ലോകത്തിലെ ഏറ്റവും ശക്തയായ വനിതയെ ഓര്‍ക്കാം; കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാള്‍

ലോകത്തിലെ ഏറ്റവും ശക്തയായ വനിതയെ ഓര്‍ക്കാം; കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാള്‍

അമ്മയില്ലാത്തവരായി ആരുമില്ല. ജന്മംകൊണ്ടും കര്‍മ്മംകൊണ്ടും അമ്മയാകാം. ഇന്ന് രണ്ട് അമ്മമാരുടെ തിരുനാള്‍ ആഘോഷിക്കുന്ന സുദിനമാണ്. ഒന്ന് വിശ്വാസികളുടെ അമ്മയായ പരിശുദ്ധ കന്യകമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍. രണ്ട് ജന്മനാടിനെ അടിമത്വത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് കൊണ്ടുവന്ന ഭാരതാംബയുടെ സ്വാതന്ത്ര്യ ദിനം.

പല സഭകളിലും പരിശുദ്ധ കന്യകമറിയാവുമായി ബന്ധപ്പെട്ട പല ആഘോഷങ്ങളാണ് നടത്തുന്നത്. ചിലര്‍ ജനന തിരുനാള്‍, മറ്റു ചിലര്‍ വാങ്ങിപ്പു അല്ലെങ്കില്‍ സ്വര്‍ഗാരോപണ തിരുനാള്‍. അങ്ങനെ ആഘോഷങ്ങളില്‍ വ്യത്യാസമുണ്ട്. എന്നാല്‍ പരിശുദ്ധ കന്യകമറിയാമിനോട് മധ്യസ്ഥത അപേക്ഷിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് യാതൊരു തര്‍ക്കവുമില്ല.

കര്‍ത്താവേ ഭൂമിയിലുള്ള സകല വംശങ്ങളില്‍ നിന്നും ഭാഗ്യത്തിന് യോഗ്യതയുള്ളവളും തമ്പുരാനെ പ്രസവിച്ചവളുമായ പരിശുദ്ധ കന്യകമറിയാമിനെ കുറിച്ചുള്ള ഈ പ്രാര്‍ത്ഥനകള്‍ നമ്മുടെ ആരാധനയുടെ ഭാഗമാണ്. തന്റെയുള്ളില്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് ദൈവപുത്രനാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ മറിയം പരിശുദ്ധയായി. മറിയത്തെ കണ്ട് വന്ദനം ചെല്ലാന്‍ വന്ന എലിസബത്തിന്റെ വയറ്റില്‍ കിടന്ന കുഞ്ഞ് തുള്ളിച്ചാടി എന്നാണ് പറയുന്നത്. എന്റെ ദൈവത്തിന്റെ മാതാവ് എന്റെ അടുക്കല്‍ വരുവാന്‍ എനിക്ക് എന്ത് മാനം എന്നാണ് പ്രായാധിക്യത്തിലും എലിസബത്ത് പറയുവാന്‍ ശ്രമിച്ചത്.

നമ്മുടെ ഈ കാലത്ത് നമുക്ക് എത്രപേര്‍ക്ക് ഇങ്ങനെ പറയാനോ അല്ലെങ്കില്‍ ഇങ്ങനെ നമ്മളെ ഒന്ന് പുകഴ്ത്തിയാല്‍ കാലിടറാതെയും മതിമറക്കാതെയും നില്‍ക്കാന്‍ സാധിക്കും. ഒന്നും എന്റെ കഴിവല്ല അല്ല; ദൈവകൃപയാണെന്ന് പറയാന്‍ പഠിപ്പിച്ച പരിശുദ്ധ മറിയത്തെ നമ്മുടെ ജീവിതത്തില്‍ നാം ഓരോരുത്തരും അനുകരിക്കേണ്ട ആവശ്യകത എത്രത്തോളം വളര്‍ന്നിരിക്കുന്നു എന്ന് നാം തന്നെ ചിന്തിക്കുക.

താന്‍ ഗര്‍ഭിണിയായത് പരിശുദ്ധാത്മാവിനാലാണെന്ന് അംഗീകരിക്കാന്‍ കാണിച്ച വലിയ മനസ് ഒന്നു മാത്രമാണ് ഇന്ന് ഈ ലോകത്തിന്റെ തന്നെ മാതാവായി പരിശുദ്ധ മറിയം മാറുന്നതിന് കാരണമായത്. ഇന്നുമുതല്‍ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്ന വാഴ്ത്തുമെന്നും ശക്തനായ വലിയ കാര്യങ്ങള്‍ എനിക്ക് ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധവുമാകുന്നു എന്ന് വിശുദ്ധ കന്യക മറിയം പാടിയ ഗാനം ക്രൈസ്തവ സഭകളിലെ ആരാധനകളില്‍ ഒഴിച്ചുകൂടാത്തതാണ്.

സമയ കുറവിനാല്‍ ആരാധനയില്‍ എത്ര ചുരുക്കം വരുത്തിയാലും വിശുദ്ധ കന്യക മറിയാമിന്റെ ഈ പാട്ട് തീര്‍ച്ചയായിട്ടും ആരാധനാ ക്രമത്തില്‍ നിന്നും ഒഴിവാക്കുകയേയില്ല; അതാണ് കന്യക മറിയത്തിന് ക്രൈസ്തവ സഭകള്‍ നല്‍കുന്ന പ്രാധാന്യം.

കന്യക മറിയം യേശുവിന്റെ അമ്മയാകുവാന്‍ എപ്പോഴാണോ വിധേയപ്പെട്ടത് അപ്പോള്‍ മുതല്‍ സകല ലോകത്തിന്റെയും മധ്യസ്ഥയായി മറിയം മാറുകയായിരുന്നു. ജീവിതത്തില്‍ വിധേയത്വത്തിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് തന്റെ ജീവിതത്തിലൂടെ ലോകത്തിന് കാട്ടിത്തന്ന അമ്മ; നമ്മുടെ ഈശോയുടെ അമ്മ. സ്വര്‍ഗീയ റോസാപ്പൂ, മേരി, മരിയ, ആവേ മരിയ ഇങ്ങനെയൊക്കെയാണ് ഗായകര്‍ മാതാവിനെ വാഴ്ത്തിപ്പാടുന്ന ഗാനങ്ങളിലൂടെ പുകഴ്ത്തുകയും ആരാധിക്കുകയും ചെയ്യുന്നത്.

പരിശുദ്ധ അമ്മ സ്വര്‍ഗ്ഗാരോപണം ചെയ്തതിനെ കുറിച്ച് തിരുസഭ ധ്യാനിക്കുന്ന പുണ്യദിനമാണ് വാങ്ങിപ്പു പെരുന്നാളായി ആഘോഷിക്കുന്നത്. നാലാം നൂറ്റാണ്ടിനു മുന്‍പേ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെപ്പറ്റിയുള്ള വിശ്വാസം ക്രൈസ്തവ സഭയില്‍ രൂപപ്പെട്ടു.

1950 നവംബര്‍ ഒന്നിന് പോപ്പ് 12-ാം പിയൂസ് മറിയത്തിന്റെ സ്വര്‍ഗാരോപണം വിശ്വാസ സത്യമായി പ്രഖ്യാപിച്ചു. മറിച്ച് കാലാകാലങ്ങളായി പാരമ്പര്യങ്ങളിലൂടെ വിശ്വസിച്ച് പാലിച്ചുപോന്നത് വ്യക്തമായി പ്രഖ്യാപിക്കുകയായിരുന്നു. സ്വര്‍ഗ്ഗാരോപണം എന്നാല്‍ മാതാവ് ദൈവത്തിന്റെ ശക്തിയില്‍ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നര്‍ത്ഥം (Assumption).

യേശുവാകട്ടെ സ്വര്‍ഗ്ഗാരോഹണമാണ് നടത്തിയത്. അതായത് സ്വന്തം ശക്തിയാല്‍ സ്വര്‍ഗത്തില്‍ കരേറി. മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ച് കത്തോലിക്കാ മതബോധന ഗ്രന്ഥം പറയുന്നിത് ഇപ്രകാരമാണ്: ഭാഗ്യവതിയായ കന്യകയുടെ സ്വര്‍ഗ്ഗാരോപണം അവളുടെ പുത്രന്റെ പുനരുത്ഥാനത്തിലുള്ള മുന്നാസ്വാദനമാണ്.

മറിയം വിശ്വാസികളുടെ അമ്മയുമാണ്. പാപരിഹാരത്തിനായി ജനിച്ചതിന്റെയും നിത്യകന്യകയായി ജിവിച്ചതിന്റെയും പ്രതിഫലമാണ് മറിയത്തിന്റെ സ്വര്‍ഗ്ഗപ്രാപ്തി. രക്ഷിക്കപ്പെട്ട സമൂഹത്തിലെ ആദ്യഫലമായ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണം സഭാപിതാക്കന്മാരുടെ പഠനത്തിലും, വിശുദ്ധ ഗ്രന്ഥത്തിലും അധിഷ്ഠിതമാണ്.

തന്റെ ജീവിതം ദൈവഹിതത്തിനായി സമര്‍പ്പിക്കാന്‍ പരിശുദ്ധ അമ്മയ്ക്ക് സാധിച്ചു. പരിശുദ്ധ അമ്മ തന്റെ ജീവിതത്തില്‍ സംഭവിച്ച പരിവര്‍ത്തനങ്ങളില്‍ യാതൊന്നിലും ഭയാശങ്ക പുലര്‍ത്തിയിരുന്നില്ല.' ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി എന്ന് പറഞ്ഞ്, എല്ലാ സഹനവും വേദനകളും ദൈവതിരുമാനമായി കണ്ടപ്പോള്‍, പരിശുദ്ധ മറിയം സ്വര്‍ഗരാജ്യത്തില്‍, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും നിരന്തരം ആരാധന സമര്‍പ്പിച്ചുംകൊണ്ട്, ആത്മശരീരങ്ങളോടെ മഹത്വീകൃതയായി സ്വര്‍ഗത്തില്‍ വസിക്കുന്നു.

പരിശുദ്ധ മറിയത്തിന്റെ ഈ സ്വര്‍ഗ്ഗാരോപണം ഈ ഭൂമിയില്‍ സഹനവും കഷ്ടപാടുകളും ഏറ്റെടുത്ത് മരണാനന്തര ജീവിതത്തെ ലക്ഷ്യമാക്കി ജീവിക്കുന്നവര്‍ക്ക് പ്രത്യാശ പകരുന്നു. ഈ ലോകത്തിലെ ജീവിതം നശ്വരമാണെന്നും സ്വര്‍ഗത്തില്‍ നമുക്ക് നിക്ഷേപം ഉണ്ടെന്നുമുള്ള വിശ്വാസവും മനുഷ്യരില്‍ രൂപപ്പെടേണ്ട ആവശ്യകത ഇന്നിന്റെ കാലത്തുണ്ടാവേണ്ടത് കേവലം അനിവാര്യത മാത്രമല്ല. തലമുറകള്‍ക്ക് വേണ്ടിയും കൂടെയാണ്.

ക്ഷമയും സഹനവും തന്റെ ജീവിതത്തിലൂടെ പഠിപ്പിച്ച മാതാവിനെ അനുകരിക്കുന്ന മാത്രമല്ല നാം ചെയ്യേണ്ടത്. മറിച്ച് മാതാവിനെ പോലെ വിശുദ്ധിയോടെ ഈ ജീവിതം ജീവിച്ചു തീര്‍ക്കുവാന്‍ നമുക്ക് സാധ്യമാകുമ്പോഴേ നമ്മുടെ ആഘോഷങ്ങള്‍ പൂര്‍ണ്ണ അര്‍ത്ഥതലങ്ങളിലേക്ക് എത്തുകയുള്ളൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.