കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്നതിനിടെ കാണാതായ അനിലിനായി നാലാം ദിവസവും തിരച്ചിൽ തുടരുന്നു; ആശങ്കയിൽ കുടുംബം

കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്നതിനിടെ കാണാതായ അനിലിനായി നാലാം ദിവസവും തിരച്ചിൽ തുടരുന്നു; ആശങ്കയിൽ കുടുംബം

ഫുജൈറ: കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്നതിനിടയിൽ ഫുജൈറയിലെ കടലിൽ കാണാതായ മലയാളി മുങ്ങൽ വിദഗ്ധനായി നാലാം ദിവസവും തിരച്ചിൽ തുടരുന്നു. തൃശൂർ അടാട്ട് സ്വദേശി അനിൽ സെബാസ്റ്റ്യനെ (32) ആണ് കാണാതായത്. അനിൽ 10 വർഷത്തിലധികമായി ഡൈവിങ് രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. കടലിൽ നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ടിന്റെ (ഹൾ) ഉള്ളിൽ കയറി വൃത്തിയാക്കുന്ന ജോലിയിലെ സൂപ്പർവൈസറായിരുന്നു അനിൽ.

ഞായറാഴ്ചയാണ് അനിൽ കപ്പലിന്റെ ഹള്ളിൽ പ്രവേശിച്ചത്. ഒപ്പം ജോലിക്കുണ്ടായിരുന്നവർക്ക് പ്രവൃത്തി പരിചയം കുറവായതു കൊണ്ട് അനിൽ തന്നെ ജോലി ഏറ്റെടുക്കുകയായിരുന്നു. നിശ്ചിത സമയത്തിനു ശേഷവും അനിൽ മുകളിലേക്ക് തിരിച്ചെത്താത്തതിനെ തുടർന്ന് കപ്പൽ അധികൃതർ ഫുജൈറ പൊലീസിനെ അറിയിച്ചു.

മുങ്ങൽ വിദഗ്ധരും ഫുജൈറ കോസ്റ്റ് ഗാർഡും ചേർന്ന് നിലവിൽ തെരച്ചിൽ നടത്തുകയാണ്. മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ഏരിസ് മറൈന്റെ കപ്പലിലാണ് അനിൽ അകപ്പെട്ടതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. അനിൽ കപ്പലിന്റ ഏതു ഭാഗത്താണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. റിമോർട്ട്‌ലി ഓപ്പറേറ്റഡ് അണ്ടർവാട്ടർ വെഹിക്കിൾ (ആർഒവി) എത്തിച്ചുള്ള തിരച്ചിലാണ് ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കുക. ‌ഭാര്യ ടെസിയോടും 4 വയസ്സുകാരി കുഞ്ഞിനുമൊപ്പമാണ് അനിൽ ഫുജൈറയിൽ താമസിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.