പനാജി: പനാജി-മറാത്ത യോദ്ധാവ് ഛത്രപതി ശിവജി മഹാരാജ് ദൈവമല്ലെന്ന് പറഞ്ഞതിന്റെ പേരിൽ പൊലിസ് കേസെടുത്ത ഗോവ അതിരൂപത വൈദികനായ ഫാദർ ബോൾമാക്സ് പെരേരക്ക് മുൻകൂർ ജാമ്യം. ഹിന്ദു സംഘടനകളുടെ പരാതിയെ തുടർന്ന് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഫാദർ ബോൾമാക്സ് പെരേരക്കെതിരെ കേസെടുത്തത്.
ഗോവ അതിരൂപതയിലെ ചിക്കാലിമിലെ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിലെ ഇടവക വികാരിയാണ് ഫാദർ ബോൾമാക്സ് പെരേര. പതിനേഴാം നൂറ്റാണ്ടിലെ ഹിന്ദു രാജാവായ ഛത്രപതി ശിവജി ഒരു ദേശീയ നായകനായിരുന്നു, പക്ഷേ ഒരു ദൈവമല്ല എന്നാണ് വൈദികൻ പ്രസംഗത്തിനിടെ പറഞ്ഞത്.
ശിവജിയെ ദൈവമായി കാണുന്ന കുറച്ച് ആളുകൾ ഉണ്ട്, അദ്ദേഹം ഒരു ദേശീയ നായകനാണ്. നാം ബഹുമാനിക്കണം. തന്റെ ജനതയെ സംരക്ഷിക്കാൻ നടത്തിയ പോരാട്ടങ്ങൾക്ക് ബഹുമാനം അർഹിക്കുന്നുണ്ട്. ശിവാജി ഒരു നായകനാണ്, പക്ഷേ ഒരു ദൈവമല്ല. നമുക്ക് നമ്മുടെ ഹിന്ദു സഹോദരന്മാരോട് 'ശിവജി നിങ്ങളുടെ ദൈവമാണോ? അതോ ദേശീയ നായകനോ?’ എന്ന് ചോദിക്കാം. അദ്ദേഹം ദേശീയ ഹീറോ ആണെങ്കിൽ അത് അങ്ങനെയിരിക്കട്ടെ ദൈവമാക്കരുത് എന്നായിരുന്നു പ്രസംഗത്തിലെ ഭാഗം. പ്രസംഗം സോഷ്യൽ മീഡിയയിലടക്കം വൈറലാവുകയും ചെയ്തു.
ഹിന്ദു ദേശീയ സംഘടനകൾ പുരോഹിതന്റെ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയതിന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രകടനങ്ങൾ നടത്തുകയും ചെയ്തിരുന്നു. അതേ സമയം ബോൾമാക്സ് പെരേരയെ കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് അറിയിച്ച് പൊലിസ് റിപ്പോർട്ട് സമർപ്പിച്ചു. കോടതി വൈദികന് മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു.
പ്രസ്‌താവനയുടെ ഒരു ഭാഗം മാത്രം മുറിച്ചു മാറ്റിയെന്ന് അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയി. മറുഭാഗം ശിവാജി മഹാരാജിന്റെ വീരത്വത്തെയും തന്റെ ജനങ്ങളെ സംരക്ഷിച്ചതിന്റെയും പ്രകീർത്തിയെക്കുറിച്ചായിരുന്നു പറഞ്ഞതെന്നും വൈദികൻ പറഞ്ഞു.
തെക്കൻ ഗോവയിലെ കുങ്കോലിം, കാനക്കോണ എന്നിവയുൾപ്പെടെ മറ്റ് പോലീസ് സ്റ്റേഷനുകളിലും പരാതികൾ ലഭിച്ചെങ്കിലും വാസ്കോ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. വൈദികനെ അറസ്റ്റ് ചെയ്യാൻ ബജ്‌റംഗ്ദൾ ആവശ്യപ്പെടുകയായിരുന്നു. ബജ്‌റംഗ്ദൾ ഉൾപ്പെടെ സംസ്ഥാനത്തെ നിരവധി വലതുപക്ഷ സംഘടനകൾ അദ്ദേഹത്തിന്റെ പരാമർശത്തെ അപലപിച്ച് രംഗത്തുവന്നു. വൈദികനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ബജ്‌റംഗ്ദൾ പ്രവർത്തകർ വാസ്കോ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പ്രദേശം സംഘർഷഭരിതമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.