മണിപ്പൂര്‍ കലാപം: കേന്ദ്ര സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച

മണിപ്പൂര്‍ കലാപം: കേന്ദ്ര സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം പാര്‍ലമെന്റ് ഇന്ന് ചര്‍ച്ച ചെയ്യും. സുപ്രീം കോടതി ഉത്തരവിലൂടെ ലോക്‌സഭാ അംഗത്വം തിരികെ ലഭിച്ച രാഹുല്‍ ഗാന്ധി അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ചര്‍ച്ചകള്‍ക്ക് മറുപടി പറയും.

വര്‍ഷകാല സമ്മേളനത്തിനായി പാര്‍ലമെന്റ് ചേര്‍ന്ന് പന്ത്രണ്ടാം ദിവസമാണ് പ്രതിപക്ഷ നിര ഒറ്റക്കെട്ടായി നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കുന്നത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി സഭയിലെത്തി മറുപടി നല്‍കണമെന്ന ആവശ്യം നിരന്തരമായി അവഗണിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ പ്രതിപക്ഷ സഖ്യം തീരുമാനിച്ചത്.

അവിശ്വാസ പ്രമേയം പരാജയപ്പെട്ടാലും മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെക്കൊണ്ട് സഭയില്‍ സംസാരിപ്പിക്കുക എന്ന പ്രതിപക്ഷ ആവശ്യമാണ് മൂന്നു ദിവസം നീളുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയിലൂടെ ലക്ഷ്യം കാണാന്‍ പോകുന്നത്.

മണിപ്പൂരിനൊപ്പം ഹരിയാനയിലെ സംഘര്‍ഷങ്ങള്‍ കൂടി ഉയര്‍ത്തി കാണിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥ ലോക്‌സഭയില്‍ ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയായി ചര്‍ച്ചയില്‍ ഉന്നയിക്കും.

പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ' മുന്നണിക്ക് വേണ്ടി ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപ നേതാവ് ഗൗരവ് ഗോഗോയി ആണ് അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി തേടിയത്. ലോക്‌സഭയില്‍ ഭൂരിപക്ഷം ഉള്ളതിനാല്‍ അവിശ്വാസ പ്രമേയത്തില്‍ ബിജെപിക്ക് ആശങ്കയില്ല.

ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്. ടിഡിപി പാര്‍ട്ടികള്‍ ബിജെപിയെ പിന്തുണക്കും. ബിആര്‍എസ് 'ഇന്ത്യ' മുന്നണിയ്‌ക്കൊപ്പം അവിശ്വാസ പ്രമേയത്തെ അനുകൂലിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.