കോട്ടയം: പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അയര്‍ക്കുന്നം ബ്ലോക്ക് കമ്മറ്റി. മണര്‍കാട് പള്ളിയിലെ പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ബ്ലോക്ക് കമ്മറ്റി അറിയിച്ചു.
സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ടു വരെയാണ് പെരുന്നാള്‍, വന്‍ ജനത്തിരക്കുണ്ടാകുന്ന സമയത്തെ തെരഞ്ഞെടുപ്പ് വോട്ടിങ്ങിനെ ബാധിക്കും. സെപ്റ്റംബര്‍ ഒന്നിന് മുന്‍പോ എട്ടിന് ശേഷമോ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് കമ്മറ്റിയുടെ എതിര്‍പ്പ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ഒരു മാസം മാത്രമാണ് ഇനിയുള്ളത്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് വന്നത്. ഓഗസ്റ്റ് 17 നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സെപ്തംബര്‍ അഞ്ചിന് പുതുപ്പള്ളി മണ്ഡലത്തില്‍ ജനകീയ വോട്ടെടുപ്പ് നടക്കും. സെപ്റ്റംബര്‍ എട്ടിന് പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പകരക്കാരന്‍ ആരാണെന്ന് വ്യക്തമാകും.
അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചെങ്കിലും സിപിഐഎം സ്ഥാനാര്‍ത്ഥിയെ ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല. സിപിഐഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ശനിയാഴ്ചയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ജെയ്ക് സി. തോമസ് അടക്കം നാലു പേരാണ് പരിഗണനയിലുള്ളത്. കഴിഞ്ഞ രണ്ട് തവണയും ഉമ്മന്‍ചാണ്ടിയുടെ എതിരാളിയായി മത്സരിച്ചത് ജെയ്ക് സി. തോമസായിരുന്നു. ജെയ്ക് ഇല്ലെങ്കില്‍ റെജി സക്കറിയ, കെ.എം രാധാകൃഷ്ണന്‍ പുതുപ്പള്ളി പാര്‍ട്ടി ഏരിയാ സെക്രട്ടറി സുഭാഷ് വര്‍ഗീസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.