സഭാധികാരികളെ അനുസരിക്കേണ്ടതിനെപ്പറ്റി ഈശോസഭ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലയോള

സഭാധികാരികളെ അനുസരിക്കേണ്ടതിനെപ്പറ്റി ഈശോസഭ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലയോള

ലണ്ടൻ: പതിനാറാം നൂറ്റാണ്ടിൽ മാർട്ടിൻ ലൂഥറിന്റെ (1483 - 1546) നേതൃത്വത്തിൽ ആരംഭിച്ച പ്രൊട്ടസ്റ്റന്റ് നവീകരണത്തിൽ ആടി ഉലഞ്ഞ കത്തോലിക്കാ തിരുസഭയെ ഐക്യത്തിൽ ഒന്നിച്ചു നിറുത്താൻ സധൈര്യം മുന്നോട്ടു വന്ന പുണ്യാത്മാവാണ് വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള (1491 – 1556) സഭാ നവീകരണത്തിന്റെ പേരിൽ മാർട്ടിൻ ലൂഥർ എന്ന അഗസ്റ്റീനിയൻ സന്യാസ വൈദീകനും കൂട്ടരും മാർപ്പാപ്പയേയും സഭാധികാരികളേയും ധിക്കരിക്കുന്ന സാഹചര്യങ്ങളുണ്ടായി. അതേ കാലഘട്ടത്തിൽ തന്നെ "അനുസരണം" എന്ന സുവിശേഷ പുണ്യം ആപ്ത വാക്യമായി സ്വീകരിച്ചുകൊണ്ട് ഇഗ്നേഷ്യസ് ലൊയോള ഈശോസഭ എന്ന സന്യാസ സഭ സ്ഥാപിച്ചു. ഓരോ ഈശോസഭക്കാരനേയും വാർത്തെടുക്കുന്ന "ആധ്യാത്മിക സാധന" എന്ന ധ്യാനക്രമത്തിൽ സഭാധികാരികളോടുള്ള ബഹുമാനത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിശുദ്ധ ഇഗ്നേഷ്യസ് ഇപ്രകാരം കുറിച്ചു "മേലധികാരികളുടെ തീരുമാനങ്ങളും നിർദ്ദേശങ്ങളും പ്രവർത്തനരീതികളും അംഗീകരിക്കുവാനും പ്രശംസിക്കുവാനും നാം കൂടുതൽ തയ്യാറായിരിക്കണം. ചിലപ്പോൾ അധികാരികളുടെ ചില നിർദ്ദേശങ്ങളും തീരുമാനങ്ങളും പ്രശംസനീയങ്ങളല്ലായിരിക്കാം. പക്ഷെ പൊതു വേദിയിൽ പ്രസംഗിക്കുമ്പോഴും ജനങ്ങളുടെ മുൻപിൽ സംസാരിക്കുമ്പോഴും അവയ്ക്കെതിരായി അഭിപ്രായം പറയുന്നത് പ്രയോജനത്തെക്കാളേറെ പിറുപിറുപ്പിനും ഇടർച്ചയ്ക്കും കരണമാവുകയേ ഉള്ളു." (ആധ്യാത്മിക സാധന, നമ്പർ 362). സഭാധികാരികളുടെ തീരുമാനങ്ങളെ എപ്രകാരമാണ് അംഗീകരിക്കേണ്ടത് എന്നും ഇഗ്നേഷ്യസ് വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. ''എല്ലാ കാര്യങ്ങളിലും ശരിയായിരിക്കാൻ നാം പ്രവൃത്തിക്കേണ്ടത് ഇപ്രകാരമാണ് നമ്മുടെ കണ്ണുകൾ വെളുപ്പായി കാണുന്നതിനെ സഭാധികാരികൾ കറുപ്പായി തീരുമാനിച്ചാൽ പോലും ആ തീരുമാനത്തെ മുറുകെ പിടിക്കണം. കാരണം നമ്മുടെ അമ്മയായ തിരുസഭയെ നയിക്കുന്നത് പരിശുദ്ധാത്മാവും നമുക്ക് പത്തു കല്പനകൾ നൽകിയ നമ്മുടെ കർത്താവും തന്നെയാണ്'' (ആധ്യാത്മിക സാധന, നമ്പർ 365). ഈശോസഭയുടെ പോർച്ചുഗീസ് പ്രൊവിൻഷ്യാളായിരുന്ന സീമയോ റൊഡ്രിഗ്വസ് എന്ന വൈദീകനേയും അദ്ദേഹത്തിന്റെ പിൻഗാമിയെയും അനുസരിക്കാൻ വൈമനസ്യം കാണിച്ച അവിടെയുള്ള ഈശോസഭക്കാർക്ക് ഇഗ്നേഷ്യസ് ഇപ്രകാരം എഴുതി: "നിങ്ങളുടെ അധികാരികളുടെ ആജ്ഞകൾ പൂർണമായി അനുസരിക്കുക മാത്രമല്ല നിങ്ങൾ ചെയ്യേണ്ടത്, അതിലുപരി അവരുടെ ഇച്ഛകളും ആഗ്രഹങ്ങളും നിങ്ങളുടെ തന്നെ ഇച്ഛകളും ആഗ്രഹങ്ങളും ആയി പരിവർത്തനപ്പെടുത്തുകയാണ് വേണ്ടത് അനുസരണത്തെപ്പറ്റിയുള്ള ഇഗ്നേഷ്യസിന്റെ കത്ത് - 1553, നമ്പർ 5). സഭാധികാരികളോട് പൂർണമായ വിധേയത്വവും അനുസരണവും പ്രഖ്യാപിക്കാൻ ആഗ്രഹിച്ച ഇഗ്നേഷ്യസ് മാർപ്പാപ്പയോടുള്ള പ്രത്യേക അനുസരണം എന്ന നാലാമത് ഒരു വ്രതം കൂടി തന്റെ സന്യാസ സഭയിലെ അംഗങ്ങൾക്കായി കൂട്ടിച്ചേർത്തു.

"കത്തോലിക്കാ സഭയുടെ മിലിട്ടറി ഓർഡർ", "മാർപ്പാപ്പയുടെ പട്ടാളക്കാർ" എന്നൊക്കെ പരക്കെ അറിയപ്പെടുന്ന ഈശോസഭ എന്ന സന്യാസ സഭയുടെ ആത്മീയ പുത്രന്മാരിൽ ഒരാളായ ഫ്രാൻസിസ് മാർപ്പാപ്പ സഭാ ശുശ്രൂഷകർ പാലിക്കേണ്ട അനുസരണത്തിന് നൽകുന്ന പ്രാധാന്യം ഏറെ വലുതാണ്. ആഫ്രിക്കയിലെ അഹിയാറ എന്ന രൂപതയിലെ മെത്രാനെ അംഗീകരിക്കാൻ അവിടുത്തെ വൈദീകർ വിസമ്മതിച്ചപ്പോൾ, മാർഷഷയോടും അവിടുത്തെ മെത്രാനോടും പൂർണ അനുസരണം പ്രഖ്യാപിക്കാൻ 2017 - ൽ ഫ്രാൻസിസ് മാർപാപ്പ അവിടുത്തെ വൈദികരോട് ആവശ്യപ്പെട്ടതും ഇഗ്നേഷ്യൻ അനുസരണത്തിന്റെ ഈ ദർശനങ്ങളിൽ നിന്നുകൊണ്ടായിരിക്കാം. ഇപ്പോൾ എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന അർപ്പണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിൽ പൊന്തിഫിക്കൽ ഡെലിഗേറ്റായി അയക്കപ്പെട്ടിരിക്കുന്ന മാർ സിറിൽ വാസിൽ പിതാവിലൂടെ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ നൽകിയിരിക്കുന്ന കല്പനകളെ വിട്ടുവീഴ്ചയുടെ മനോഭാവത്തോടെ സ്വീകരിക്കാനുള്ള മനസിന്റെ തുമ്പ് എല്ലാവർക്കും ഉണ്ടാകട്ടെ.

ലേഖകൻ ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകനാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26