ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ ഇന്നലെ അഞ്ച് സ്ഥലങ്ങളില്‍ വെടിവയ്പ്പുണ്ടായി. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ വിവിധയിടങ്ങളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു.
മണിപ്പൂരിനെ വിഭജിക്കരുതെന്നും പ്രത്യേക ഭരണകൂടം എന്ന ആവശ്യം അംഗീകരിക്കരുതെന്നും ആവശ്യപ്പെട്ട് മെയ്തേയി സംഘടന പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. കുക്കി സംഘടന ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച ചെയ്യാനിരിക്കെയാണിത്.
കുക്കി സംഘടനയായ ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ നാലംഗ സംഘമാണ് അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നത്.
കുക്കികളുടെ സുരക്ഷയ്ക്കായി എല്ലാ മലയോര ജില്ലകളിലെയും മെയ്‌തേയി സംസ്ഥാന പൊലീസ് വിന്യാസം ഒഴിവാക്കുക, ഇംഫാലിലെ കുക്കി ജയില്‍ തടവുകാരെ സുരക്ഷ മുന്‍നിര്‍ത്തി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുക, പ്രത്യേക ഭരണകൂടം ഉള്‍പ്പെടെ ആവശ്യങ്ങളാണ് കുക്കികള്‍ മുന്നോട്ട് വയ്ക്കുന്നത്.
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ സുപ്രീം കോടതി നേരിട്ട് ഇടപെട്ടതിനിടെയാണ് ഇന്നലെ അഞ്ചിടങ്ങളില്‍ വെടിവയ്പ്പുണ്ടായത്. മൂന്നംഗ വനിതാ ജഡ്ജിമാരുടെ സമിതി രൂപീകരിച്ചാണ് സുപ്രീം കോടതി സമാധാന ശ്രമം തുടങ്ങിയത്. നിയമ വാഴ്ചയില്‍ ജനവിശ്വാസം വീണ്ടെടുക്കുകയാണ് പ്രഥമ ദൗത്യമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.