പുതുവർഷത്തെ വരവേല്‍ക്കാനൊരുങ്ങി യുഎഇ

പുതുവർഷത്തെ വരവേല്‍ക്കാനൊരുങ്ങി യുഎഇ

ദുബായ്: പുതുവർഷത്തെ വരവേല്‍ക്കാന്‍ യുഎഇ ഒരുങ്ങി. വിവിധ എമിറേറ്റുകളില്‍ പുതുവത്സര പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ദുബായില്‍ ബു‍ർജ് ഖലീഫയിലെ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗം തന്നെയാണ് പ്രധാന ആക‍ർഷണം.

പുതുവർഷരാവിനോട് അനുബന്ധിച്ച് ദുബായ് മെട്രോ സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മെട്രോ റെഡ് ലൈന്‍ ഡിസംബർ 31 ന് രാവിലെ അഞ്ച് മണിക്ക് ആരംഭിക്കുന്ന പ്രവർത്തനം ജനുവരി രണ്ട് പുലർച്ചെ ഒരുമണിവരെ തുടരും. ഗ്രീന്‍ ലൈനിന്‍റെ സഞ്ചാരം ഡിസംബർ 31ന് രാവിലെ അഞ്ച് മുപ്പത് മുതല്‍ ജനുവരി രണ്ട് പുലർച്ചെ ഒരുമണിവരെയായിരിക്കും. ബുർജിലെ ആഘോഷങ്ങളിൽ പങ്കെടുക്കാനായി എത്തുന്നവർക്ക് സൗജന്യമായി ബസ് സർവ്വീസ് ഒരുക്കുമെന്ന് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട് അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. 200 ഓളം ബസുകള്‍ ഇത്തരത്തില്‍ സർവ്വീസ് നടത്തും.

ഡൗണ്‍ ടൗണ്‍ ദുബായ്, ഗ്ലോബല്‍ വില്ലേജ്, അറ്റ്ലാന്‍റിസ് പാം, ബുർജ് അല്‍ അറബ്, അല്‍ സീഫ് എന്നിവിടങ്ങളിലും കരിമരുന്ന് പ്രയോഗമുണ്ടാകും. ഇത് കൂടാതെ ദുബായ് ബ്ലൂ വാട്ടേഴ്സ് ദ്വീപിലും ഇത്തവണ കരിമരുന്ന് പ്രയോഗം ഉണ്ടാകും. ഡിസംബർ 31ന് രാത്രി 12 മണിക്കും, ജനുവരി ഒന്നിന് രാത്രി എട്ട് മണിക്കുമായിരിക്കും കരിമരുന്ന് പ്രയോഗം. അബുദബിയില്‍ ഗിന്നസ് റെക്കോർ‍ഡ് ലക്ഷ്യമിട്ടാണ് കരിമരുന്ന് പ്രയോഗങ്ങള്‍ നടക്കുക.

റാസല്‍ ഖൈമയില്‍ ഡിസംബർ 31ന് 10മിനിറ്റ് നീണ്ടു നില്‍ക്കുന്ന കരിമരുന്ന് പ്രയോഗമുണ്ടാകും. നാലുകിലോമീറ്റർ ചുറ്റളവിലാണ് ഇത് നടക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത.അല്‍ മർജാന്‍ ദ്വീപിലെ കടലിന് മുകളിലാണ് കരിമരുന്ന് പ്രയോഗം. രാജ്യത്ത് കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചാവണം ആഘോഷങ്ങളെന്ന് വിവിധ എമിറേറ്റുകളിലെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.