'ഫ്‌ളയിങ് കിസ് മാഡം ജീയെ വേദനിപ്പിച്ചു, മണിപ്പുരിലെ സ്ത്രീകള്‍ക്കു സംഭവിച്ച കാര്യങ്ങളില്‍ യാതൊരു പ്രശ്നവുമില്ലെ?': രൂക്ഷ വിമര്‍ശനവുമായി പ്രകാശ് രാജ്

'ഫ്‌ളയിങ് കിസ് മാഡം ജീയെ വേദനിപ്പിച്ചു, മണിപ്പുരിലെ സ്ത്രീകള്‍ക്കു സംഭവിച്ച കാര്യങ്ങളില്‍ യാതൊരു പ്രശ്നവുമില്ലെ?': രൂക്ഷ വിമര്‍ശനവുമായി പ്രകാശ് രാജ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ 'ഫ്ളയിങ് കിസ്' പരാതിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രസംഗിച്ചശേഷം മടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി ബിജെപി ബെഞ്ചുകള്‍ക്കു നേരെ 'ഫ്ളയിങ് കിസ്' നല്‍കിയെന്നായിരുന്നു സ്മൃതിയുടെ ആരോപണം. സഭയുടെ അന്തസിനു നിരക്കാത്ത വിധം രാഹുല്‍ പെരുമാറിയെന്നാരോപിച്ച് ബിജെപിയുടെ വനിതാ എംപിമാര്‍ സ്പീക്കര്‍ക്കു പരാതി നല്‍കിയിരുന്നു.

സ്മൃതി ഇറാനി ഈ ആരോപണം ഉന്നയിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന എഎന്‍ഐയുടെ പോസ്റ്റ് പങ്കുവച്ചാണ് പ്രകാശ് രാജ് രൂക്ഷ വിമര്‍ശനം നടത്തിയത്. സ്മൃതി ഇറാനിക്ക് ഫ്ളയിങ് കിസ് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും മണിപ്പുരിലെ സ്ത്രീകള്‍ക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ യാതൊരു പ്രശ്നവുമില്ലെന്നായിരുന്നു പ്രകാശ് രാജിന്റെ വിമര്‍ശനം.



''മുന്‍ഗണനകളാണ് പ്രശ്നം. മാഡം ജീക്ക് ഫ്ളയിങ് കിസ് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. പക്ഷേ, മണിപ്പുരിലെ നമ്മുടെ സ്ത്രീകള്‍ക്കു സംഭവിച്ച കാര്യങ്ങളില്‍ യാതൊരു പ്രശ്നവുമില്ല'' എന്ന് ഹാഷ്ടാഗുകള്‍ സഹിതമാണ് പ്രകാശ് രാജ് കുറിച്ചത്.

മണിപ്പുര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് ആരോപിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോഡി മൗനം തുടരുന്നുവെന്ന് വിമര്‍ശിച്ചുമാണ് അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ഗൗരവ് ഗൊഗോയ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ രണ്ടാം ദിനം പ്രസംഗിച്ച രാഹുല്‍ ഗാന്ധി മോഡിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ഈ പ്രസംഗത്തിനു ശേഷം രാഹുല്‍ മടങ്ങുമ്പോഴാണ്, ഫ്‌ളയിങ് കിസ് വിവാദം ഉയര്‍ന്നത്. രാഹുല്‍ മടങ്ങുന്ന സമയത്ത് ബിജെപി അംഗങ്ങള്‍ കൂവിയിരുന്നു. സന്ദര്‍ശക ഗാലറിയിലുണ്ടായിരുന്ന കെ.സി വേണുഗോപാലിനും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കും നേരെ കൈവീശിക്കാണിച്ച ശേഷം ബിജെപി ബെഞ്ചുകള്‍ക്കു നേരെയും രാഹുല്‍ കൈവീശിയിരുന്നു. ഇതിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. എന്നാല്‍, ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ അങ്ങനെയൊന്നും കണ്ടില്ലെന്നായിരുന്നു ബിജെപി എംപിയായ ഹേമമാലിനിയുടെ മറുപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.