മണിപ്പൂരില്‍ സുപ്രീം കോടതിയുടെ കര്‍ശന ഇടപെടല്‍; പുനരധിവാസ മേല്‍നോട്ടത്തിന് വനിതാ ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതി

മണിപ്പൂരില്‍ സുപ്രീം കോടതിയുടെ കര്‍ശന ഇടപെടല്‍; പുനരധിവാസ മേല്‍നോട്ടത്തിന് വനിതാ ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതി

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ കര്‍ശന ഇടപെടലുമായി സുപ്രീം കോടതി. പ്രശ്‌നപരിഹാരത്തിനായി മൂന്ന് മുന്‍ ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. മുന്‍ ഹൈക്കോടതി ജഡ്ജി ഗീതാ മിത്തല്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു.

ജമ്മു കശ്മീര്‍ മുന്‍ ചീഫ് ജസ്റ്റിസ് ഗീതാ മിത്തലിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ മലയാളിയായ ആശ മേനോന്‍, ശാലിനി പി. ജോഷി എന്നിവര്‍ അംഗങ്ങളാണ്. നിയമവാഴ്ച ഉറപ്പു വരുത്തുകയും ജനങ്ങളില്‍ ആത്മവിശ്വാസമുണ്ടാക്കുകയുമാണ് കോടതി പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അന്വേഷണങ്ങള്‍ക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയില്‍ വരുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഗീത മിത്തല്‍, ശാലിനി പി. ജോഷി, മലയാളിയായ ആശ മേനോന്‍ എന്നിവരടങ്ങുന്ന പാനലിനാണ് അന്വേഷണ ചുമതല. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ അന്വേഷിക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ച് എസ്പിമാരോ ഡിവൈഎസ്പിമാരോ അടങ്ങുന്ന സംഘത്തെ നിയോഗിക്കും. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ദത്താത്രെയ് പഡ്‌സാല്‍ഗികര്‍ക്കായിരിക്കും ചുമതല. സ്‌പെഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമില്‍ (എസ്‌ഐടി) മണിപ്പുരിന് പുറത്തുനിന്നുള്ള എസ്പി റാങ്കില്‍ കുറയാത്തവരെ നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഇരുപത് പേരടങ്ങുന്ന സംഘമാണ് മണിപ്പുരില്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് അഭിഭാഷകനായ കോളിന്‍ ഗോണ്‍സാല്‍വസ് കോടതിയെ അറിയിച്ചിരുന്നു. ഇവര്‍ തമ്മില്‍ പരസ്പരം നല്ല ബന്ധം പുലര്‍ത്തുകയും ഗൂഢാലോചന നടത്തുകയും നടപ്പാക്കുകയുമാണ് ചെയ്യുന്നത്. തങ്ങളെ തൊടാന്‍ കഴിയില്ലെന്നാണ് അവര്‍ കരുതുന്നത്. ഈ 20 പേരെ പിടികൂടാന്‍ സാധിച്ചാല്‍ അക്രമം നിയന്ത്രിക്കാനാകുമെന്നും ഗോണ്‍സാല്‍വസ് പറഞ്ഞു.
മണിപ്പുരിലെ എന്‍.ബിരേന്‍ സിങ് സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്തില്‍ കേസെടുക്കാന്‍ രണ്ട് മാസം വൈകിയത് എന്താണ് കോടതി ചോദിച്ചു. രണ്ട് മാസം ഭരണഘടന തകര്‍ന്ന നിലയിലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം സുപ്രീം കോടതി വിഷയം പരിഗണിക്കുന്നതിനിടെ മണിപ്പൂരില്‍ നിന്നുള്ള അഭിഭാഷകന്‍ വികാരാധീധനായി. എല്ലാവരും മണിപ്പുരില്‍ ഒരു ദിവസം താമസിച്ചാല്‍ കാര്യങ്ങള്‍ മനസിലാകുമെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ദേശീയ പാതകളില്‍ സ്വന്തമായ പരിശോധന സംഘങ്ങളുണ്ട്. അവര്‍ റോഡ് തടയുകയും പണം വാങ്ങുകയും ചെയ്യുന്നുവെന്നും അഭിഭാഷകന്‍ കോടതി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.