്രകടിപ്പിച്ചു. യുവതലമുറയ്ക്ക് വിശ്വാസം കൈമാറുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എല്ലാ മുത്തശ്ശീമുത്തശ്ശന്‍മാര്‍ക്കും പ്രത്യേകം നന്ദി അറിയിക്കാനും പാപ്പ ഈ അവസരം ഉപയോഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.