നൈജീരിയയില്‍ കത്തോലിക്ക വൈദികനെയും വൈദിക വിദ്യാര്‍ഥിയെയും തട്ടിക്കൊണ്ടു പോയി; പ്രസിഡന്റിനെതിരേ രൂക്ഷ വിമര്‍ശനവുമായി കര്‍ദ്ദിനാള്‍

നൈജീരിയയില്‍ കത്തോലിക്ക വൈദികനെയും വൈദിക വിദ്യാര്‍ഥിയെയും തട്ടിക്കൊണ്ടു പോയി; പ്രസിഡന്റിനെതിരേ രൂക്ഷ വിമര്‍ശനവുമായി കര്‍ദ്ദിനാള്‍

അബൂജ: ക്രൈസ്തവ സഭകള്‍ക്കെതിരേ ആക്രമണങ്ങള്‍ പതിവായ നൈജീരിയയില്‍ കത്തോലിക്ക വൈദികനെയും വൈദിക വിദ്യാര്‍ഥിയെയും അക്രമികള്‍ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസം രാവിലെ നൈജര്‍ നഗരത്തിലെ ഗ്യേദ്നയിലെ വൈദിക വസതിയില്‍ നിന്നാണ് അക്രമികള്‍ ഫാ. പോള്‍ സനോഗോയെയും വൈദിക വിദ്യാര്‍ഥിയായ മെല്‍കിയോറി മഹിനിനിയെയും തട്ടിക്കൊണ്ടുപോയത്. ഇരുവരും മിന്ന രൂപതയിലെ സെന്റ് ലൂക്ക്‌സ് കാത്തലിക് ചര്‍ച്ച് അംഗങ്ങളാണ്. രണ്ടു പേരുടെയും മോചനത്തിനായി 70,000 ഡോളറാണ് അക്രമികള്‍ ആവശ്യപ്പെടുന്നത്.

ബുര്‍ക്കിന ഫാസോയില്‍ നിന്നുള്ള ഫാ. സനോഗോ, വൈറ്റ് ഫാദേഴ്‌സ് എന്നറിയപ്പെടുന്ന സന്യാസ സമൂഹത്തിലെ അംഗമാണ്. മെല്‍കിയോറി ഡൊമിനിക് മഹിനിനി ടാന്‍സാനിയയില്‍ നിന്നുള്ള വൈദിക വിദ്യാര്‍ത്ഥിയാണ്. ദൈവശാസ്ത്ര പഠനത്തിനു മുന്‍പായി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയതായിരുന്നു മെല്‍ക്കിയോര്‍. ഇരുവര്‍ക്കും വേണ്ടി പ്രാര്‍ഥന അഭ്യര്‍ത്ഥിച്ച് നൈജീരിയന്‍ നഗരമായ മിന്നയിലെ ബിഷപ്പ് മാര്‍ട്ടിന്‍സ് ഉസൗക്കു രംഗത്തുവന്നു.

'കര്‍ത്താവ് ഞങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയും സമാധാനത്തോടെ അവരെ തിരികെ നല്‍കുകയും ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു'- ബിഷപ്പ് മാര്‍ട്ടിന്‍സ് പറഞ്ഞു. ഇസ്ലാമിക തീവ്രവാദ സംഘടനയായ ബോക്കൊ ഹാറാമിന്റെ ആക്രമണം ശക്തമായ നൈജീരിയയില്‍ തട്ടിക്കൊണ്ടുപോകലുകള്‍ പതിവായിരിക്കുകയാണ്. 2022-ല്‍ ഇരുപതിലേറെ വൈദികര്‍ ബന്ദികളാക്കപ്പെട്ടിരുന്നു.

ബോല അഹമ്മദിന്റെ പ്രസിഡന്റ് പദവി താല്‍ക്കാലികമെന്ന്
കര്‍ദ്ദിനാള്‍ ജോണ്‍ ഒനായേക്കന്‍

അതേസമയം, നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിനെതിരേ രൂക്ഷ വിമര്‍ശനവുമായി കര്‍ദ്ദിനാള്‍ ജോണ്‍ ഒനായേക്കന്‍ രംഗത്തുവന്നു. ടിനുബു വിജയിയായ പ്രസിഡന്റ് തിരഞ്ഞെടുപ്പിലുണ്ടായ കൃത്രിമം സംബന്ധിച്ച് കോടിതിയിലുള്ള ഹര്‍ജികളില്‍ വിധി വരുന്നതു വരെ അദ്ദേഹം വഹിക്കുന്നത് താത്കാലിക പദവി മാത്രമാണെന്നു കര്‍ദ്ദിനാള്‍ വ്യക്തമാക്കി.


കര്‍ദ്ദിനാള്‍ ജോണ്‍ ഒനായേക്കന്‍

'എല്ലാ തിരഞ്ഞെടുപ്പ് ഹര്‍ജികളും കോടതി കേള്‍ക്കുകയും ടിനുബുവിന്റെ പ്രസിഡന്റ് സ്ഥാനം ഒന്നുകില്‍ സ്ഥിരീകരിക്കുകയോ അല്ലെങ്കില്‍ റദ്ദാക്കുകയോ ചെയ്യുമ്പോള്‍ മാത്രമേ നൈജീരിയയ്ക്ക് ഒരു പ്രസിഡന്റുണ്ടാകൂ. അതുവരെ, ടിനുബു രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റ് മാത്രമായിരിക്കും' - നൈജീരിയ കാത്തലിക് നെറ്റ്വര്‍ക്ക് റിപ്പോര്‍ട്ടില്‍ കര്‍ദ്ദിനാള്‍ ഒനായേക്കന്‍ തന്റെ നിലപാട് വ്യക്തമാക്കി.

ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ തുടര്‍ക്കഥയായ നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള പൗരന്മാര്‍ സുരക്ഷിതരല്ലെന്ന് ഉറക്കെ പറഞ്ഞിട്ടുള്ള നിര്‍ഭയ വ്യക്തിത്വമാണ് കര്‍ദ്ദിനാള്‍ ജോണ്‍ ഒനായേക്കന്‍.

കഴിഞ്ഞ ഫെബ്രുവരിയില്‍ നൈജീരിയയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ഭരണകക്ഷിയായ ഓള്‍ പ്രോഗ്രസീവ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ബോല അഹമ്മദ് ടിനുബു വിജയിച്ചത്. മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ടിനുബു. എന്നാല്‍ ഫലപ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ, വോട്ടെണ്ണലില്‍ കൃത്രിമം നടത്തിയാണ് ടിനുബു വിജയം നേടിയതെന്ന് ആരോപിച്ച് പ്രതിപക്ഷവും കത്തോലിക്ക ബിഷപ്പുമാരും രംഗത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസുകള്‍ നടക്കുന്നതിനിടെയാണ് നിയമവ്യവസ്ഥിതിയെ വെല്ലുവിളിച്ച് മെയ് 29 ന് നൈജീരിയയുടെ പ്രസിഡന്റായി ടിനുബു സത്യപ്രതിജ്ഞ ചെയ്തത്.

'നമ്മുടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ചെയ്ത പ്രസിഡന്റ്, തന്റെ പദവി നിയമപരമായി സ്ഥിരീകരിക്കുന്നത് വരെ താത്കാലിക പദവിയില്‍ തുടരുക എന്നതാണ് തന്റെ നിലപാടെന്ന്് കര്‍ദ്ദിനാള്‍ ഒനായേക്കന്‍ വ്യക്തമാക്കി.

ഇന്‍ഡിപെന്‍ഡന്റ് നാഷണല്‍ ഇലക്ടറല്‍ കമ്മീഷന്‍ (ഐഎന്‍ഇസി) നടത്തിയ വോട്ടെടുപ്പ് ഫലങ്ങള്‍ അന്തിമമല്ലെന്ന് നൈജീരിയന്‍ കര്‍ദിനാള്‍ പറഞ്ഞു. അത് കോടതിയുടെ വിധിന്യായത്തിന് വിധേയമാണ്. ഫലപ്രഖ്യാപനം സ്ഥിരീകരിക്കുകയോ നിരസിക്കുകയോ ചെയ്യാന്‍ കോടതിക്ക് അധികാരമുണ്ട്.

ബോല അഹമ്മദിന്റെ പദവി കോടതി സ്ഥിരീകരിച്ചാല്‍ പ്രസിഡന്റിന് താന്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് കര്‍ദ്ദിനാള്‍ ഒനായേക്കന്‍ പറഞ്ഞു. മറിച്ച് കോടതി പ്രസിഡന്റ് സ്ഥാനം റദ്ദാക്കിയാല്‍ അദ്ദേഹം ഉടന്‍ സ്ഥാനം ഒഴിയണമെന്നും കര്‍ദ്ദിനാള്‍ ഓര്‍മിപ്പിച്ചു.

മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ലേബര്‍ പാര്‍ട്ടിയുടെ പീറ്റര്‍ ഒബിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (പിഡിപി) അബൂബക്കര്‍ അതികുവും ടിനുബുവിന്റെ വിജയത്തെ വെല്ലുവിളിച്ച് മാര്‍ച്ചില്‍ കോടതിയെ സമീപിച്ചിരുന്നു.

തങ്ങളുടെ ഹര്‍ജികളില്‍, ഒബിയും അതികുവും വോട്ടെടുപ്പില്‍ വിജയിച്ചതായി അവകാശപ്പെടുകയും ടിനുബുവിന് ഭൂരിപക്ഷ വോട്ടുകള്‍ ലഭിച്ചില്ലെന്ന് കോടതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഐഎന്‍ഇസിയുടെ കണക്കനുസരിച്ച് ടിനുബു 8.8 ദശലക്ഷം വോട്ടുകളാണ് നേടിയത്. പീറ്റര്‍ ഒബിയുടെ 6.1 ദശലക്ഷം വോട്ടുകള്‍ നേടിയപ്പോള്‍ അബൂബക്കര്‍ അതികു സ്വന്തമാക്കിയത് 6.9 ദശലക്ഷം വോട്ടുകളാണ്.

ആരെങ്കിലും സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് കോടതിയിലുള്ള എല്ലാ കേസുകളും തീര്‍പ്പാക്കണമെന്ന് കര്‍ദ്ദിനാള്‍ ഒനായേക്കന്‍ ആവശ്യപ്പെട്ടു.  നൈജീരിയയുടെ പുരോഗതിക്കായി തിരഞ്ഞെടുപ്പ് നിയമങ്ങള്‍ പുനര്‍രൂപകല്‍പ്പന ചെയ്യേണ്ടതുണ്ടെന്ന് കര്‍ദിനാള്‍ ഒനായേക്കന്‍ പറഞ്ഞു. വിദേശ രാജ്യങ്ങളിലെന്ന പോലെ, ഏറ്റവും കുറഞ്ഞ പകപോക്കലോടും വിവാദമില്ലാതെയും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.