രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; എംപി സ്ഥാനം തിരികെ ലഭിച്ച ശേഷമുള്ള ആദ്യ സന്ദര്‍ശനം

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; എംപി സ്ഥാനം തിരികെ ലഭിച്ച ശേഷമുള്ള ആദ്യ സന്ദര്‍ശനം

കല്‍പ്പറ്റ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. എം.പി സ്ഥാനം പുനസ്ഥാപിച്ച ശേഷം ആദ്യമായിട്ടാണ് അദ്ദേഹം സ്വന്തം മണ്ഡലത്തിലെത്തുന്നത്. രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ ആവേശോജ്ജ്വല സ്വീകരണമാണ് പാര്‍ട്ടി ഒരുക്കുന്നത്.

ഇന്ന് വൈകിട്ട് മൂന്നിന് കല്‍പ്പറ്റയിലെ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ ഇരുപത്തി അയ്യായിരത്തോളം പ്രവര്‍ത്തകരെത്തും. വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ധിഖ്, എ.പി അനില്‍കുമാര്‍ എം.എല്‍.എ, ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, വയനാട് ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജമീല അലിപ്പറ്റ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ വന്‍ ഒരുക്കങ്ങളാണ് നടത്തുന്നത്. ചടങ്ങിനോടനുബന്ധിച്ച് കൈത്താങ്ങ് പദ്ധതിയില്‍ നിര്‍മ്മിച്ച ഒമ്പത് വീടുകളുടെ താക്കോല്‍ദാനവും രാഹുല്‍ഗാന്ധി നിര്‍വഹിക്കും.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണഗോപാല്‍, താരിഖ് അന്‍വര്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ. മുരളീധരന്‍ എം.പി, എം.കെ. രാഘവന്‍ എം.പി, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സി.പി ജോണ്‍, ദേവരാജന്‍, എം.എല്‍.എമാരായ മോന്‍സ് ജോസഫ്, അഡ്വ. ടി. സിദ്ധിഖ്, എ.പി അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നാളെ 11 ന് മാനന്തവാടി നല്ലൂര്‍നാട് അംബേദ്ക്കര്‍ മെമ്മോറിയല്‍ കാന്‍സര്‍ സെന്ററിന്റെ എച്ച്.ടി കണക്ഷന്റെ ഉദ്ഘാടനവും രാഹുല്‍ നിര്‍വഹിക്കും. വൈകിട്ട് ആറരയ്ക്ക് കോടഞ്ചേരിയിലെ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.