ഇംഫാല്‍: മണിപ്പൂരിൽ നിന്നും അതിദാരുണ സംഭവങ്ങളാണ് പുറത്തുവരുന്നത്. ഇത്തരത്തില്‍ അക്രമത്തിൽ പിതാവ് കൊല്ലപ്പെട്ട ഒരു കുടുംബത്തിന്റെ ജീവിതമാണ് കണ്ണുനനയിപ്പിക്കുന്നത്. അമ്മയെ കാണാതായി. ഇവരുടെ മക്കളായ നാല് സഹോദരങ്ങൾ പ്രാണരക്ഷാർഥം 3000 കിലോമീറ്റർ അകലെ പഞ്ചാബിലാണ് അഭയം കണ്ടെത്തിയത്.
പഞ്ചാബിലെ ഫിറോസ്പൂർ കാന്റിലെ സെന്റ് ജോസഫ്സ് കോൺവെന്റ് സ്കൂൾ എട്ടിനും 17-നുമിടയിൽ പ്രായമുള്ള ആ രണ്ട് ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയും ദത്തെടുത്തു. മെയ് മാസത്തിൽ, മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിലെ ലൈറോക്ക് ഗ്രാമത്തിലുള്ള ഇവരുടെ തറവാട് വീട് അക്രമത്തിൽ കത്തിനശിച്ചിരുന്നു. അക്രമം രൂക്ഷമായതോടെ അവരുടെ മുത്തശ്ശി ഈ കുട്ടികളെ സുരക്ഷാസേനയുടെ ക്യാമ്പിലേക്കു കൊണ്ടുപോയി. ഒരു നിമിഷംകൊണ്ട് തങ്ങൾക്ക് പ്രിയപ്പെട്ടവരും തങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം കത്തിച്ചാമ്പലായി. പിതാവ് കൊല്ലപ്പെട്ടു. അമ്മ ജീവനോടെയുണ്ടോ എന്നുപോലും ഇവർക്കറിയില്ല. ഇരുളടഞ്ഞ ഭാവിയിലേക്ക് ഉറ്റുനോക്കി നെടുവീർപ്പെടാനല്ലാത്ത ആ നാലു സഹോദരങ്ങൾക്കും വേറൊന്നിനും കഴിയുമായിരുന്നില്ല. പഞ്ചാബിൽ ബിഎസ്എഫിൽ ശിപായിയായി നിയമിതനായ അവരുടെ അമ്മാവൻ മണിപ്പൂരിൽ നിന്നും ഏകദേശം 3,000 കിലോമീറ്റർ അകലെയുള്ള പഞ്ചാബിലെ ഫിറോസ്പൂരിൽ എത്താൻ അവരെ സഹായിച്ചു.
ഏപ്രിലിലാണ് താൻ അവസാനമായി മണിപ്പൂരിലെത്തിയതെന്ന് അവരുടെ അമ്മാവൻ പറയുന്നു. ഈ കുട്ടികളുടെ പിതാവിന്റെ സഹോദരനാണ് അദ്ദേഹം. “ആ സന്ദർശനത്തിനിടെ ഞാൻ എന്റെ സഹോദരനെ കണ്ടിരുന്നു. അദ്ദേഹം ഒരു കർഷകനായിരുന്നു. രണ്ടാഴ്‌ചയ്ക്കുശേഷം അദ്ദേഹം കൊല്ലപ്പെടുകയും പിന്നീട് ഞങ്ങളുടെ തറവാടുവീട് അക്രമത്തിൽ കത്തിനശിക്കുകയും ചെയ്‌തു. എന്റെ സഹോദരന്റെ ഭാര്യയെ കാണാതായി” – അദ്ദേഹം വെളിപ്പെടുത്തി. സുരക്ഷാസേന ഒരുക്കിയ ക്യാമ്പിൽ 15 ദിവസത്തോളം അവർ ചെലവഴിച്ചു. പിന്നീട്, സുരക്ഷാസേനയുടെ സഹായത്തോടെ നാഗാലാൻഡിലെ ദിമാപൂരിൽ എത്തുകയും അവിടെനിന്ന് ട്രെയിൻമാർഗം അവർ പഞ്ചാബിൽ എത്തുകയും ചെയ്തു. ഒരു മാസത്തിലേറെയായി, ഈ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിരവധി സ്കൂളുകൾ അദ്ദേഹം സന്ദർശിച്ചു. എന്നാൽ മിക്കവാറും എല്ലാ സ്കൂളുകളിലും പ്രവേശനഫീസ് ആയി ചോദിക്കുന്നത് വലിയ തുകയായിരുന്നു.”ഞാൻ ഒരു ശിപായി മാത്രമാണ്. എനിക്ക് വലിയ തുക മുടക്കി ഈ നാലു കുട്ടികളെ പഠിപ്പിക്കാൻ കഴിയുമായിരുന്നില്ല” – അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട്, അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥരിലൊരാൾ ജലന്ധർ രൂപതയിലെ മാൾവ റീജിയണിലെ എപ്പിസ്‌കോപ്പൽ വികാരിയായ ഫാ. മൈക്കിൾ ആനിക്കുഴിക്കാട്ടിൽ, ഫിറോസ്‌പൂരിലെ സെന്റ് ജോസഫ് ദേവാലയത്തിന്റെ ചുമതലയുള്ള പുരോഹിതൻ എന്നിവരുമായി ബന്ധപ്പെട്ടു. ഫിറോസ്പൂർ കാന്റിലുള്ള സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിൽ മൂന്നു കുട്ടികളെ സൗജന്യമായി പഠിപ്പിക്കാൻ അവർ സന്നദ്ധരാവുകയായിരുന്നു.
പെൺകുട്ടികളിൽ ഒരാളെ പത്താം ക്ലാസ്സിലും മറ്റേ പെൺകുട്ടിയെ എട്ടാം ക്ലാസ്സിലും ഇളയ ആൺകുട്ടിയെ നാലാം ക്ലാസ്സിലും ചേർത്തു. സെന്റ് ജോസഫ് സ്‌കൂൾ പത്താം ക്ലാസ് വരെ മാത്രമുള്ളതിനാൽ 12-ാം ക്ലാസ് വിദ്യാർഥിയായ മൂത്ത ആൺകുട്ടിയെ പഠനത്തിന് അയയ്ക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. “കുട്ടികളുടെ പഠനച്ചെലവ് സ്കൂൾ വഹിക്കും. അവർക്ക് മറ്റെന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അതും സ്കൂളിൽ നിന്ന് ലഭ്യമാക്കും” – ഫാ. മൈക്കൽ പറഞ്ഞു. പത്താം ക്ലാസ്സിലേക്കുള്ള രജിസ്ട്രേഷൻ അവസാനിച്ചെങ്കിലും ബോർഡിൽ നിന്ന് പ്രത്യേക അനുമതി തേടിയിട്ടുണ്ടെന്ന് പ്രിൻസിപ്പൽ സി. അനില സി.എം.സി. പറയുന്നു. പഞ്ചാബി ഭാഷയും പഠിക്കേണ്ടതിനാൽ കുട്ടികളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാൻ അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.