രജനിയുടെ പിന്തുണ ആര്‍ക്ക്?... സ്റ്റൈല്‍ മന്നനും ഉലക നായകനും ഒന്നിക്കുമോ?...

രജനിയുടെ പിന്തുണ ആര്‍ക്ക്?... സ്റ്റൈല്‍ മന്നനും ഉലക നായകനും ഒന്നിക്കുമോ?...

ചെന്നൈ: രാഷ്ട്രീയ പ്രവേശനം വേണ്ടന്നു വച്ചങ്കിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പിന്തുണ ആര്‍ക്കായിരിക്കുമെന്ന ചര്‍ച്ചകള്‍ തമിഴകത്ത് സജീവം.

വരും ദിവസങ്ങളില്‍ നിര്‍ണായക രാഷ്ട്രീയ പ്രസ്താവനകള്‍ താരം നടത്തുമെന്നും ഇത് എന്‍ഡിഎക്ക് ഗുണം ചെയ്യുന്നതാകുമെന്നും ആര്‍എസ്എസ് നേതാവ് ഗുരുമൂര്‍ത്തി വ്യക്തമാക്കി. രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഭൂരിപക്ഷം ജില്ലകളിലും വേരോട്ടമുള്ള മക്കള്‍ മന്‍ട്രത്തിലൂടെ രാഷ്ട്രീയ സന്ദേശം ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കാന്‍ രജനിക്ക് ആകും. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചില്ലെങ്കിലും ഏതെങ്കിലും പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ രജനി പിന്തുണ പ്രഖ്യാപിക്കാനുളള സാദ്ധ്യത കൂടുതലാണ്.

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനം മനസിലാക്കി ഭാവിയില്‍ രജനി തങ്ങളെ പിന്തുണയ്ക്കുമെന്നാണ് എഐഎഡിഎംകെയുടെ പ്രതികരണം. എഐഎഡിഎംകെയുമായി സഖ്യത്തില്‍ മത്സരിക്കുന്ന ബിജെപിക്ക് രജനിയുടെ പിന്തുണ ലഭിക്കാനുളള സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എഐഎഡിഎംകെ സര്‍ക്കാരിന്റെ ഭരണത്തെ എതിര്‍ത്താണ് രജനി രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്.

നേരിട്ടല്ലെങ്കിലും ഡിഎംകെ ഭരണത്തെയും എതിര്‍ത്തിരുന്നതിനാല്‍ അവര്‍ക്കും പിന്തുണ നല്‍കാന്‍ സാധ്യത കുറവാണ്. ഇതോടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കമലഹാസനെ പിന്തുണയ്ക്കാനുളള സാധ്യത ഏറുകയാണ്. രജനി പാര്‍ട്ടി ആരംഭിച്ചാല്‍ സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് കമല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ചെന്നൈയിലേക്ക് മടങ്ങിയെത്തുന്ന കമല്‍ ഉടന്‍ രജനികാന്തിനെ കണ്ടേക്കുമെന്നും അഭ്യൂഹമുണ്ട്. രജനിയുമായുളള കൂടിക്കാഴ്ചയില്‍ കമല്‍ പിന്തുണ തേടുമെന്നാണ് കരുതപ്പെടുന്നത്. രജനീകാന്ത് രാഷ്ട്രീയപ്രവേശം വേണ്ടെന്നുെവച്ചാല്‍ പിന്തുണ തേടുമോയെന്ന് മുമ്പ് ചോദിച്ചപ്പോള്‍ തമിഴ്നാട്ടിലെ നല്ലവരായ എല്ലാവരുടെയും പിന്തുണ തേടുന്ന താന്‍ എന്തുകൊണ്ട് ഉറ്റ സുഹൃത്തിനെ മാത്രം ഒഴിവാക്കണമെന്നായിരുന്നു കമലിന്റെ മറുപടി.

രജനികാന്ത് പാര്‍ട്ടിയുണ്ടാക്കിയാല്‍ സഖ്യം അല്ലെങ്കില്‍ പിന്തുണ എന്ന നിലപാടായിരുന്നു കമലഹാസന്‍ സ്വീകരിച്ചിരുന്നത്. കമലിന്റെ രാഷ്ട്രീയ പ്രവേശത്തെ മുമ്പ് സ്വാഗതം ചെയ്ത രജനികാന്ത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന്റെ പ്രകടനത്തെ പുകഴ്ത്തുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.