സിഡ്നി: വനിതാ ഫുട്ബോള്‍ ലോക കിരീടത്തില്‍ മുത്തമിട്ട് സ്പെയിന്‍. ഫൈനലില്‍ ഇംഗ്ലണ്ടിനെ മറുപടിയില്ലാത്ത ഒറ്റ ഗോളിനു വീഴ്ത്തിയാണ് സ്പാനിഷ് സംഘം കിരീടമുയര്‍ത്തിയത്. സിഡ്നിയിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 29-ാം മിനിറ്റില്‍ ഓള്‍ഗ കാര്‍മോണയാണ് സ്പെയിനിന്റെ വിജയ ഗോള്‍ വലയിലാക്കിയത്. പിന്നീട് ഇരു പക്ഷത്തും ഗോള്‍ പിറന്നില്ല.
കളിയുടെ എല്ലാ വശത്തും നേരിയ മുന്‍തൂക്കം സ്പെയിനിനു തന്നെയായിരുന്നു. പന്തടക്കത്തിലും പാസിങ്ങിലും അവസരങ്ങളൊരുക്കുന്നതിലും അവര്‍ തന്നെ മുന്നില്‍ നിന്നു. ഇംഗ്ലണ്ടിന്റെ ഗോള്‍ ശ്രമങ്ങളെല്ലാം ഫലപ്രദമായി പ്രതിരോധിക്കാന്‍ അവര്‍ക്കു സാധിച്ചു.
സ്വന്തം പ്രതിരോധനിരയില്‍ നിന്നു ലഭിച്ച പന്തുമായി മുന്നേറിയ ഓള്‍ഗ പിഴവില്ലാതെ സ്‌കോര്‍ ചെയ്യുകയായിരുന്നു. ഇതോടെ ലോകകപ്പ് ഫൈനലില്‍ സ്‌കോര്‍ ചെയ്യുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരമാകാനും ഓള്‍ഗയ്ക്കായി. ലീഡ് നേടിയതോടെ ആത്മവിശ്വാസമാര്‍ജ്ജിച്ച സ്പെയിന്‍ പിന്നീട് കളിയുടെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്തു.
സ്പെയിനിന്റെ വനിതാ വിഭാഗത്തിലെ കന്നി കിരീടമാണിത്. ഇംഗ്ലണ്ടും ആദ്യ കിരീടം സ്വപ്നം കണ്ടാണ് ഇറങ്ങിയത്. 1966ല്‍ പുരുഷ ടീം കിരീടം നേടിയ ശേഷം 57 വര്‍ഷമായി ലോക കിരീടം കിട്ടാക്കനിയായി നില്‍ക്കുകയാണ് ഇംഗ്ലണ്ടിന്. ഇത്തവണ അതിനു മാറ്റം വരുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും വനിതകള്‍ അവസാന ഘട്ടത്തില്‍ പൊരുതി വീണു. ഇതോടെ പുരുഷ-വനിതാ ലോകകപ്പ് കിരീടങ്ങള്‍ നേടുന്ന രണ്ടാമത്തെ രാജ്യമായും സ്‌പെയിന്‍ മാറി.
ഏറെ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു ഇത്തവണത്തെ വനിതാ ലോകപ്പിന് ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് സംയുക്ത വേദികള്‍ സാക്ഷിയായത്. ലോകമെങ്ങും വനിതാ ലോകകപ്പിന് കാണികള്‍ വര്‍ധിച്ചത് ഇത്തവണത്തെ മത്സരങ്ങള്‍ക്കാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.