48 മണിക്കൂറിനിടെ 18 മരണം; താനെയിലെ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ അന്വേഷണം

48 മണിക്കൂറിനിടെ 18 മരണം; താനെയിലെ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ അന്വേഷണം

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 18 രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കല്‍വയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഛത്രപതി ശിവജി മഹാരാജ് മെമ്മോറിയല്‍ ആശുപത്രിയിലാണ് സംഭവം. ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി സര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 18 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി താനെ മുനിസിപ്പല്‍ കമ്മീഷണര്‍ അഭിജിത് ബംഗാര്‍ അറിയിച്ചു. മരണപ്പെട്ട രോഗികളില്‍ ചിലര്‍ വൃക്കരോഗം, ന്യുമോണിയ, റോഡപകടങ്ങള്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ ചികിത്സയ്‌ക്കെത്തിയവരാണ്. രോഗികള്‍ക്ക് കൃത്യമായ ചികിത്സ ലഭിച്ചോ എന്ന് പരിശോധിക്കുന്നതിനായി ഒരു ഉന്നതതല കമ്മിറ്റി രൂപവല്‍കരിച്ചതായും അഭിജിത് ബംഗാര്‍ വ്യക്തമാക്കി.

ക്ലിനിക്കല്‍ കാരണങ്ങള്‍, വൈദ്യചികിത്സയിലെ അപാകതകള്‍, ഉപകരണങ്ങളുടെ അഭാവം എന്നിവയുണ്ടെങ്കില്‍ നിഷ്പക്ഷമായി പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. താനെ, പാല്‍ഘര്‍ ജില്ലകളില്‍ നിന്ന് ദിവസേന നിരവധി രോഗികള്‍ ഈ ആശുപത്രിയില്‍ എത്താറുണ്ട്.

രോഗികളുടെ എണ്ണത്തിന് അനുപാതികമായി ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ ഇല്ലായിരുന്നെന്ന് ആരോപിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്ന് എത്തിച്ച രോഗികളും മരിച്ചവരിലുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.