യോഗങ്ങളില്‍ എംപിമാര്‍ പങ്കെടുക്കാത്തത് മുഖ്യമന്ത്രി ക്ഷുഭിതനാകുന്നതുകൊണ്ട്; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

 യോഗങ്ങളില്‍ എംപിമാര്‍ പങ്കെടുക്കാത്തത് മുഖ്യമന്ത്രി ക്ഷുഭിതനാകുന്നതുകൊണ്ട്; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ഓണ്‍ലൈന്‍ യോഗങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനാകുന്നുവെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ധനമന്ത്രിയുടെ പ്രസ്താവന അസംബന്ധമാണ്. മുഖാമുഖം കണ്ടു സംസാരിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചു. ഓണ്‍ലൈന്‍ യോഗങ്ങളില്‍ മുഖ്യമന്ത്രി ക്ഷുഭിതനാകുന്നത് കൊണ്ട് എംപിമാര്‍ പലരും ഓണ്‍ലൈന്‍ മീറ്റിങില്‍ പങ്കെടുക്കാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രമന്ത്രിയെ ഒരുമിച്ചു കാണാമെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. കൂട്ടായിട്ട് ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എളമരം കരീം പറഞ്ഞു. എന്നാല്‍ ചര്‍ച്ച നടന്നില്ല. യുഡിഎഫ് എംപിമാരെ അവഹേളിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് ധനമന്ത്രി നടത്തുന്നത്. എവിടെ നിന്നാണ് മന്ത്രിക്ക് ഈ വിവരങ്ങള്‍ കിട്ടിയത്? സംസ്ഥാന സര്‍ക്കാര്‍ പണം കടമെടുത്ത് ധൂര്‍ത്ത് നടത്തുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതില്‍ കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കാന്‍ യുഡിഎഫ് എംപിമാര്‍ ഒപ്പം ചേര്‍ന്നില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ നേരത്തെ മുതല്‍ പോരുണ്ട്. കേന്ദ്ര സര്‍ക്കാരിനെ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പഴിക്കുമ്പോള്‍ ധൂര്‍ത്താണ് കാരണമെന്നാണ് പ്രതിപക്ഷ ആക്ഷേപം. അത് ആവര്‍ത്തിക്കുകയാണ് രാജ്‌മോഹന്‍ ഉണ്ണിത്താനും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.