റാമായിലെ മുറവിളി

റാമായിലെ മുറവിളി

സ്ത്രീ : ഇത്...ഇതെന്റെ മോനാ...അല്ലാ..അതാ.. അതാ..എന്റെമോൻ.. അല്ല.. എന്റെ മോനിതല്ല... അവനാ...അവനാ എന്റെ മോൻ... ഇതും..ഇതും.. എന്റെ മോനല്ല. ഇത്...ഇതെന്റെ മോന്റ കൈകളാ... ദൈവമേ... എനിക്കിത് സഹിക്കവയ്യ.. അല്ല സഹിക്കണം.. അമ്മമാർ എല്ലാവേദനയും സഹിച്ചേതീരൂ.. ഞാനും ഒരമ്മയാണ്.. ഹേറോദേസിന്റെ പടയാളികൾ പിടിച്ചുകൊണ്ടുപോയ.. ആറ്റുനോറ്റു വളർത്തിയ.. ഒരു മകന്റെ..അമ്മ. ഒരു ഹേറോദേസ് മഹാരാജാവ്...!!

ഹേറോദേസ് : ഈ ഹേറോദേസിനെ പരാജയപ്പെടുത്താമെന്ന് വ്യാമോഹിച്ച ജ്ഞാനികളെന്നു കരുതുന്ന വിഢികളായ ആ ഒട്ടകസഞ്ചാരികളെ നാം വെറുതെ വിടില്ല. അവർ രക്ഷിച്ച അവരുടെ മിശിഹാ ഇതാ മരിച്ചുവീഴാൻ പോകുന്നു.... ഒരു മശിഹാരാജൻ.. ഈ സിംഹാസനത്തിൽ നാമല്ലാതെ മറ്റൊരുരാജാവോ..? ആരവിടെ...,  സേനാപതിയെ വിളിക്കൂ...

അ. സേനാപതി... ശിശുകളിൽ നിന്നും മിശിഹായെ വേർതിരിച്ചെടുക്കുക വളരെ ദുഷ്കരമാണ്. അതിനാൽ ഈ ബേത്-ലെഹെമിലെയും സമീപപ്രദേശങ്ങളിലേയും രണ്ടും അതിൽ താഴെയും വയസ്സുള്ള എല്ലാ ആൺ കുഞ്ഞുങ്ങളേയും കഴുത്തറുത്ത് വധിച്ചു കളയൂ... കൊട്ടാര നർത്തകിമാരെ വിളിക്കൂ... മദ്യചക്ഷകങ്ങൾ നിറയട്ടെ... വാദ്യഘോഷം ഉയരട്ടെ... എല്ലാവരും തിന്നുകുടിച്ചാനന്ദിക്കൂ ... ഇത് ഹേറോദേസിന്റെ വിജയദിനമാണ്...

സ്ത്രീ : അതെ, ആ ഉണ്ണീശോക്ക് വേണ്ടിയാണ് ഇത്രയേറെ കുഞ്ഞുങ്ങൾ വധിക്കപ്പെട്ടത്. അവൻ പ്രവാചകൻ പറയുന്ന രക്ഷകനാ പോലും രക്ഷകൻ... അവനും വധിക്കപ്പെട്ട് കഴിഞ്ഞിരിക്കും.... കഴിഞ്ഞ രാത്രിയിൽ മക്കളുടെ ജീവനുവേണ്ടി പിടിവലികൂടുന്ന നിരവധി അമ്മമാരെ ഞാൻ കണ്ടു... അധികാരം നഷ്ടപെട്ടേക്കുമെന്നു കരുതി കേവലം ഒരു പിഞ്ചുകുഞ്ഞിനെ ഭയക്കുന്ന ഭീരുവായൊരു ഹേറോദേസ്...!!

കുഞ്ഞ് : അമ്മേ...
സ്ത്രീ : മോനേ... മോനേ നീഎവിടെയാ..
കുഞ്ഞ് : അമ്മേ... ഇവിടെ നോക്ക്... ദാ..ഇവിടെ.
സ്ത്രീ : അതെ. എന്റെ മോന്റെ ശബ്ദം..മോനേ....
കുഞ്ഞ് : അമ്മേ..ഇതു ഞാനാ ഉണ്ണീശോ... ഞാൻ സംരക്ഷിക്കപ്പെട്ടു. എല്ലാ മക്കൾക്കും രക്ഷകനായി ഇനി ഞാനുണ്ടമ്മേ.... അമ്മേ... എനിക്ക് തണുക്കുന്നമ്മേ.. എന്നെ എടുക്കമ്മേ... എടുക്ക്...
സ്ത്രീ : ഉണ്ണീശോയേ... അവിടുത്തെ ഈ കൈകളിലെടുത്തപ്പോ... എന്റെ സങ്കടങ്ങൾമാറി.
ഉണ്ണീശോ : ഹായ്... നല്ല സുഖം.. നല്ല ചൂട്..അമ്മേ...എന്റെ ഈ കണ്ണുകളിലേക്ക് നോക്കമ്മേ ... എന്നിലൂടെ അമ്മേടെ മകനെ കാണുന്നില്ലേ...
സ്ത്രീ : ഉണ്ണീശോയേ... നീ ലോക രക്ഷകൻ തന്നെ ലോക രക്ഷകൻ...ഇമ്മാനുവൽ...!

"അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വംഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം"

✍️ സിബി നെല്ലിക്കൽ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26