ലോണ്‍ സ്റ്റാര്‍ ഓപ്പറേഷന്‍: ചിക്കാഗോയിലേക്കുള്ള അഭയാര്‍ത്ഥി സംഘത്തിലെ മൂന്ന് വയസുകാരി മരിച്ചു; ടെക്‌സാസ് ഗവര്‍ണര്‍ വീണ്ടും വിവാദത്തില്‍

ലോണ്‍ സ്റ്റാര്‍ ഓപ്പറേഷന്‍: ചിക്കാഗോയിലേക്കുള്ള അഭയാര്‍ത്ഥി സംഘത്തിലെ മൂന്ന് വയസുകാരി മരിച്ചു; ടെക്‌സാസ് ഗവര്‍ണര്‍ വീണ്ടും വിവാദത്തില്‍

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തു നിന്ന് ചിക്കാഗോയിലേക്ക് കയറ്റി അയച്ച അനധികൃത കുടിയേറ്റക്കാരുടെ സംഘത്തിലെ മൂന്ന് വയസുകാരി മരിച്ചു. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്ത വെനസ്വേലന്‍ പെണ്‍കുട്ടിയാണ് ആരോഗ്യനില വഷളായി മരണത്തിനു കീഴടങ്ങിയത്. സംഭവം വലിയ വിവാദമായിട്ടുണ്ട്. ഇതോടെ ടെക്സാസ് ഗവര്‍ണര്‍ ഗ്രെഗ് അേബാട്ടിന്റെ കുടിയേറ്റ നയങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

ടെക്സാസ് സ്റ്റേറ്റ് മൈഗ്രന്റ് ബസിംഗ് പ്രോഗ്രാം എന്ന വിവാദ പദ്ധതിയുടെ ഭാഗമായാണ് അഭയാര്‍ത്ഥികളുടെ സംഘം ചിക്കാഗോയിലേക്ക് യാത്ര ചെയ്തത്. വ്യാഴാഴ്ച ബസ് ചിക്കാഗോയിലേക്ക് പ്രവേശിക്കുമ്പോഴാണ് ദാരുണ സംഭവമുണ്ടായത്. കുട്ടിയുടെ ആരോഗ്യനില വഷളാകാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ബസ് നിര്‍ത്തി ആംബുലന്‍സ് വിളിച്ച് കുട്ടിയെ ഇല്ലിനോയിസിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതായി ടെക്‌സാസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എമര്‍ജന്‍സി മാനേജ്മെന്റ് (ടിഡിഇഎം) അറിയിച്ചു

മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതായി ഇല്ലിനോയിസ് പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ടെക്സാസ് ഡിവിഷന്‍ ഓഫ് എമര്‍ജന്‍സി മാനേജ്മെന്റിന്റെ പ്രസ്താവനയില്‍ കുട്ടിയുടെ പേരോ മരണം സംബന്ധിച്ച വിവരങ്ങളോ ഉള്‍പ്പെടുത്തിയിട്ടില്ല. തുടര്‍ന്നുള്ള യാത്രയില്‍ ബസിലെ എല്ലാ യാത്രക്കാരുടെയും താപനില യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പരിശോധിച്ചു. മറ്റാര്‍ക്കും പനിയുടെ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഏജന്‍സി അറിയിച്ചു.

മെക്സിക്കോയുടെ അതിര്‍ത്തിയിലുള്ള ബ്രൗണ്‍സ്വില്ലെ നഗരത്തില്‍ നിന്നാണ് ബസ് പുറപ്പെട്ടത്. ബസ് വിടുന്നതിന് മുമ്പ് യാത്രക്കാരുടെ താപനില വിലയിരുത്തുകയും അവര്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടോ എന്ന് ചോദിച്ചതായും ടെക്‌സാസ് അധികൃതര്‍ പറഞ്ഞു.

'ഓരോ ബസിലും ആവശ്യത്തിന് ഭക്ഷണവും വെള്ളവും സംഭരിച്ചിട്ടുണ്ട്. ഇന്ധനം നിറയ്ക്കാനും ഡ്രൈവര്‍മാരെ മാറ്റുന്നതിനുമായി യാത്രയ്ക്കിടയില്‍ ബസ് നിര്‍ത്താറുണ്ട്. ഈ സ്റ്റോപ്പുകളില്‍ എന്തെങ്കിലും വാങ്ങാനോ ഇറങ്ങാനോ കുടിയേറ്റക്കാര്‍ക്ക് അനുമതിയുണ്ട്' - ടിഡിഇഎം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം മുതലാണ് ടെക്സാസിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രെഗ് അേബാട്ട് 'ഓപ്പറേഷന്‍ ലോണ്‍ സ്റ്റാര്‍' എന്ന വിവാദ പദ്ധതി നടപ്പാക്കിയത്. ടെക്സാസിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ ബസുകളില്‍ കയറ്റി ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എത്തിക്കുന്നതാണ് ഈ പദ്ധതി. ഇതുപ്രകാരം കഴിഞ്ഞ വര്‍ഷം മുതല്‍ 30,000-ത്തിലധികം കുടിയേറ്റക്കാരെ അയച്ചിട്ടുണ്ട്.

മെയ് മാസത്തില്‍, ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് അേബാട്ട് ചിക്കാഗോ മേയറായ ലോറി ലൈറ്റ്ഫൂട്ടിന് അയച്ച കത്തില്‍ കുടിയേറ്റക്കാരെ അയയ്ക്കുന്നത് നിര്‍ത്തില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത്രയധികം കുടിയേറ്റക്കാരെ നിലനിര്‍ത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ കുടിയേറ്റക്കാരെ അയയ്ക്കരുതെന്ന് ലോറി ലൈറ്റ്ഫൂട്ട് അഭ്യര്‍ത്ഥിച്ചിരുന്നു.

ചിക്കാഗോയ്ക്ക് പുറമെ വാഷിങ്ടണ്‍, ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ, ഡെന്‍വര്‍, ലോസ് ഏഞ്ചല്‍സ് എന്നിവിടങ്ങളിലേക്കും ടെക്‌സാസില്‍നിന്ന് ബസുകളില്‍ കുടിയേറ്റക്കാരെ അയച്ചിട്ടുണ്ട്.

പ്രസിഡന്റ് ജോ ബൈഡന്റെ ബോര്‍ഡര്‍ പോളിസി മുതലെടുത്ത് അമേരിക്കയുടെ സമീപ രാജ്യങ്ങളില്‍നിന്ന് ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരാണ് അമേരിക്കയില്‍ എത്തുന്നത്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ പിടിയില്‍ പെട്ടാല്‍പോലും അമേരിക്കന്‍ അതിര്‍ത്തിയില്‍ ഇവരെ സ്വതന്ത്രരായി വിടുന്നത് അതിര്‍ത്തിയുമായി അടുത്തുകിടക്കുന്ന അമേരിക്കന്‍ നഗരങ്ങളില്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ടെക്സാസ് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങള്‍ പരാതിപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.