മാര്‍പ്പാപ്പയുടെ പുതിയ മോത്തു പ്രോപ്രിയോ; വ്യക്തിഗത പ്രെലേച്ചറുകള്‍ക്കായുള്ള സഭാ നിയമത്തില്‍ ഭേദഗതി

മാര്‍പ്പാപ്പയുടെ പുതിയ മോത്തു പ്രോപ്രിയോ; വ്യക്തിഗത പ്രെലേച്ചറുകള്‍ക്കായുള്ള സഭാ നിയമത്തില്‍ ഭേദഗതി

ജോസ്‌വിന്‍ കാട്ടൂര്‍

വത്തിക്കാന്‍ സിറ്റി: പൊന്തിഫിക്കല്‍ പദവിയിലുള്ള വ്യക്തിഗതമായ പ്രെലേച്ചറുകളെ സംബന്ധിക്കുന്ന സഭാ നിയമത്തില്‍ ഭേദഗതി വരുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇതു സംബന്ധിച്ചുള്ള മാര്‍പ്പാപ്പയുടെ സ്വാധികാര (ാീൗേ ുൃീുൃശീ) അപ്പസ്‌തോലിക രേഖ, ഒസര്‍വത്തോരെ റൊമാനോയിലും വത്തിക്കാന്‍ ഗസറ്റായ 'ആക്ത അപ്പസ്‌തോലിച്ചേ സേദിസി'ലും പ്രസിദ്ധീകരിച്ചു.

ഒരു മെത്രാന്റെ നേതൃത്വത്തില്‍, അധികാര ശ്രേണിയുള്ള ഘടനയോടെ പ്രവര്‍ത്തിക്കുന്ന വിശ്വാസികളുടെ ഒരു സമൂഹമാണ് വ്യക്തിഗത പ്രെലേച്ചര്‍ എന്നറിയപ്പെടുന്നത്. ഇപ്രകാരമുള്ള ഘടനയില്‍, മെത്രാനടുത്ത അധികാരമുള്ളയാള്‍ അതിന്റെ തലവനും ഐക്യത്തിന്റെ നിദാനവുമാകുമ്പോള്‍, പുരോഹിതരും ഡീക്കന്മാരും അദ്ദേഹത്തിന്റെ സഹായികളായി പ്രവര്‍ത്തിക്കുന്നു. പ്രത്യേക പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന രൂപതകളുടെ ഘടനയില്‍ നിന്നു വ്യത്യസ്തമായി, വ്യക്തിഗത പ്രെലേച്ചറുകള്‍ക്ക്, അവയുടെ അംഗങ്ങള്‍ എവിടെ താമസിച്ചാലും അവരുടെ മേല്‍ അധികാരം ഉണ്ടായിരിക്കും. അവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രെലേച്ചറിന്റെ അപ്പസ്‌തോലിക പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനുള്ള അവകാശവും അംഗങ്ങള്‍ക്കു ലഭിക്കുന്നു.

നിലവില്‍ 'ഓപുസ് ദേയി' എന്ന സംഘടന മാത്രമാണ് വ്യക്തിഗത പ്രെലേച്ചര്‍ പദവിയിലുള്ളത്. 1928-ല്‍ വിശുദ്ധ ഹോസെ മരിയ എസ്‌ക്രിവ ആരംഭിച്ചതാണ് ഈ സംഘടന. 1982-ല്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയാണ് ഓപുസ് ദേയിക്ക് വ്യക്തിഗത പ്രെലേച്ചര്‍ പദവി നല്‍കിയത്.

റോമന്‍ കൂരിയയുടെ പുതുക്കിയ ഭരണഘടനയായ 'പ്രെദിക്കാത്തെ ഏവഞ്ചേലിയം' 117-ാം ആര്‍ട്ടിക്കിള്‍ പ്രകാരം 295, 296 എന്നീ കാനോനകള്‍ക്കാണ് മാര്‍പ്പാപ്പ ഭേദഗതികള്‍ വരുത്തിയത്. അതനുസരിച്ച് വ്യക്തിഗത പ്രെലേച്ചറുകള്‍ വൈദികര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

295-ാം കാനോനയില്‍ വരുത്തിയ ഭേദഗതി പ്രകാരം, വ്യക്തിഗത പ്രെലേച്ചറുകള്‍ ഇനിമുതല്‍ വൈദികര്‍ക്ക് അംഗത്വം കൊടുക്കുവാന്‍ അധികാരമുള്ള പൗരോഹിത്യ പൊതു സംഘടനകളുടെ നിലയിലാണ് പരിഗണിക്കപ്പെടുക. ഈ കാനോനയുടെ രണ്ടാം ഖണ്ഡികയനുസരിച്ച്, സംഘടനയില്‍ അംഗത്വം നേടുന്ന വൈദികരുടെ പരിശീലനത്തിലും പ്രെലേച്ചറിന്റെ അംഗമെന്ന നിലയിലുള്ള അപ്പസ്‌തോലിക ശുശ്രൂഷയുടെ നിയമന കാര്യങ്ങള്‍ക്കും സംഘടനാധ്യക്ഷന് മെത്രാനടുത്ത അധികാരങ്ങളുണ്ടായിരിക്കും.

296-ാം കാനോനയില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രകാരം, അല്‍മായര്‍ക്ക് പ്രെലേച്ചറിന്റെ അംഗീകൃത നിയമസംഹിതയില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചുള്ള അപ്പസ്‌തോലിക പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ അനുവാദമുണ്ടായിരിക്കും. പ്രെലേച്ചറുമായി നിശ്ചയിക്കുന്ന പ്രത്യേക ഉടമ്പടി പ്രകാരം അല്‍മായര്‍ വ്യക്തിഗത പ്രെലേച്ചറുകളില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ 107-ാം കാനോന കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം അനുവര്‍ത്തിക്കേണ്ടത്.

ഓഗസ്റ്റ് എട്ടിന് പ്രസിദ്ധപ്പെടുത്തിയ ഈ പുതിയ മോത്തു പ്രോപ്രിയോ അതേ ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26