ഇന്ന് പൊന്നിന്‍ ചിങ്ങം; മലയാളിക്ക് കര്‍ഷക ദിനം

ഇന്ന് പൊന്നിന്‍ ചിങ്ങം; മലയാളിക്ക് കര്‍ഷക ദിനം

ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവര്‍ഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. മലയാള ഭാഷാ മാസമെന്നും അറിയപ്പെടുന്നു. മലയാളികള്‍ക്ക് ചിങ്ങമാസം സമൃദ്ധിയുടെയും പ്രതീക്ഷയുടേയും പുതുവര്‍ഷമാണ്. കാര്‍ഷിക സംസ്‌കാരത്തിന്റെ പൈതൃകം പേറുന്ന കേരളക്കാര്‍ക്ക് കര്‍ഷക ദിനം കൂടിയാണ് ചിങ്ങം ഒന്ന്.

കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസില്‍ ചിങ്ങമാസപ്പുലരിയോടെ പിറവിയെടുക്കുന്നത്. മലയാളികള്‍ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന കൊയ്ത്തുത്സവത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണത്. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് പത്തായങ്ങളില്‍ നിറച്ചിരുന്ന സമ്പന്നതയുടെ മാസമായിരുന്നു പഴമക്കാരെ സംബന്ധിച്ച് ചിങ്ങമാസം.

കെടുതിയുടെയും വറുതിയുടെയും കാലത്തില്‍ നിന്ന് പ്രതീക്ഷയുടെ കാലത്തിലേക്കുള്ള ചുവടുവെപ്പ്. മഴയുടെ പുതപ്പുമാറ്റി പ്രകൃതിയും ചിങ്ങത്തെ വരവേല്‍ക്കാന്‍ നമുക്ക് ഒപ്പം കൂടുന്നു. കര്‍ക്കിടകമാസത്തിന്റെ കറുത്ത കാര്‍മേഘങ്ങള്‍ അകറ്റി സമ്പല്‍ സമൃദ്ധിയുടെ നാളുകളിലേക്ക് പ്രതീക്ഷയോടെ എല്ലാവരും ഉറ്റു നോക്കുന്നു. നമ്മുടെ കാര്‍ഷിക ഉത്സവമായ ഓണത്തെ വരവേല്‍ക്കാന്‍ എല്ലാവരും തയ്യാറായി കഴിഞ്ഞിരിക്കുന്നു. അത്തം പിറക്കാന്‍ ഇനി അധികനാള്‍ ഇല്ല. വീട്ടുമുറ്റത്ത് വിവിധ നിറഭേദങ്ങളില്‍ ഇനി പൂക്കള്‍ കളം വരയ്ക്കും. മലയാളി മങ്കമാരുടെ തിരുവാതിര പാട്ടിന്റെ അലയൊലികള്‍ ചുറ്റും മുഴങ്ങും. തുമ്പിതുള്ളലും പുലിക്കളിയും വള്ളംകളിയുമായി നാടാകെ ആഘോഷ ആരവങ്ങള്‍ ഉയരും.

പുതുവര്‍ഷാരംഭത്തിന്റെ നാന്ദി കുറിക്കുന്ന ഈ ദിനം കര്‍ഷക ദിനം കൂടിയാണ്. മണ്ണില്‍ പൊന്നുവിളയിക്കുന്ന കര്‍ഷകന്റെ മഹത്വത്തെ ഓര്‍മ്മപ്പെടുത്തുന്ന സുദിനം. നമ്മുടെ നാടിന്റെ നട്ടെല്ലാണ് കര്‍ഷകര്‍. രാജ്യത്തിന്റെ സമഗ്ര വളര്‍ച്ചയില്‍ ഏറെ പ്രധാനപ്പെട്ടതാണ് കാര്‍ഷിക മേഖല. എന്നാല്‍ പ്രകൃതിയുടെ ഭാവമാറ്റവും മഹാമാരിയുടെ കടന്നുവരവും ഈ മേഖലയിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചു. അതിജീവനത്തിന്റെ പാതയിലാണ് ഇപ്പോള്‍ കാര്‍ഷിക മേഖല. കലി തുള്ളി വന്ന കാലവര്‍ഷം ഇത്തവണയും കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്യാന്‍ ആരംഭിച്ച പലര്‍ക്കും പറയാനുള്ളത് നഷ്ടങ്ങളുടെ കണക്കുകളാണ്.

ഇന്ന് കൃഷിയും കര്‍ഷകനും കാര്‍ഷിക സംസ്‌കാരവുമെല്ലാം പഠന വിഷയങ്ങള്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു. കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരം തിരികെ പിടിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കേണ്ടതുണ്ടെന്ന് കൂടിയാണ് ഈ ചിങ്ങദിനം ഓര്‍മപ്പെടുത്തുന്നത്. കാര്‍ഷിക പാരമ്പര്യത്തെ പിന്തുടരാന്‍ ആരും താല്‍പര്യപ്പെടാതിരിക്കുമ്പോഴും ചില മാതൃകകള്‍ ഇപ്പോഴും നമുക്ക് മുന്നിലുണ്ട്. കാലത്തിനനുസരിച്ച് കൃഷിരീതികളിലും വിളകളിലുമൊക്കെ മാറ്റം വരുത്തിയാണ് അവര്‍ പുതിയ കൃഷിപാഠം രചിക്കുന്നത്.

എത്രതന്നെ ദുരന്തക്കയത്തിലാണെങ്കിലും കര്‍ഷകര്‍ പിന്നെയും പ്രകൃതിയോടും മണ്ണിനോടും മല്ലിട്ടു വിജയം വരിക്കാന്‍ ഒരുങ്ങുന്നു. കാരണം മണ്ണിലാണ് അവരുടെ ജീവനും ജീവിതവും. ഉഴുതുണ്ണുന്നവനെ തൊഴുതുണ്ണുവാന്‍ ഈ സമൂഹം പഠിക്കണം. കര്‍ഷകര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന പരിഗണന തന്നെ ലഭ്യമാക്കണം. ഈ ദിനം നമ്മുടെ കാര്‍ഷിക സംസ്‌കൃതിയെ തിരികെ കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിക്കുന്ന ദിവസമായാണ് മാറേണ്ടത്. കാര്‍ഷിക സ്വയം പര്യാപ്തതയിലേക്ക് നാം എത്തുന്ന ഒരു നല്ല നാളെയുടെ തുടക്കമാകട്ടെ ഈ ചിങ്ങ പുലരി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26