'മോഡി' പരാമര്‍ശം: രാഹുല്‍ ഗാന്ധിക്ക് സ്റ്റേ നിഷേധിച്ച ജസ്റ്റിസിനെ മാറ്റാന്‍ കൊളീജിയം; നാല് ജഡ്ജിമാര്‍ക്ക് സ്ഥലംമാറ്റം

'മോഡി' പരാമര്‍ശം: രാഹുല്‍ ഗാന്ധിക്ക് സ്റ്റേ നിഷേധിച്ച ജസ്റ്റിസിനെ മാറ്റാന്‍ കൊളീജിയം; നാല് ജഡ്ജിമാര്‍ക്ക് സ്ഥലംമാറ്റം

ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളിയ ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഹേമന്ത് പ്രച്ഛകിന് സ്ഥലം മാറ്റം. മോഡി പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള സൂറത്ത് മജിസ്‌ട്രേട്ട് കോടതി വിധിക്ക് സ്റ്റേ നിഷേധിച്ച ജസ്റ്റിസ് ഹേമന്ദ് എം. പ്രച്ഛക് അടക്കം ഗുജറാത്ത് ഹൈക്കോടതിയിലെ നാല് ജഡ്ജിമാരെ സ്ഥലം മാറ്റാനാണ് സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഗുജറാത്ത് കലാപത്തിലെ വ്യാജ തെളിവുകേസില്‍ എഫ്‌ഐആര്‍ ഒഴിവാക്കാനുള്ള ടീസ്റ്റ സെതല്‍വാദിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു നിന്ന ജസ്റ്റിസ് സമിര്‍ ദാവെ, ശിക്ഷ ഒഴിവാക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയ ജസ്റ്റിസ് ഗീതാ ഗോപി എന്നിവരുടെ പേരും സ്ഥലംമാറ്റ ശുപാര്‍ശാ പട്ടികയിലുണ്ട്.

ഹേമന്ദിനെ പറ്റ്‌ന ഹൈക്കോടതിയിലേക്ക് മാറ്റാനാണ് ശുപാര്‍ശ. മെച്ചപ്പെട്ട നീതി നടപ്പാക്കാന്‍ എന്നാണ് സ്ഥലംമാറ്റ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളിയ ഹേമന്ത് പ്രച്ഛകിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. 23 ജഡ്ജിമാരെ സ്ഥലം മാറ്റുന്നതിനാണ് സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ നല്‍കിയിട്ടുള്ളത്. അലഹാബാദ്, ഗുജറാത്ത്, പഞ്ചാബ് ആന്‍ഡ് ഹരിയാന, തെലങ്കാന ഹൈക്കോടതികളില്‍ നിന്ന് നാലു ജഡ്ജിമാരെ സ്ഥലം മാറ്റും. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് മൂന്നു ജഡ്ജിമാരെയും മാറ്റും.

രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനസ്ഥാപിച്ചു കൊണ്ടുള്ള ഉത്തരവ് വന്നതിന്റെ തലേന്ന് ചേര്‍ന്ന കൊളീജിയത്തിന്റേതാണ് ശുപാര്‍ശ. ജാമ്യം ലഭിക്കാവുന്ന അപകീര്‍ത്തിക്കേസില്‍ പരാമവധി ശിക്ഷ വിധിച്ചതിലെ യുക്തിയും സ്റ്റേ അനുവദിക്കാത്തതിലുള്ള ന്യായവും വ്യക്തമാക്കുന്നതില്‍ ഗുജറാത്ത് ഹൈക്കോടതി പരാജയപ്പെട്ടെന്നും ജനപ്രതിനിധി എന്ന ഘടകം കണക്കിലെടുത്തില്ലെന്നും രാഹുലിന് അനുകൂലമായ വിധിയില്‍ സുപ്രീം കോടതി പരാമര്‍ശിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.