തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരനെ കൊച്ചിയില്‍ നിന്ന് ഇ.ഡി കസ്റ്റഡിയിലെടുത്തു

തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരനെ കൊച്ചിയില്‍ നിന്ന് ഇ.ഡി കസ്റ്റഡിയിലെടുത്തു

കൊച്ചി: തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ചെന്നൈയില്‍ നിന്നുള്ള ഇ.ഡി ഉദ്യോഗസ്ഥരാണ് സെന്തില്‍ ബാലാജിയുടെ സഹോദരന്‍ അശോക് കുമാറിനെ കസ്റ്റഡിയിലെടുത്തത്.

ചെന്നൈയിലെത്തിച്ച് നാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. അശോകിന് നാല് തവണ നോട്ടീസ് അയച്ചെങ്കിലും ഹാജരായിരുന്നില്ല. സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അശോക് കുമാറിന്റെ വീട്ടിലുള്‍പ്പെടെ ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.

ആദായ നികുതി വകുപ്പും ഇഡിയും നേരിട്ട് ഹാജരാകാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഇ.ഡി കണ്ടെടുത്ത രേഖകളില്‍ മറുപടി നല്‍കാന്‍ സമയം വേണമെന്നാശ്യപ്പെട്ട് മാറി നില്‍ക്കുകയായിരുന്നു അശോക് കുമാര്‍. വിദേശത്തേയ്ക്ക് കടന്നിരിക്കാമെന്ന സംശയത്തെത്തുടര്‍ന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

സെന്തില്‍ ബാലാജിയുടെ ബിനാമി പണം ഉപയോഗിച്ച് അശോക് കുമാറിന്റെ ഭാര്യ നിര്‍മല സ്വത്ത് സമ്പാദിച്ചതായി ഇ.ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിര്‍മലയോടും ഹാജരാകാന്‍ നിര്‍ദേശിച്ചു. അശോക് കുമാര്‍ വീട് നിര്‍മിക്കുന്ന ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇ.ഡി വിലക്കിയിരുന്നു.

മന്ത്രിയുടെ പണം ഉപയോഗിച്ചാണ് 2.49 ഏക്കര്‍ സ്ഥലത്ത് ബംഗ്ലാവ് നിര്‍മിക്കുന്നതെന്ന് വിലയിരുത്തിയായിരുന്നു ഇത്. നിര്‍മലയുടെ പേരിലുള്ള ഭൂമിയിലെ നിര്‍മാണത്തിന് ബാങ്കില്‍ നിന്ന് വായ്പയെടുത്തതിനു ശേഷം ഇത് അമ്മയ്ക്ക് സമ്മാനമായി നല്‍കിയെന്നും ഇ.ഡി കണ്ടെത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.