അബുദാബി: കുട്ടികളെ കാറിൽ തനിച്ച് ഇരുത്തി പുറത്ത് പോകുന്ന രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്. അടച്ചിട്ട വാഹനത്തിൽ താപനില അതിവേഗം ഉയരുമെന്നും ഇത് അപകടത്തിന് കാരണമാകുമെന്നും പൊലീസ് അറിയിച്ചു. നിയമം ലംഘിക്കുന്ന രക്ഷിതാക്കൾക്ക് പത്ത് വർഷം വരെ തടവും പത്ത് ലക്ഷം വരെ പിഴയും ശിക്ഷയായി ലഭിക്കും.
കുട്ടികളെ വാഹനങ്ങളിൽ ഇരുത്തിയ ശേഷം രക്ഷിതാക്കൾ ഷോപ്പിംങിനോ മറ്റ് ആവശ്യങ്ങൾക്കോ പോകുന്ന പ്രവണത കൂടി വരുന്നതായാണ് ദുബായ് പൊലീസിൻ്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം ആദ്യ ആറ് മാസക്കാലയളവിനിടയിൽ 118 കുട്ടികളെയാണ് ദുബായ് പൊലീസ് വിവിധയിടങ്ങളിൽ നിന്നായി വാഹനങ്ങളിൽ നിന്ന് രക്ഷിച്ചത്.
വീടുകളിൽ കുട്ടികളെ ഒറ്റയ്ക്കാക്കി പൂട്ടിപോകുന്നതിലും വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ വാഹനങ്ങളിൽ ഒറ്റക്കാക്കി പോകുന്നത് അവരുടെ ജീവന് തന്നെ ഭീഷണി സൃഷ്ടിക്കുമെന്ന് ദുബായ് പൊലീസിന് കീഴിൽ പ്രവർത്തിക്കുന്ന ലാൻഡ് റെസ്‌ക്യു ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. കുട്ടികളെ കാറിൽ തനിച്ചാക്കി പോകുന്നത് ചെറിയ സമയത്തേക്കാണെങ്കിൽ പോലും അപകടമാണ്. അടച്ചിട്ടിരിക്കുന്ന വാഹനത്തിനുള്ളിലെ താപനില അതിവേഗത്തിൽ വർദ്ധിക്കുമെന്നും ലാൻഡ് റെസ്‌ക്യു ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി. രക്ഷിതാക്കളുടെ അശ്രദ്ധമൂലം കുട്ടികൾക്ക് ആപത്ത് സംഭവിച്ചാൽ നിയമനടപടി നേരിടേണ്ടിവരുമെന്നും പൊലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.