ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ ഹാരിസ് കൗണ്ടി ഡെപ്യൂട്ടിക്ക് വെടിയേറ്റ് ഗുരുതര പരിക്ക്. സംഭവത്തില്‍ ഒരു പ്രതി പിടിയില്‍, മറ്റൊരു പ്രതിക്കായി രാജ്യത്തുടനീളം പോലീസ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഹോംസ്റ്റെഡ് റോഡിലെ ട്രാഫിക് ജോലിക്കിടെയാണ് വൈകുന്നേരം 7:40-ന് ഹാരിസ് കൗണ്ടി ഡെപ്യൂട്ടിക്കു നേരെ അക്രമികള്‍ വെടിയുതിര്‍ത്തത്. 29 വയസുകാരനായ യുവാവിന്് രണ്ട് വെടിയുണ്ടകളെങ്കിലും ഏറ്റതായി ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗോണ്‍സാലസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഡെപ്യൂട്ടിക്കായി പ്രാര്‍ത്ഥിക്കണമെന്ന് എഡ് ഗോണ്‍സാലസ് അഭ്യര്‍ത്ഥിച്ചു.
'ഡെപ്യൂട്ടി തന്റെ ജോലി നിര്‍വഹിക്കുകയായിരുന്നു, അദ്ദേഹം ഹാരിസ് കൗണ്ടി നിവാസികളെ സേവിക്കുകയും നമ്മെ സുരക്ഷിതരാക്കുകയും ചെയ്തു. ഒരു നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥന് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നത് ഞങ്ങള്‍ക്കു സഹിക്കാനാകില്ല' - ഗോണ്‍സാലസ് പറഞ്ഞു. കുറ്റവാളിയെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ഡെപ്യൂട്ടി ഒരു വര്‍ഷവും മൂന്ന് മാസവും ഹാരിസ് കൗണ്ടി ഷെരീഫിന്റെ ഓഫീസില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആക്രമണത്തിനു പിന്നാലെ നടത്തിയ തെരച്ചിലിലാണ് രാവിലെയോടെ 37 കാരനായ ജെയിംസ് ഗ്രീന്‍ എന്നയാളെ പിടികൂടിയത്. മറ്റൊരു പ്രതി ടെറാന്‍ ഗ്രീന്‍ (34) ഇപ്പോഴും ഒളിവിലാണ്. ഇരുവരും യാത്ര ചെയ്ത നീല ഫോര്‍ഡ് എസ്‌കേപ്പ് വാഹനം കണ്ടെത്തിയെങ്കിലും പ്രതികള്‍ അതിനകത്തുണ്ടായിരുന്നില്ല. രണ്ടു പ്രതികളും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്.
2008-ലാണ് ബ്ലൂ അലേര്‍ട്ട് സംവിധാനം ആരംഭിച്ചത്. നിയമപാലകരെ കൊല്ലുകയോ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്ന കുറ്റവാളികളെ വേഗത്തില്‍ പിടികൂടാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ബ്ലൂ അലേര്‍ട്ട്. ഇവിടെ പ്രതി പൊതുജനങ്ങള്‍ക്കും നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും വലിയ ഭീഷണി ഉയര്‍ത്തുന്ന കുറ്റവാളിയായിരിക്കണം. കുറ്റവാളി സഞ്ചരിച്ച വാഹനം ഉള്‍പ്പെടെ വിശദമായ വിവരങ്ങള്‍ ബ്ലൂ അലേര്‍ട്ടില്‍ ലഭ്യമാക്കും.
ബ്ലൂ അലേര്‍ട്ട് ഉള്‍പ്പെടെ പൊതുജനങ്ങളുടെ ജാഗ്രതയ്ക്കായി എട്ട് സ്റ്റാന്‍ഡേര്‍ഡ് പബ്ലിക് സേഫ്റ്റി അഡൈ്വസറികളാണ് ടെക്‌സാസില്‍ നടപ്പാക്കിയിട്ടുള്ളത്. ഇത്തരം അലേര്‍ട്ടുകള്‍ പ്രാദേശിക മാധ്യമങ്ങള്‍, സമൂഹ മാധ്യമങ്ങള്‍, ലോട്ടറി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍ സ്‌ക്രീനുകള്‍ എന്നിവയിലൂടെ പ്രദര്‍ശിപ്പിക്കുന്നു.
ആംബര്‍ അലേര്‍ട്ട്
തട്ടിക്കൊണ്ടുപോയതായി കരുതപ്പെടുന്ന 17 വയസും അതില്‍ താഴെയുമുള്ള കുട്ടികളെ വേഗത്തില്‍ കണ്ടെത്താനാണ് ആംബര്‍ അലേര്‍ട്ട് പുറപ്പെടുവിക്കുന്നത്. കാണാതായ കുട്ടിയുടെ പേര്, രക്ഷിതാക്കളുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, അവസാനം കണ്ട സ്ഥലങ്ങള്‍ തുടങ്ങിയവ അലര്‍ട്ടിനൊപ്പമുണ്ടാകും
സില്‍വര്‍ അലേര്‍ട്ട്
65 വയസും അതില്‍ കൂടുതലുമുള്ളവരെ, പ്രത്യേകിച്ച് അല്‍ഷിമേഴ്സ് രോഗം പോലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നവരെ കാണാതാകുമ്പോഴാണ് ഈ അലേര്‍ട്ടുകള്‍ നല്‍കുന്നത്.
Endangered Missing Persons Alert
സില്‍വര്‍ അലേര്‍ട്ടിന് സമാനമായി, ബുദ്ധിപരവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന ഒരാളെ കണ്ടെത്താന്‍ ഈ മുന്നറിയിപ്പ് നല്‍കുന്നു.
കാമോ അലേര്‍ട്ട്
നാഷണല്‍ ഗാര്‍ഡ്, റിസര്‍വ്, അല്ലെങ്കില്‍ ഓക്‌സിലറി യൂണിറ്റ് എന്നിവയുള്‍പ്പെടെ അമേരിക്കന്‍് സായുധ സേനയിലെ അംഗങ്ങളെ കാണാതാകുമ്പോള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ കാമോ അലേര്‍ട്ട് നല്‍കുന്നു.
പവര്‍ ഔട്ടേജ് അലേര്‍ട്ട്
2021-ലെ ശൈത്യകാല കൊടുങ്കാറ്റിനെ തുടര്‍ന്ന്, വൈദ്യുതി വിതരണം അപര്യാപ്തമാകുമ്പോള്‍ ജനങ്ങളെ അറിയിക്കാന്‍ ടെക്‌സാസ് പവര്‍ ഔട്ടേജ് അലേര്‍ട്ട് സൃഷ്ടിച്ചു.
ആക്ടീവ് ഷൂട്ടര്‍ അലേര്‍ട്ട്
പൊതുജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുംവിധം തോക്ക് കൈവശം വച്ച് വെടിയുതിര്‍ക്കാന്‍ സാധ്യയുള്ള ആളെക്കുറിച്ചുള്ള ജാഗ്രതാ നിര്‍ദേശമാണ് ആക്ടീവ് ഷൂട്ടര്‍ അലേര്‍ട്ട്. ഈ അലേര്‍ട്ടുകള്‍ സ്മാര്‍ട്ട് ഫോണുകളിലൂടെയും റോഡരികിലെ സ്‌ക്രീനുകളിലൂടെയും നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.