തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം: സമിതിയില്‍ ചീഫ് ജസ്റ്റിസ് വേണമെന്ന് നിര്‍ദേശിച്ച് അദ്വാനി മന്‍മോഹന്‍ സിങിന് അയച്ച കത്ത് പുറത്തുവിട്ട് കോണ്‍ഗ്രസ്

തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം: സമിതിയില്‍ ചീഫ് ജസ്റ്റിസ് വേണമെന്ന് നിര്‍ദേശിച്ച് അദ്വാനി മന്‍മോഹന്‍ സിങിന് അയച്ച കത്ത് പുറത്തുവിട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും നിയമിക്കാനുള്ള സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിനെ ഒഴിവാക്കാന്‍ കേന്ദ്രം രാജ്യസഭയില്‍ അവതരിപ്പിച്ച ബില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിരിക്കേ 2012 ല്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷനായിരുന്ന എല്‍.കെ അദ്വാനി അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് അയച്ച കത്ത് കോണ്‍ഗ്രസ് പുറത്തു വിട്ടു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റംഗങ്ങളെയും തിരഞ്ഞെടുക്കേണ്ടത് അഞ്ചംഗങ്ങളുള്ള സമിതിയോ, കൊളീജിയമോ ആയിരിക്കണമെന്ന് നിര്‍ദേശിച്ചാണ് അദ്വാനി കത്തയച്ചിരിക്കുന്നത്. പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പാര്‍ലമെന്റിലെ ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കള്‍, നിയമമന്ത്രി എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പാനലാണ് അദ്വാനി കത്തില്‍ നിര്‍ദേശിച്ചിരുന്നത്.

പ്രധാനമന്ത്രിയുടെ ഉപദേശ പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളെ രാഷ്ട്രപതി നിയമിക്കുന്ന നിലവിലെ സംവിധാനം ജനങ്ങള്‍ക്കിടയില്‍ വിശ്വാസം ഉളവാക്കുന്നില്ലെന്നും 2012 ജൂണ്‍ രണ്ടിനെഴുതിയ കത്തില്‍ അദ്വാനി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ അവതരിപ്പിച്ച ബില്‍ അദ്വാനിയുടെ നിലപാടിനും സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കും എതിരാണെന്ന് കത്ത് ട്വീറ്റു ചെയ്തു കൊണ്ട് കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണം കൈപ്പിടിയിലാക്കുക എന്ന ലക്ഷ്യമിട്ടാണ് മോഡി സര്‍ക്കാരിന്റെ നീക്കമെന്നും ജയ്‌റാം രമേശ് കുറ്റപ്പെടുത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.