ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ അവിശ്വാസ പ്രമേയത്തിന്മേൽ ചർച്ച തുടങ്ങാനിരിക്കെ ലോക്സഭയിൽ ബഹളം. മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാരിന് എതിരായ ഇൻഡ്യ സഖ്യത്തിന്റെ അവിശ്വാസ പ്രമേയം ലോക്സഭ ഇന്നും നാളെയുമാണ് ചർച്ച ചെയ്യുക. ഗൗരവ് ഗോഗോയ് ആണ് പ്രമേയം അവതരിപ്പിക്കുന്നത്.
മണിപ്പൂർ കത്തുന്നത് ഇന്ത്യ കത്തുന്ന പോലെയാണെന്ന് ഗൗരവ് ഗൊഗോയ് അഭിപ്രായപ്പെട്ടു. "രാജ്യമാണ് കത്തുന്നത്. മണിപ്പൂരിലെ ജനങ്ങൾക്ക് നീതി വേണം. മോഡിയോട് മൂന്ന് ചോദ്യങ്ങളാണ് ഉള്ളത്. എന്തുകൊണ്ട് മണിപ്പൂരിൽ പോയില്ല. മൗനം വെടിയാൻ എന്തുകൊണ്ട് 80 ദിവസം വേണ്ടി വന്നു. മണിപ്പൂർ മുഖ്യമന്ത്രിയെ എന്തിനാണ് സംരക്ഷിക്കുന്നത്. രണ്ട് വിഭാഗങ്ങൾ ഇങ്ങനെ ഏറ്റുമുട്ടുന്നത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. മണിപ്പൂരിലെ ഡബിൾ എഞ്ചിൻ സർക്കാർ പരാജയമാണ്. ഏക ഇന്ത്യയെന്ന് പറഞ്ഞവർ മണിപ്പൂരിനെ രണ്ടാക്കി. പ്രധാനമന്ത്രിയുടെ മൗനം അവസാനിപ്പിക്കാനാണ് ഈ പ്രമേയം"-ഗൌരവ് ഗൊഗോയ് പറഞ്ഞു.
ഇന്റലിജൻസ് ഏജൻസികളുടെ പരാജയമാണ് മണിപ്പൂരിൽ കാണുന്നത്. 30 സെക്കന്റ് മാത്രമാണ് പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചത്. വീഡിയോ വൈറൽ ആയില്ലായിരുന്നെങ്കിൽ മോഡി ഇപ്പോഴും മൗനം പാലിക്കുമായിരുന്നു. എന്താണ് നടക്കുന്നതെന്ന് ബിജെപി നേതാക്കൾ തന്നെ ചോദിക്കുന്നു.
വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി മറുപടി പറയും. അവിശ്വാസം കൊണ്ടുവന്ന ഗൗരവ് ഗോഗോയ് കഴിഞ്ഞാൽ പ്രതിപക്ഷ നിരയിൽ നിന്ന് സംസാരിക്കുക രാഹുൽ ഗാന്ധിയാകും. കേന്ദ്രമന്ത്രിമാരിൽ നിർമ്മലാ സീതാരാമൻ, സ്മൃതി ഇറാനി, അമിത് ഷാ എന്നിവരാണ് ചർച്ചയിൽ സംസാരിക്കുക. കേരളത്തിൽ നിന്ന് 4 എംപിമാരുടെ പേര് ചർച്ചയിൽ പങ്കെടുക്കുന്ന പ്രതിപക്ഷ അംഗങ്ങളുടെ പട്ടികയിലുണ്ട്. ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ടി എൻ പ്രതാപൻ എന്നിവരാണ് കോൺഗ്രസ് പട്ടികയിൽ ഉള്ളത്. എൻ കെ പ്രേമചന്ദ്രൻ ആർ എസ് പിയിൽ നിന്ന് സംസാരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.