ന്യൂഡല്‍ഹി: അക്രമം രൂക്ഷമായതോടെ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ എത്രയും പെട്ടന്ന് വിടണമെന്ന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം.
'നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നൈജറിലെ ഇന്ത്യന്‍ പൗരന്മാര്‍ എത്രയും പെട്ടെന്ന് രാജ്യം വിടണം. കര അതിര്‍ത്തിയിലൂടെ പുറപ്പെടുമ്പോള്‍ സുരക്ഷ ഉറപ്പാക്കണം. പരമാവധി മുന്‍കരുതലുകള്‍ എടുത്തു വേണം രാജ്യം വിടാന്‍'- വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.
നിലവില്‍ 250 ലധികം ഇന്ത്യക്കാര്‍ നൈജറില്‍ താമസിക്കുന്നുണ്ട്. കഴിഞ്ഞ മാസത്തെ പട്ടാള അട്ടിമറിയെത്തുടര്‍ന്നാണ് നൈജറില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ളും അക്രമങ്ങളും അറങ്ങേറുന്നത്. നൈജറില്‍ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയ പ്രസിഡന്റായിരുന്ന മുഹമ്മദ് ബസൗം വീട്ടു തടങ്കലിലാണ്. 2011 മുതല്‍ പ്രസിഡന്റിന്റെ സേനാമേധാവി ആയിരുന്ന ജനറല്‍ അബ്ദുറഹ്മാനെ ഷിയാമിയുടെ നേതൃത്വത്തിലായിരുന്നു അട്ടിമറി നടന്നത്.
തലസ്ഥാനമായ നിയാമെയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചുപൂട്ടിയ സൈന്യം ഭരണഘടന റദ്ദുചെയ്യുകയും ഭരണഘടനാ സ്ഥാപനങ്ങള്‍ പിരിച്ചു വിടുകയും ചെയ്തു. രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിലും രാജ്യസുരക്ഷ ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പട്ടാള അട്ടിമറിക്ക് നേതൃത്വം നല്‍കിയ ഷിയാമി ആരോപിച്ചു. വിഷയത്തില്‍ വിദേശരാജ്യങ്ങള്‍ ഇടപെടരുതെന്നും ആഭ്യന്തര കാര്യമാണെന്നും ഷിയാമി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നതുവരെ നൈജറിലേക്ക് പോകരുതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിയാമിയിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരും ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്നും അരിന്ദം ബാഗ്ചി മുന്നറിയിപ്പ് നല്‍കി.
ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഏത് സഹായത്തിനും ഇന്ത്യന്‍ എംബസിയായ നിയാമിയില്‍ (+ 227 9975 9975) അടിയന്തിരമായി ബന്ധപ്പെടാമെന്നും അറിയിച്ചിട്ടുണ്ട്. നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ നൈജറില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ ഇതിനോടകം ഒഴിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.